റോഡ് വക്കുകളിലെ പരസ്യ ബോര്‍ഡുകള്‍ മാറ്റണമെന്ന് പലതവണ നിര്‍ദ്ദേശമുണ്ടായിട്ടും അതൊക്കെ കാറ്റില്‍പറത്തി കൂറ്റന്‍ ബോര്‍ഡുകള്‍ പുതുതായി വന്നുകൊണ്ടിരിക്കുകയാണ്. റോഡുകള്‍ കയ്യേറിയാണ് പലരും ബോര്‍ഡുകളും പരസ്യങ്ങളും സ്ഥാപിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് ഇതിനെതിരെ കര്‍ശന നടപടിയെടുക്കേണ്ടത്. എന്നാല്‍ അവര്‍ക്ക് മാസന്തോറും നല്ല വരുമാനം ലഭിക്കുന്നതിനാല്‍ ഇതിനെതിരെ നടപടി സ്വീകരിക്കാറില്ല. ഹൈവെകളിലും പൊതു നിരത്തുകളിലും നടപ്പാതകളിലുമുള്ള എല്ലാ അനധികൃത ആര്‍ച്ചുകളും ബോര്‍ഡുകളും ഹോള്‍ഡിങ്ങുകളും ഉടന്‍ നീക്കം ചെയ്യണമെന്ന് ഹൈക്കോടതിയും ഉത്തരവിട്ടിരിക്കുകയാണ്. തദ്ദേശ സ്ഥാപനങ്ങളും ദേശീയപാതാ അതോറിറ്റിയും ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കുമ്പോള്‍ പൊലീസ് മതിയായ ഉറപ്പ് നല്‍കണമെന്ന് ഉത്തരവില്‍ പറയുന്നു. യാത്രക്കാര്‍ക്ക് തടസ്സമായ അനധികൃത ബോര്‍ഡുകള്‍ കണ്ടെത്തി റോഡ് സുരക്ഷാ അതോറിറ്റി ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കണം. മൂന്ന് മാസത്തിനകം നിര്‍ദ്ദേശം നടപ്പിലാക്കണം. നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കിയതിനെകുറിച്ചുള്ള വിവരം മൂന്ന് മാസത്തിനുശേഷം കോടതിയെ അറിയിക്കണം. അനധികൃത ബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കോടതിക്ക് മുമ്പാകെ എത്തിയ ഒരുകൂട്ടം ഹര്‍ജികള്‍ തീര്‍പ്പാക്കിക്കൊണ്ടാണ് കോടതി ഉത്തരവ് നല്‍കിയത്. റോഡുകളിലോ നടപ്പാതകളിലോ തൂണുകളിലോ മറ്റ് ഫ്രെയിമകളോ സ്ഥാപിക്കരുത്. കോടതി നിര്‍ദ്ദേശം നടപ്പാക്കുന്നുവെന്ന് കലക്ടറും തദ്ദേശ സെക്രട്ടറിമാരും ഉറപ്പുവരുത്തണം.
വീഴ്ച വരുത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കാം. യാത്രക്കാര്‍ക്ക് ഭീഷണിയായ ബോര്‍ഡുകളും ഹോള്‍ഡിങ്ങുകളും നീക്കുന്നതിന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാര്‍ നടപടി സ്വീകരിക്കണം. നടപടിയെടുക്കാനുന്നില്ലെങ്കില് തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ കലക്ടറെ വിവരമറിയിക്കണം. ഹൈവെ അതോറിറ്റികള്‍ക്ക് കമ്മീഷന്മാരും പൊലീസ് സൂപ്രണ്ടുമാരുമാണ് സഹായം നല്‍കേണ്ടത്. വലിയ വളവുകളില്‍ പോലും വമ്പന്‍ പരസ്യങ്ങളുടെ ബോര്‍ഡുകള്‍ കാണാം. റോഡിന് കുറുകെ കമാനം തീര്‍ത്താണ് പരസ്യങ്ങള്‍ വെക്കുന്നത്. വീതി കുറഞ്ഞ റോഡുകളില്‍ പോലും രണ്ട് സൈഡിലും തൂണുകള്‍ നാട്ടി പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കുകയാണ്. തദ്ദേശ സ്ഥാപനങ്ങളുടെ അനുമതിയോടെ വാടക നല്കി ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് പുറമെ അനധികൃതമായും സ്ഥാപിക്കുന്നവരാണ് അധികവും. നിയമങ്ങള്‍ പാലിച്ചുകൊണ്ട് അപകടം വരുത്താത്ത രീതിയിലുള്ള പരസ്യങ്ങള്‍ ആവുന്നതില്‍ പ്രശ്നമുണ്ടാവാനിടയില്ല. വലിയ വളവുകളിലും മറ്റും എതിരെ വരുന്ന വാഹനങ്ങളുടെ കാഴ്ചമായ്ച്ചുകൊണ്ടാണ് ചില ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത്.
ഇത്തരത്തിലുള്ള ബോര്‍ഡുകള്‍ അധികൃതമായാലും അനധികൃതമായാലും നീക്കം ചെയ്യേണ്ടതുതന്നെ. അപകടങ്ങള്‍ അനുദിനം വര്‍ധിച്ചുവരുമ്പോള്‍ അതില്‍ ചെറിയൊരു ശതമാനം ഇത്തരം അപകടക്കെണികള്‍ വഴിയും ഉണ്ടാവുന്നുണ്ട്. കെ.എസ്.ആര്.ടി.സി. ബസുകളിലും തീവണ്ടികളിലുമൊക്കെ പരസ്യം നല്‍കാനുള്ള സംവിധാനം നിലവിലുണ്ട്. ബസ്സ്റ്റാന്റുകള്, റെയില്‍വെ സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലും പരസ്യമാവാം. ഈ സംവിധാനങ്ങളൊക്കെ പൂര്‍ണമായും ഉപയോഗപ്പെടുത്തണം. വലിയ കെട്ടിടങ്ങള്‍ക്ക് മുകളിലുള്ള വമ്പന്‍ പരസ്യങ്ങളും പലപ്പോഴും അപകടങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.
ശരിയായ രീതിയില്‍ ഉറപ്പിക്കാത്തതിനാല് ചെറിയ കാറ്റടിച്ചാല്‍ പോലും ഇവ ഇളകി താഴേക്ക് പതിക്കും. റോഡിലൂടെ പോകുന്ന വാഹനങ്ങള്‍ക്ക് മുകളിലോ യാത്രക്കാരുടെ ദേഹത്തോ ആയിരിക്കും ഇത് മറിഞ്ഞ് വീഴുന്നത്. കാലവര്‍ഷം തുടങ്ങിയാല്‍ ഇത്തരം നിരവധി അപകടങ്ങളുടെ വാര്‍ത്ത ഓരോ ഭാഗത്തുനിന്നും കേള്‍ക്കാം. എന്തായാലും അനധികൃതമായി സ്ഥാപിച്ച എല്ലാ ബോര്‍ഡുകളും നീക്കാന്‍ ബന്ധപ്പെട്ടവര്‍ അടിയന്തിര നടപടി സ്വീകരിക്കണം.