ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ നടന് ബിനീഷ് കോടിയേരിയുടെ ജുഡീഷ്യല്‍ കസ്റ്റഡി 14 ദിവസം കൂടി നീട്ടി. ബെംഗളൂരു സെഷന്‍സ് കോടതിയാണ് കാലാവധി നീട്ടി ഉത്തരവ് പുറപ്പെടുവിച്ചത്. കോവിഡ് സാഹചര്യത്തില്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് കോടതി വാദം കേട്ടത്.
കേസില്‍ ഇ.ഡി. സമര്‍പ്പിച്ച കുറ്റപത്രം കോടതി ഫയലില്‍ സ്വീകരിച്ചു. സ്വാഭാവിക ജാമ്യം നേടുന്നതിനുള്ള നടപടികള്‍ക്കു തൊട്ടുമുമ്പാണ് ഇ.ഡി. കേസില്‍ ബിനീഷിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. 2020 ഒക്ടോബര്‍ 29നാണ് എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 7 വര്‍ഷത്തിനിടെ ബിനീഷ് വിവിധ ബാങ്ക് അക്കൗണ്ടുകളിലൂടെ 5.17 കോടി രൂപയുടെ ഇടപാട് നടത്തിയിട്ടുണ്ടെന്നും, ഇതില്‍ 1.22 കോടി രൂപയ്ക്ക് മാത്രമാണ് ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചതെന്നുമാണ് ഇ.ഡിയുടെ കണ്ടെത്തല്‍. ബാക്കി തുക മയക്കുമരുന്ന് ഇടപാടിലൂടെ സമ്പാദിച്ചതാണെന്നാണ് ഇഡി കോടതിയില്‍ വാദിച്ചത്.