മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളം വഴി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച മൂന്നു കോടി രൂപ വില മതിക്കുന്ന അഞ്ച് കിലോഗ്രാമോളം സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി ഉള്‍പ്പെടെ നാലുപേരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. ഇന്നലെ ഇന്‍ഡിഗോ വിമാനത്തില്‍ ജിദ്ദയില്‍നിന്നും ഉംറ തീര്‍ത്ഥാടനത്തിന് സൗദി അറേബ്യക്ക് പോയി വന്ന നാലു യാത്രക്കാരില്‍നിന്നുമായി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചുവച്ചുകൊണ്ടുവന്ന 3455 ഗ്രാം സ്വര്‍ണമിശ്രിതമടങ്ങിയ പതിമൂന്നു ക്യാപ്സ്യൂളുകളാണ് പിടികൂടിയത്. മലപ്പുറം ഊരകം മേല്‍മുറി സ്വദേശിയായ വെളിച്ചപ്പാട്ടില്‍ ഷുഹൈബില്‍ (24) നിന്നും 1064 ഗ്രാം തൂക്കം വരുന്ന നാലു ക്യാപ്സൂളുകളും വയനാട് മേപ്പാടി സ്വദേശിയായ ആണ്ടികാടന്‍ യൂനസ് അലി (34) യില്‍ നിന്നും 1059 ഗ്രാം തൂക്കം വരുന്ന നാലു ക്യാപ്സൂളുകളുമാണ് പിടികൂടിയത്. കാസര്‍കോട് സ്വദേശിയായ അബ്ദുല്‍ ഖാദറി (22) ല്‍ നിന്ന് 851 ഗ്രാം തൂക്കം വരുന്ന മൂന്നു ക്യാപ്സൂളുകളും മലപ്പുറം അരിമ്പ്ര സ്വദേശിയായ വെള്ളമാര്‍തൊടി മുഹമ്മദ് സുഹൈലി(24)ല്‍ നിന്നും 481 ഗ്രാം തൂക്കം വരുന്ന രണ്ടു ക്യാപ്സൂളുകളുമാണ് ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ചപ്പോള്‍ ഡി.ആര്.ഐ ഉദ്യോഗസ്ഥരും കസ്റ്റംസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് പിടികൂടിയത്. കള്ളക്കടത്തുസംഘമാണ് ഉംറ പാക്കേജിന്റെ ചെലവ് വഹിക്കുന്നതെന്നാണ് യാത്രക്കാര്‍ വ്യക്തമാക്കിയത്. ഈ രീതിയില്‍ ഉംറ തീര്‍ത്ഥാടനത്തിന്റെ മറവില്‍ സ്വര്‍ണകള്ളക്കടത്തു നടത്താന്‍ ശ്രമിച്ച ഏഴു യാത്രക്കാരെ കോഴിക്കോട് കസ്റ്റംസ് കഴിഞ്ഞ ബുധനാഴ്ചയും വ്യാഴാഴ്ചയും പിടികൂടിയിരുന്നു.