ബേക്കല്‍: ഉദുമയില്‍ വീട് കുത്തിതുറന്ന് 17 പവന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. ഉദുമ ഏരോല്‍ മുല്ലച്ചേരിലെ സൈനബയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. കാഞ്ഞങ്ങാട്ടെ ആസ്പത്രിയില്‍ പ്രസവചികിത്സയില്‍ കഴിയുന്ന മകളുടെ പരിചരണത്തിനായി സൈനബയും കൂടുംബവും വീടുപൂട്ടി വ്യാഴാഴ്ച ആസ്പത്രിയില്‍ പോയിരുന്നു. ഇളയ മകനെ സമീപത്തെ ബന്ധുവീട്ടിലാക്കിയാണ് ഇവര്‍ ആസ്പത്രിയിലേക്ക് പോയത്.
വെള്ളിയാഴ്ച രാവിലെ മകന് വീട്ടില്‍ വന്നപ്പോള്‍ വീടിന്റെ മുന്‍വശത്തെ വാതില്‍ കുത്തിതുറന്ന നിലയില്‍ കണ്ടെത്തി. സാധനങ്ങളെല്ലാം വീട്ടിനകത്ത് വാരിവലിച്ചിട്ട നിലയിലുമായിരുന്നു. കിടപ്പുമുറിയിലെ അലമാര പരിശോധിച്ചപ്പോഴാണ് സ്വര്‍ണ്ണാഭരണങ്ങള്‍ കാണാനില്ലെന്ന് വ്യക്തമായത്. മകന് നല്കിയ വിവരത്തെ തുടര്‍ന്ന് പൊലീസും വിരലടയാള വിദഗ്ധരും കവര്‍ച്ച നടന്ന വീട്ടിലെത്തി പരിശോധന നടത്തി. ഡോഗ് സ്ക്വാഡും എത്തിയിരുന്നു. സംഭവത്തില്‍ ബേക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.