കാസര്‍കോടിന് പുളകം ചാര്‍ത്തിയ നിരവധി മഹാജന്മങ്ങള്‍ തളങ്കര മണ്ണില്‍ ഉണ്ടായിട്ടുണ്ട്. അക്കൂട്ടത്തില്‍ സൂര്യ ശോഭപോലെ ജ്വലിച്ചു നില്ക്കുന്ന ഒരു നാമമാണ് ടി. ഉബൈദ്.
മാപ്പിളപ്പാട്ടിന് മേല്‍വിലാസമുണ്ടാക്കിയ പ്രമുഖനായ കവിയും അധ്യാപകനും വിവര്‍ത്തകനും സാമൂഹ്യ പരിഷ്കര്‍ത്താവും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായിരുന്നു അദ്ദേഹം. അബ്ദുല്‍ റഹ്മാന് എന്നാണ് യഥാര്‍ത്ഥ പേര്. എളിയ ദാസന് എന്ന് അര്‍ത്ഥമുള്ള ഉബൈദ് എന്ന പേര് സ്വയം സ്വീകരിക്കുകയായിരുന്നു. എളിമയും വിനയവും ഉബൈദിന്റെ നല്ല ശീലങ്ങളായിരുന്നു. മാപ്പിളപ്പാട്ടുകളുടെ മണിനാദം കേട്ടുകൊണ്ടാണ് ഉബൈദ് വളര്‍ന്നത്. ഉമ്മയുടെ മടിത്തട്ടില്‍ നിന്നാണ് പാട്ടുകളുടെ മധുര ശീലുകള്‍ കേട്ടുതുടങ്ങിയത്. പിതാവ് എം. ആലിക്കുഞ്ഞി ഹാജി മതഭക്തനും പണ്ഡിതനും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായിരുന്നു. മാതാവ് സൈനബി മഹിളാ സദസുകളിലെ പ്രിയങ്കരിയായ ഗായികയും.
കന്നടയിലാണ് ഉബൈദ് ആദ്യം പാട്ടെഴുതിയത്. അന്ന് കര്‍ണാടകയില്‍ ഉള്‍പ്പെട്ടിരുന്ന കാസര്‍കോട് താലൂക്കില്‍ മലയാളം സ്കൂള്‍ ഇല്ലാത്തതിനാല്‍ കന്നട ഭാഷയിലാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയത്. ആദ്യം എഴുതിയ കന്നട കവിതകള്‍ ഉബൈദ് ഗുരുനാഥന്മാരെ കാണിച്ചു. പിന്നീട് അറബി ബൈത്ത് രീതിയില്‍ കുറേ കീര്‍ത്തനങ്ങള്‍ എഴുതി. തളങ്കരയിലും തെരുവത്തും തായലങ്ങാടിയിലുമൊക്കെ അക്കാലത്ത് കല്യാണ പാട്ടുകള്‍ പഠിക്കുന്ന മക്കാനികള് ഉണ്ടായിരുന്നു. അവയോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചു. തുരുത്തിയില്‍ അധ്യാപകനായിരുന്ന, പയ്യല് അലി എന്ന പേരില്‍ കവിത എഴുതിയിരുന്ന തെക്കേ മലബാറുകാരനില് നിന്നാണ് കവിതയുടെ ബാല പാഠങ്ങള്‍ പഠിച്ചത്. ഒപ്പം പിതാവിന്റെ കീഴില്‍ മലയാളം അക്ഷരമാല പഠിച്ചു. പിതാവിന്റെ തുണിക്കടയില്‍ ചെന്ന് വസ്ത്രങ്ങളുടെ പേരുകള്‍-കാച്ചി, തട്ടം, ലുങ്കി, പര്ക്കാളി, കഞ്ചിപ്രാക്ക്- എന്നിങ്ങനെയുള്ള പദങ്ങള്‍ നോക്കിപ്പഠിക്കുകയും സ്ലേറ്റില്‍ എഴുതി പരിശീലിക്കുകയും ചെയ്തു. 1924ല്‍ തളങ്കര പള്ളിക്കാല്‍ മുഇസ്സുല്‍ ഇസ്ലാം സ്കൂളില്‍ അധ്യാപകനായി വന്ന പുളിക്കല്‍ സ്വദേശിയും നല്ലൊരു പണ്ഡിതനുമായ പി.പി. കുഞ്ഞോയി മൗലവിയില്‍ നിന്ന് വ്യാകരണ വിജ്ഞാനങ്ങള്‍ സ്വായത്തമാക്കി.
