കണ്ണൂര്‍: കോവിഡ് സാഹചര്യത്തില്‍ നാലാക്കി മുറിച്ച 25-ാമത് രാജ്യന്തര ചലചിത്ര മേളയുടെ തലശ്ശേരി പതിപ്പിന് ചൊവ്വാഴ്ച തിരിതെളിയും. ലിബര്‍ട്ടി ലിറ്റില്‍ പാരഡൈസില്‍ വൈകിട്ട് ആറിന് നടക്കുന്ന ചടങ്ങ് മന്ത്രി എ കെ ബാലന് ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് ചലച്ചിത്ര അക്കാദമി ചെയര്മാന് കമല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചടങ്ങില്‍ ടി പത്മനാഭന്, മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി, അഡ്വ. എ എന്‍ ഷംസീര്‍ എംഎല്‍എ, നഗരസഭാ ചെയര്‍പേഴ്സണ്‍ കെ എം ജമുനാറാണി, ചലച്ചിത്ര അക്കാദമി ചെയര്മാന് കമല്‍, വൈസ് ചെയര്‍പേഴ്സണ്‍ ബീനാ പോള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ജാസ്മില സബാനിക്കിന്റെ ബോസ്നിയന്‍ ചിത്രം ‘ക്വോ വാഡിസ് ഐഡ’യാണ് ഉദ്ഘാടന ചിത്രം. 46 രാജ്യങ്ങളില്‍ നിന്നുള്ള 80 സിനിമകളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുക. മത്സര വിഭാഗത്തില്‍ ചുരുളി, ഹാസ്യം എന്നീ രണ്ടു മലയാള ചിത്രങ്ങള്‍ ഉള്‍പ്പെടെ 14 ചിത്രങ്ങളുണ്ട്. സമകാലിക ലോകസിനിമാ വിഭാഗത്തില്‍ 22 സിനിമ പ്രദര്‍ശിപ്പിക്കും. ‘മലയാള സിനിമ ഇന്ന്’ വിഭാഗത്തില്‍ 12 സിനിമകളും ഇന്ത്യന്‍ സിനിമാ വിഭാഗത്തില്‍ ഏഴ് സിനിമകളും. അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ തെരഞ്ഞെടുക്കപ്പെട്ട സിനിമകളുടെ പ്രത്യേക പാക്കേജ് ആയ കലൈഡോസ്കോപ്പ് വിഭാഗത്തില്‍ അഞ്ച് സിനിമകളുണ്ട്. വിഖ്യാത ഫ്രഞ്ച് സംവിധായകന് ഗൊദാര്‍ദിന്റെ ആറ് സിനിമകളും മേളയിലുണ്ട്.
1500 പേര്‍ക്കാണ് ഡെലിഗേറ്റ് പാസ് വിതരണം ചെയ്യുക. തെര്‍മല്‍ സ്കാനിങ് നടത്തിയ ശേഷമാണ് തിയേറ്ററുകളിലേക്ക് പ്രവേശനം. സാമൂഹ്യ അകലം പാലിച്ചേ തിയേറ്ററുകളില്‍ സീറ്റ് നല്‍കൂ. മുന്‍കൂട്ടി സീറ്റുകള്‍ റിസര്‍വ് ചെയ്യുന്നവര്‍ക്കേ തിയേറ്ററുകളിലേക്ക് പ്രവേശനമുള്ളൂ. സീറ്റ് നമ്പര്‍ അടക്കം ഈ റിസര്‍വേഷനില്‍ ലഭിക്കും. registration.iffk.in എന്ന വെബ്സൈറ്റ് വഴിയും IFFK എന്ന ആപ് വഴിയും സീറ്റ് റിസര്‍വേഷന്‍ നടത്താം. ചിത്രങ്ങളുടെ പ്രദര്‍ശനത്തിനും ഒരുദിവസം മുമ്പ് റിസര്‍വേഷന്‍ അനുവദിക്കും. രാവിലെ എട്ടുമുതല്‍ പ്രദര്‍ശനത്തിന് ഒരു മണിക്കൂര്‍ മുമ്പുവരെ സീറ്റ് റിസര്‍വ് ചെയ്യാം.
അടുത്ത കാലത്ത് അന്തരിച്ച ചലച്ചിത്ര പ്രതിഭകളായ ഫെര്‍ണാണ്ടോ സൊളാനസ്, കിം കി ഡുക്, ഇര്ഫാന് ഖാന്, ഋഷി കപൂര്‍, രാമചന്ദ്രബാബു, സൗമിത്ര ചാറ്റര്‍ജി, ഭാനു അതയ്യ, സച്ചി, ഷാനവാസ് നരണിപ്പുഴ, അനില്‍ നെടുമങ്ങാട്, ഉണ്ണികൃഷ്ണന് നമ്പൂതിരി എന്നിവര്‍ക്ക് സ്മരണാഞ്ജലിയര്പ്പിച്ചുള്ള ഹോമേജ് വിഭാഗത്തില്‍ ഒമ്പത് സിനിമകള്‍ പ്രദര്‍ശിപ്പിക്കും. തലശേരി ലിബര്‍ട്ടി കോംപ്ലക്സിലെ അഞ്ച് തിയേറ്ററുകളിലും ലിബര്‍ട്ടി മൂവി ഹൗസിലുമാണ് മേള. ലിബര്‍ട്ടി കോംപ്ലക്സിലാണ് പ്രദര്‍ശനവും ഓപ്പണ്‍ ഫോറവും. പ്രതിനിധികള്‍ക്കുള്ള കോവിഡ് ആന്റിജന്‍ ടെസ്റ്റ് ഞായറാഴ്ച ആരംഭിച്ചു. ചൊവ്വാഴ്ചവരെ പരിശോധന തുടരും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം, കൊച്ചി, തലശ്ശേരി, പാലക്കാട് എന്നിവിടങ്ങളിലായാണ് നടക്കുന്നത്. തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളില്‍ മേള സമാപിച്ചു. പാലക്കാട് മാര്‍ച്ച് ഒന്ന് മുതല്‍ അഞ്ച് വരെയാണ് മേള.