ഒരു ജനതയുടെ പൊതുവായ പുരോഗതിക്കും നന്മക്കുമുപയുക്തമായ പരിശ്രമങ്ങളാണ് കവികളും എഴുത്തുകാരും ചെയ്യേണ്ടത്. തന്റെ ചുറ്റുപാടുമുള്ളവരുടെ ചിന്തകള്‍ക്ക് അവര്‍ തിരികൊളുത്തി സമൂഹത്തില്‍ നിലനില്‍ക്കുന്ന അനീതികളോടും അന്ധവിശ്വാസങ്ങളോടും പടവെട്ടുകയും അവയെ ഉച്ഛാടനം ചെയ്യാന്‍ ഉത്സാഹിക്കുകയും വേണം. സാഹിത്യത്തെ സംബന്ധിച്ച് മഹാകവി ടി. ഉബൈദിന്റെ മനോഭാവവും ഇതായിരുന്നു. പ്രൗഢസുന്ദരമായ ഗദ്യ-പദ്യ രചനകളും പ്രഭാഷണങ്ങളും അദ്ദേഹം അതിനായി ഉപയോഗപ്പെടുത്തുകയും ചെയ്തു. പ്രഭാഷണം, ഗവേഷണം, വിവര്‍ത്തനം, അധ്യാപകവൃത്തി, സാഹിത്യ രചന, സമൂഹ പരിഷ്കരണം എന്നിങ്ങനെ വിവിധ മണ്ഡലങ്ങളില്‍ ഏതാണ്ടര ശതാബ്ദം ആ ജീവിതം തിളങ്ങി നിന്നു. വിയോഗത്തിനു ശേഷം ഇന്നേവരെ അതുപോലൊരു പ്രതിഭ ഉണ്ടാവത്തതുകൊണ്ട് ഇനി ഉണ്ടാവുമെന്ന് തോന്നുന്നില്ല. ഉബൈദിന്റെ പ്രസക്തി വര്‍ധിച്ചു കൊണ്ടേയിരിക്കുന്നു. ഉബൈദപദാനങ്ങളും അനുസ്മരണങ്ങളും വിച്ഛേദം കൂടാതെ നടന്നു കൊണ്ടിരിക്കുന്നതും അതുകൊണ്ടു തന്നെ.
ഉബൈദിന്റെയും സമകാലീനരായ നല്ലളം ബീരാന് (1878-1972), പുന്നയൂര്‍ക്കുളം ബാപ്പു (1916-1973), ഒ. ആബു (1916-1980) മുതലായവരുടെയും സാഹിത്യ പ്രവര്‍ത്തനങ്ങള്‍ ഏതാണ്ടൊരേ ലക്ഷ്യത്തിനു വേണ്ടിയായിരുന്നു എന്നു പറയാം. ശുദ്ധ മലയാളത്തിലും മാപ്പിളപ്പാട്ടു രീതിയിലും ഉബൈദും പുന്നയൂര്‍ക്കുളം ബാപ്പുവും നിരവധി കവിതകള്‍ രചിക്കുകയുണ്ടായി. മാപ്പിള സാഹിത്യം പലരും കരുതുംപോലെ കേവലം നാടോടിപ്പാട്ടോ മുത്തശ്ശിപ്പാട്ടോ അല്ലെന്ന് സമര്‍ത്ഥിക്കുകയും അത് കേരളത്തിലെ പ്രമുഖ സാഹിത്യകാരന്മാരുടെ ശ്രദ്ധാ കേന്ദ്രമാക്കി മാറ്റുകയും ചെയ്തതില്‍ ഉബൈദിന്റെ പങ്ക് ചെറുതല്ല.
‘മോയിന്‍ കുട്ടി വൈദ്യരുടെ ഹുസ്നുജമാല് എന്ന കാവ്യം കേരളത്തിലെ മുസ്ലിംകള് ഒന്നായും മറ്റെല്ലാ വിഭാഗങ്ങളും കൂട്ടായും ഇരുന്ന് പരിശ്രമിച്ചാല്‍ പോലും ഒരു പക്ഷെ അസാധ്യമാം വണ്ണം സിദ്ധിയും പ്രതിഭയും ഒത്തിണങ്ങിയ മഹാത്ഭുത സൃഷ്ടിയാണ്. അതും അതുപോലുള്ള മറ്റനേകം മുത്തുകളും മാപ്പിള സാഹിത്യമാകുന്ന പാരാവാരത്തില്‍ ഒളിഞ്ഞും തെളിഞ്ഞും കിടക്കുന്നതു കൂടി ഉള്‍പ്പെടുത്താത്ത മലയാള സാഹിത്യ ചരിത്രം എന്നും അപൂര്‍ണ്ണവും അപക്വവുമായിരിക്കും.’ തന്റെ ഒരു ലേഖനത്തില്‍ അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം ശൂരനാട് കുഞ്ഞന്‍പിള്ള രേഖപ്പെടുത്തി (ചന്ദ്രിക റിപബ്ലിക് പതിപ്പ്, കോഴിക്കോട് 1970). ഉബൈദിന്റെ പക്വപൂര്ണ്ണതയുള്ള പ്രഭാഷണങ്ങളും രചനകളും കൂടിയാണതിനു കാരണം. സ്നേഹത്തിലും സഹാനുഭൂതിയിലും അധിഷ്ഠിതമായിരുന്നു ഉബൈദിന്റെ ജീവിത ശൈലിയും. അത് ആവോളം കണ്ടാസ്വദിച്ച ഒരാളാണ് ഈ ലേഖകന്‍. ജനമധ്യത്തിലിറങ്ങി പ്രവര്‍ത്തിക്കുക എന്നതും അദ്ദേഹത്തിന്റെ വേറിട്ട പ്രവര്‍ത്തന ശൈലിയായിരുന്നു.