ഉബൈദ് ആദ്യമായി ഒരു പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ 15 വയസ് തികഞ്ഞിരുന്നില്ല. പണ്ഡിതനായിരുന്ന ഖാസി അബ്ദുല്ല ഹാജിയുടെ നിര്യാണത്തെ തുടര്‍ന്ന് രചിച്ച കീര്ത്തനപരമായ ഒരു പാട്ട് അദ്ദേഹം എഴുതി. അത് ഖാസിയാര് പള്ളിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ നിറഞ്ഞ സദസിന് മുമ്പാകെ ഉബൈദ് പാടി. പുത്രന്റെ പ്രതിഭ കണ്ട് ഹൃദയം നിറഞ്ഞ ആലിക്കുഞ്ഞി ഹാജി സമ്മാനിച്ച ഷാള്‍ അണിഞ്ഞാണ് ഉബൈദ് അരങ്ങേറ്റത്തിന് എത്തിയത്.
1926ല്‍ അല്‍ അമീനില്‍ ആദ്യത്തെ ലേഖനം എഴുതി. പിന്നീട് ‘ഓടിച്ചെന്ന ശുകവും ചാടിവന്ന ബകവും’ എന്ന രണ്ടാമത്തെ ലേഖനം അച്ചടിച്ചുവന്നു. യുവ ലോകം എന്ന വാരികയിലാണ് ഉബൈദിന്റെ ആദ്യത്തെ മലയാളം കവിത മഷി പുരണ്ടത്. സാമൂഹ്യ, സാസ്കാരിക രംഗങ്ങളില്‍ സമൂലമായ പരിവര്‍ത്തനത്തിന് വെളിച്ചം വീശുന്ന ‘രണ്ടുല്‍ബോധനങ്ങള്‍’ എന്ന ലേഖനം ശെറൂല്‍ സാഹിബുമൊത്ത് 1931ല്‍ എഴുതി. 1933ല്‍ ചൊറിപ്പാട്ടുമെഴുതി. ബാഷ്പധാര ഏറെ ശ്രദ്ധിക്കപ്പെട്ട വിലാപ കാവ്യമായിരുന്നു. ദീനീ ഗാനം, പോര്‍വിളി, അഗതി വിലാപം, രണഭേരി(ഖണ്ഡകൃതികള്‍), തിരുമുല്ക്കാഴ്ച (ഗദ്യം), മണ്ണിലേക്കുമടങ്ങി (കേന്ദ്ര സാഹിത്യ അക്കാദമിക്ക് വേണ്ടി തയ്യാറാക്കിയ കാറന്തിന്റെ വിശ്രുത നോവലിന്റെ പരിഭാഷ), വള്ളത്തോള്‍ കവിതെഗളു (വള്ളത്തോളിന്റെ 17 കവിതകളുടെ കര്‍ണാടക വിവര്‍ത്തനം), വീണ പൂവ് (കര്‍ണാടക വിവര്‍ത്തനം), മുസ്ലിംമെനമൊഗൈളു (ഇഖ്ബാല്‍ കവിതയുടെ വിവര്‍ത്തനം), ഹസ്രത്ത് മാലിക് ദീനാര്‍, ഖാസിം മര്‍ഹും അബ്ദുല്ല ഹാജി എന്നീ കൃതികള്‍ക്ക് പുറമെ ഏതാനും കര്‍ണാടക കൃതികളുടെ പരിഭാഷകളും മാപ്പിളപ്പാട്ടുകളുടെ വലിയ സമാഹാരവും ഉബൈദിന്റേതായിട്ടുണ്ട്. ഖുര്‍ആന്‍ പാരായണത്തിലും തജ്വീദിലും വലിയ അവഗാഹം ഉണ്ടായിരുന്നു.
മഹാകവി വള്ളത്തോളിന്റെ അനുഗ്രഹം കിട്ടിയിട്ടുണ്ട്. രാഷ്ട്രകവി ഗോവിന്ദപൈ, പുണ്ടൂര്‍ ലക്ഷ്മീ നാരായണ പുണിഞ്ചിത്തായ, കെ.കെ. റൈ, കാര്യഹള്ളി രാമകൃഷ്ണ, കെ.എസ്. ശര്‍മ്മ തുടങ്ങിയവരുമായി കാവ്യബന്ധം പുലര്‍ത്തി.
