തിരുവനന്തപുരം: കേന്ദ്ര തൊഴില്‍ നയങ്ങള്‍ക്കെതിരെ തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച 48 മണിക്കൂര്‍ ദേശീയ പണിമുടക്കില്‍ കേരളം അക്ഷരാര്‍ത്ഥത്തില്‍ തന്നെ നിശ്ചലമായി. വ്യാപാര, ഗതാഗത മേഖല സ്തംഭിച്ചു. ബി.എം.എസ് ഒഴികെ ഇരുപതോളം തൊഴിലാളി സംഘടനകളാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്. എന്നാല്‍ കേരളത്തിന് പുറത്ത് പല സംസ്ഥാനങ്ങളിലും പണിമുടക്ക് ഭാഗികമാണ്.
പൊതുമേഖല ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണത്തിനെതിരെ ബാങ്കിങ് സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. നഗര-ഗ്രാമ വ്യത്യാസമില്ലാതെ അടഞ്ഞുകിടക്കുകയാണ് കേരളം. കാസര്‍കോട്ടടക്കം തുറന്ന കടകള്‍ സമരാനുകൂലികള്‍ അടപ്പിക്കുകയും നിരത്തിലിറങ്ങിയ വാഹനങ്ങള്‍ തടഞ്ഞിടുകയും ചെയ്തു. എന്നാല്‍ മുംബൈ, ദില്ലി, ബംഗളൂരു ഉള്‍പ്പെടെ രാജ്യത്തെ വന്‍ നഗരങ്ങളില്‍ ജനജീവിതം തടസ്സപ്പെട്ടില്ല.
സ്വകാര്യ ബസുകളും കെ.എസ്.ആര്.ടി.സിയും സര്‍വീസ് നടത്താത്തതിനാല്‍ യാത്രക്കാര്‍ വലഞ്ഞു. നിരത്തിലിറങ്ങിയ സ്വകാര്യ വാഹനങ്ങളെ സംസ്ഥാനത്തിന്റെ പല ഭാഗത്തും സമരാനുകൂലികള്‍ തടഞ്ഞുവെച്ച് തിരിച്ചയച്ചു. കാസര്‍കോട് ദേശീയ പാതയില്‍ സമരക്കാര്‍ വാഹനങ്ങള്‍ തടഞ്ഞു. പൊലീസെത്തി രംഗം ശാന്തമാക്കി. നഗരത്തില്‍ പണിമുടക്ക് അനുകൂലികളുടെ പ്രകടനം നടന്നു.
കഞ്ചിക്കോട് കിന്‍ഫ്രയില്‍ സി.ഐ.ടി.യു പ്രര്‍ത്തകര്‍ തടഞ്ഞതുകൊണ്ട് ജോലിക്ക് കയറാന്‍ തൊഴിലാളികള്‍ക്ക് കഴിഞ്ഞില്ല. കാഞ്ഞങ്ങാട്ട് സമര അനുകൂലികള്‍ പതിമൂന്നോളം ട്രക്കുകള്‍ തടഞ്ഞിട്ടു. എന്നാല്‍ സംസ്ഥാനത്ത് മത്സ്യ മേഖലയെ ഇന്നത്തെ പണിമുടക്ക് ബാധിച്ചിട്ടില്ല.