തിരുവനന്തപുരം: വിമാനത്താവളത്തിലെ നയതന്ത്ര ചാനല്‍ വഴി സ്വര്‍ണക്കടത്ത് നടത്തിയ കേസില്‍ സസ്പെന്‍ഷനിലായ മുന്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറി എം ശിവവങ്കര്‍ തിരികെ ജോലിയില്‍ പ്രവേശിച്ചു. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരിക്കെ നടപടി നേരിട്ട മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥന് എം ശിവവങ്കറിന്റെ സസ്പെന്ഷന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു.
ഒരു വര്‍ഷത്തിനും അഞ്ച് മാസത്തിനും ശേഷമാണ് സസ്പെന്ഷന് പിന്‍വലിച്ചത്. കഴിഞ്ഞ ദിവസമാണ് ശിവശങ്കറിന്റെ സസ്പെന്ഷന് പിന്‍വലിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതികളിലൊരാളായ സ്വപ്ന സുരേഷുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 2019 ജൂലൈയിലാണ്, ശിവശങ്കറിനെ സസ്പെന്‍ഡ് ചെയ്തത്.
സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ സസ്പെന്ഷന് സംബന്ധിച്ച റിവ്യൂ സമിതി സസ്പെന്ഷന് പിന്‍വലിക്കാന്‍ ശുപാര്‍ശ നല്‍കുകയായിരുന്നു. അതേസമയം സ്വര്‍ണക്കടത്ത് കേസിലെ അവ്യക്തത ഇപ്പോഴും തുടരുകയുമാണ്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തെ തിരിച്ചെടുക്കണമെന്ന് സമിതി ശുപാര്‍ശ നല്‍കിയത്. ശിവശങ്കറിനെതിരെ ഏറ്റവും പ്രധാനപ്പെട്ട കേസ് രജിസ്റ്റര്‍ ചെയ്തത് കസ്റ്റംസായിരുന്നു. ഡോളര്‍ കടത്തുമായി ബന്ധപ്പെട്ട ഈ കേസ് സംബന്ധിച്ച വിശദാംശങ്ങള്‍ ഡിസംബര്‍ 30നകം നല്‍കണമെന്ന് സമിതി കസ്റ്റംസിനോട് ആവശ്യപ്പെട്ടു. എന്നാല്‍ കസ്റ്റംസ് ഇതിനോട് ഒരു തരത്തിലും പ്രതികരിച്ചില്ല. ഈ സാഹചര്യവും വിലയിരുത്തിയാണ് സസ്പെന്ഷന് പിന്‍വലിക്കാന്‍ ശുപാര്‍ശ നല്‍കിയത്.