മലപ്പുറത്ത് അധ്യാപക പരിശീലനത്തിന് വേണ്ടി ജീവിച്ച രണ്ട് വര്‍ഷം തന്നിലെ എഴുത്തുകാരനെ കൂടുതല്‍ ശോഭയുള്ളതാക്കാന്‍ അദ്ദേഹം ഉപയോഗിച്ചു. മാപ്പിളപ്പാട്ടുകളെപ്പറ്റി ആദ്യമായി പ്രസംഗിച്ചതും മലപ്പുറത്താണ്. മാപ്പിളപ്പാട്ടില്‍ സാഹിത്യമുണ്ടോയെന്ന ചര്‍ച്ച വന്നപ്പോള്‍ മാപ്പിള സാഹിത്യത്തിന്റെ രത്ന ഖനി തുറന്നുകൊണ്ടുള്ള ആ പ്രസംഗം എല്ലാവരെയും ഒരുപോലെ അത്ഭുതപ്പെടുത്തി. വക്കം അബ്ദുല്‍ ഖാദര്‍ സാഹിബിന്റെ സഹ പത്രാധിപത്യത്തില്‍ നടന്നുവന്നിരുന്ന മാപ്പിള റിവ്യൂവിലും ഉബൈദ് തുടര്‍ച്ചയായി എഴുതുമായിരുന്നു.
പരിഷത്തിലെ കാക്ക
ഉബൈദിനെ ഏറെ ശ്രദ്ധേയനാക്കിയ സംഭവം 1947ല്‍ കോഴിക്കോട്ടു നടന്ന പരിഷത്തില്‍ നടത്തിയ ഒരു പ്രസംഗമാണ്. പരിഷത്തില്‍ കെസ്സുപാടാനാണ് ഉബൈദിനെ ക്ഷണിച്ചത്. ശൃംഗാര പ്രധാനങ്ങളായ കെസ്സുപാട്ടുകള്‍ പാടിക്കേട്ടത് കൊണ്ട് മാപ്പിള സാഹിത്യത്തെപ്പറ്റിയുള്ള അജ്ഞത നീങ്ങുകയില്ലെന്നുമാത്രമല്ല തെറ്റിദ്ധാരണകള്‍ വളരുകയേ ഉള്ളൂവെന്ന് ഉബൈദ് എഴുതി. അന്ന് സാഹിത്യത്തില്‍ വെറും ഒരു ഫിഗര്‍ പോലുമല്ലാതിരുന്ന ഒരാളുടെ പ്രസംഗം നന്നാകുമോ എന്ന സ്വാഭാവികമായ സംശയം സംഘാടകര്‍ക്ക് ഇല്ലാതിരുന്നില്ല. എന്നാല്‍ ഉബൈദ് കസറി. ‘കോകിലങ്ങളും പൈങ്കിളികളും നിറഞ്ഞ ഈ പൂന്തോപ്പില്‍ എന്നു നിന്നോ ഒരു കാക്ക വന്നുകയറിയിരിക്കുകയാണ്. മാപ്പിളയെ കാക്ക എന്നും പറയാറുണ്ടല്ലോ…’ ഇത്രയും പറഞ്ഞു തീരുന്നതിന് മുമ്പേ കൈയ്യടി തുടങ്ങി. ഒന്നര മണിക്കൂര്‍ നീണ്ടുനിന്ന ആ പ്രഭാഷണം എല്ലാവരെയും കോരിത്തരിപ്പിച്ചു. ഉബൈദ് പാടിയപ്പോള്‍ മുന്‍നിര മുഴുവന്‍ താളം പിടിക്കുകയായിരുന്നു. മലപ്പുറം കാവ്യത്തില്‍ മൊയ്തീന്‍കുട്ടി എന്ന പോരാളി മാതാവിനോട് വിടവാങ്ങി യുദ്ധരംഗത്തേക്ക് പോകുന്ന രംഗം പാടി വിശദീകരിച്ചപ്പോള്‍ ഹാളിന്റെ ഒരു വശത്ത് ഒതുങ്ങിയിരുന്ന സ്ത്രീകളില്‍ പലരും കൈലേസു കൊണ്ട് കണ്ണീരൊപ്പുകയായിരുന്നു. 1948ലെ കണ്ണൂര്‍ പരിഷത്തിലും അടുത്ത വര്‍ഷത്തെ നീലേശ്വരം പരിഷത്തിലും ഉബൈദ് ഓരോപടി കൂടി ഉയര്‍ന്നു നിന്നു.
ആകാശവാണിയില്‍ നിരന്തരം മാപ്പിളപ്പാട്ടുകളെ പറ്റിയുള്ള പ്രഭാഷണങ്ങളും സ്വന്തം കവിതകളും ഇസ്ലാമിക ചരിത്ര സംബന്ധികളായ കഥാപ്രസംഗങ്ങളും പ്രക്ഷേപണം ചെയ്തിരുന്നു.