വിദ്യാകേന്ദ്രങ്ങളെയും അധ്യാപക-വിദ്യാര്‍ത്ഥികളെയും അധ്യാപകനായിരുന്ന ഉബൈദ് വല്ലാതെ സ്നേഹിച്ചു. 1960ലാണെന്ന് തോന്നുന്നു ആലിയാ അറബിക് കോളേജിന്റെ സില്‍വര്‍ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് കര്‍ണ്ണാടക സംസ്ഥാനത്തില്‍ നിന്ന് വന്ന് ആസ്ഥാപനത്തില്‍ പഠിക്കുകയായിരുന്ന ഏതാനും വിദ്യാര്‍ത്ഥികള്‍ ഉബൈദിനെ സമീപിച്ച് ഒരു കന്നഡ ഗാനം രചിച്ച് തരണമെന്ന് അപേക്ഷിക്കുകയുണ്ടായി. കൗതുകപൂര്‍വ്വം അപേക്ഷ സ്വീകരിച്ച കവി മനോഹരമായ ഒരു പാട്ടെഴുതിക്കൊടുക്കുകയും അത് ഈണത്തില്‍ അവര്‍ക്ക് പാടിക്കേള്‍പ്പിക്കുകയും ചെയ്തു. പിന്നോക്കാവസ്ഥയില്‍ കിടക്കുന്ന മുസ്ലിം സമൂഹത്തിന് ഒരുണര്‍ത്തു പാട്ടായി മാറിയ ആ നീണ്ട ഗാനത്തിലെ ഏതാനും വരികള്‍ കേട്ടാലും:
‘ഏളിരേളിരി മുസല്മാനറേ
നവ്യലോകവനോഡിരീ
കാലചക്രദ റഭസക്കനുഗുണ
ദിവ്യസേവെയ മാഡിരീ
ദിവ്യസേവെയ മാഡിരീ’
ഉബൈദിന്റെ വിയോഗ സമയത്ത് പി. കുഞ്ഞിരാമന് നായര്‍ നാട്ടിലുണ്ടായിരുന്നില്ല. സ്ഥലത്തെത്തിയ ശേഷം തളങ്കര മാലിക് ദീനാര്‍ പള്ളിപ്പറമ്പില്‍ മഹാകവിയുടെ മൃതദേഹം അടക്കം ചെയ്ത ഇടത്തിലേക്ക് കണ്ണോടിച്ച് പി. പറഞ്ഞ ഹൃദയസ്പര്‍ശിയായ വാക്കുകള്‍:
‘പരന്ന പള്ളിപ്പറമ്പില്‍ അല്ലാഹുവിന്റെ പാദങ്ങളില്‍ ആ സത്യവിശ്വാസി മയ്യത്ത് നിസ്കാരം കഴിഞ്ഞ് ചുകപ്പ് മണ്വിരിയില് കിടക്കുന്നു. പാതവക്കിലെ പേരാലായി, തന്നെ മറന്ന് എല്ലാം മറന്ന് അന്യന് തണല്‍ നല്കിയ ആ സത്യവിശ്വാസി, സാഹിത്യ കിരണം ചൊരിഞ്ഞ ആ തോജോ ഗോളം ആ കുന്നിനു പുറത്തുറങ്ങുന്നു. ആരുമില്ലാത്ത നിര്ഭാഗ്യവാന്, എല്ലാമുള്ള ഭാഗ്യവാന്. വടക്കന്‍ മലനാട് മണ്ണിലെ ഒന്നും നേടാനാവാത്ത കോടീശ്വരന് അവിടെ ഉറങ്ങുന്നു, ഉറക്കം വരാത്ത നിര്‍ഭാഗ്യ കോടീശ്വരന്മാര്ക്കിടയില് സുഖമായുറങ്ങുന്നു.’
അല്ലാഹുവിന്റെ അപാരമായ കാരുണ്യ വര്‍ഷത്തില്‍ അദ്ദേഹം അവിടെ സുഖമായുറങ്ങട്ടെ.
-അഡ്വ. ബി.എഫ്. അബ്ദുല്‍ റഹ്മാന്