സംസ്ഥാന അവാര്‍ഡ് നേടിയ അധ്യാപകന്
എട്ടാംതരം പാസായി 1925ലാണ് ടി. ഉബൈദ് അധ്യാപന ജീവിതത്തില്‍ പ്രവേശിക്കുന്നത്. കുമ്പള ഗവ. ഫിഷറീസ് സ്കൂളില്‍ അധ്യാപകനായി. 1927 ഏപ്രില്‍ 17ന് കാസര്‍കോട് പള്ളം തന്‍വീറുല്‍ ഇസ്ലാം സ്കൂളില്‍ അധ്യാപകനായി. 1928 ജുലായ് ഒന്നിന് കുമ്പള മുനീറുല്‍ ഇസ്ലാം സ്കൂളില്‍ ഹെഡ്മാസ്റ്ററായി ചേര്‍ന്നു. 1931ല്‍ മുഇസ്സുല്‍ ഇസ്ലാം സംഘത്തിന്റെ സെക്രട്ടറി സ്ഥാനം ഏറ്റെടുത്തു. 1933 മെയ് 1ന് അവിടെ അധ്യാപകനായി. 1938ല്‍ ഹയര്‍ ട്രെയിനിംഗിന് മലപ്പുറത്ത് പോയി. 1940 ഏപ്രില്‍ 1 മുതല്‍ മുഇസ്സുല്‍ ഇസ്ലാമില്‍ വീണ്ടും അധ്യാപകനായി. രണ്ടാം ലോക മഹായുദ്ധ കാലത്ത് നാഷണല്‍ വാര് ഫ്രണ്ടില്‍ നാല് വര്‍ഷം പ്രവര്‍ത്തിച്ചു. 1964ല്‍ സംസ്ഥാന അധ്യാപക അവാര്‍ഡ് നേടി.
സാഹിത്യ പരിഷത്തിന്റെ നിര്‍വ്വാഹക സമിതിയില്‍ ഉബൈദ് നിരവധി കാലം അംഗമായിരുന്നു. 1962 മുതല്‍ ആറ് വര്‍ഷവും 1971 മുതല്‍ മരിക്കുന്നത് വരെയും സാഹിത്യ അക്കാദമിയിലും പ്രവര്‍ത്തിച്ചു. 1968 മുതല്‍ സംഗീത നാടക അക്കാദമിലും അംഗമായി. കേരള കലാമണ്ഡലം മലയാളം എന്‍സൈക്ലോപീഡിയ ഉപദേശക സമിതി അംഗമായും കോഴിക്കോട് യൂണിവേഴ്സിറ്റി ഫൈന്‍ ആര്‍ട്സ് ഫാക്കല്‍റ്റി അംഗമായും പ്രവര്‍ത്തിച്ചിരുന്നു. കാസര്‍കോട് സാഹിത്യവേദി സ്ഥാപിക്കുകയും മരണം വരെ അതിന്റെ അധ്യക്ഷസ്ഥാനം അലങ്കരിക്കുകയും ചെയ്തു. മലയാള ശബ്ദം ദ്വൈവാരികയുടെ പത്രാധിപരായിരുന്നു.
നഫീസയാണ് ജീവിത പങ്കാളി. ഉബൈദ്-നഫീസ ദമ്പതികള്‍ക്ക് മൂന്ന് പെണ്മക്കളാണ്. ആദ്യത്തെ മകളാണ് സുഹറ യൂസഫ്. സുഹറ ജനിച്ച് ആറ് വര്‍ഷത്തിന് ശേഷം പിറന്ന മൈമൂനയും അതിന് ഒരു വര്‍ഷം കഴിഞ്ഞ് ജനിച്ച സാബിറയും ഇരുവര്‍ക്കും ഒന്നര വയസുള്ളപ്പോള്‍ മരണപ്പെട്ടു. 1972 ഒക്ടോബര്‍ 3ന് ആയിരുന്നു ഉബൈദിന്റെ വേര്‍പാട്. ഉബൈദിന്റെ വിയര്‍പ്പും രക്തവുമായ തളങ്കര ഗവ. മുസ്ലിം ഹൈസ്കൂളില്‍ അറബി അധ്യാപകരുടെ ഇന്‍ സര്‍വ്വീസ് കോഴ്സ് ഉദ്ഘാടനം ചെയ്തുകൊണ്ടിരിക്കെ അധ്യക്ഷന്റെ മടിയിലേക്ക് കുഴഞ്ഞുവീണ് സാഹിത്യ ലോകത്തെ ആ തേജസ് മരണത്തിന് കീഴടങ്ങി.
-ടി.എ. ഷാഫി