മാറുന്ന ജീവിത ശൈലിയും അതിലേറെ മാറുന്ന നാടും
എത്ര പെട്ടന്നാണ് നമ്മുടെ ഭക്ഷണ-ജീവിത ശൈലികള്‍ മാറിക്കൊണ്ടിരിക്കുന്നത് എന്നതിന്റെ പച്ചയായ നേര്‍ചിത്രങ്ങളാണ് ഇന്ന് നമ്മുടെ നിരത്തുവക്കുകള്‍; നിരത്തുകളും. മുമ്പെങ്ങുമില്ലാത്ത വിധം ആഘോഷത്തിമര്‍പ്പിലാണ് നമ്മുടെ പരിസരങ്ങളൊക്കെയും. സമ്പന്നതയുടെ അത്യുന്നത ശൃംഗങ്ങളിലാണ് നാട്. ദാരിദ്ര്യവും പട്ടിണിയും ഇന്നൊരിടത്തും ദൃശ്യമല്ല. ഒരു പക്ഷെ അങ്ങനെയൊരവസ്ഥ ഇന്നും എവിടെയെങ്കിലും ഉണ്ടെങ്കില്‍ തന്നെ അതിനെ കണ്ണഞ്ചിപ്പിക്കുന്ന ദീപാലങ്കാരങ്ങളാലും നാട്യങ്ങളുടെ മേക്കപ്പിനാലും പൊത്തിവെച്ചിരിക്കുന്നു. കണ്ടു കണ്ടു നില്‍ക്കെ നമ്മുടെ പട്ടണം മാത്രമല്ല, ജില്ല തന്നെയും എത്ര വേഗത്തിലാണ് അവിശ്വനീയമാം വിധം മാറിക്കൊണ്ടിരിക്കുന്നത്. ഒരു ഇന്ദ്രജാലക്കാരന്‍ വെറും […]
എത്ര പെട്ടന്നാണ് നമ്മുടെ ഭക്ഷണ-ജീവിത ശൈലികള്‍ മാറിക്കൊണ്ടിരിക്കുന്നത് എന്നതിന്റെ പച്ചയായ നേര്‍ചിത്രങ്ങളാണ് ഇന്ന് നമ്മുടെ നിരത്തുവക്കുകള്‍; നിരത്തുകളും. മുമ്പെങ്ങുമില്ലാത്ത വിധം ആഘോഷത്തിമര്‍പ്പിലാണ് നമ്മുടെ പരിസരങ്ങളൊക്കെയും. സമ്പന്നതയുടെ അത്യുന്നത ശൃംഗങ്ങളിലാണ് നാട്. ദാരിദ്ര്യവും പട്ടിണിയും ഇന്നൊരിടത്തും ദൃശ്യമല്ല. ഒരു പക്ഷെ അങ്ങനെയൊരവസ്ഥ ഇന്നും എവിടെയെങ്കിലും ഉണ്ടെങ്കില്‍ തന്നെ അതിനെ കണ്ണഞ്ചിപ്പിക്കുന്ന ദീപാലങ്കാരങ്ങളാലും നാട്യങ്ങളുടെ മേക്കപ്പിനാലും പൊത്തിവെച്ചിരിക്കുന്നു. കണ്ടു കണ്ടു നില്‍ക്കെ നമ്മുടെ പട്ടണം മാത്രമല്ല, ജില്ല തന്നെയും എത്ര വേഗത്തിലാണ് അവിശ്വനീയമാം വിധം മാറിക്കൊണ്ടിരിക്കുന്നത്. ഒരു ഇന്ദ്രജാലക്കാരന്‍ വെറും […]
എത്ര പെട്ടന്നാണ് നമ്മുടെ ഭക്ഷണ-ജീവിത ശൈലികള്‍ മാറിക്കൊണ്ടിരിക്കുന്നത് എന്നതിന്റെ പച്ചയായ നേര്‍ചിത്രങ്ങളാണ് ഇന്ന് നമ്മുടെ നിരത്തുവക്കുകള്‍; നിരത്തുകളും.
മുമ്പെങ്ങുമില്ലാത്ത വിധം ആഘോഷത്തിമര്‍പ്പിലാണ് നമ്മുടെ പരിസരങ്ങളൊക്കെയും. സമ്പന്നതയുടെ അത്യുന്നത ശൃംഗങ്ങളിലാണ് നാട്. ദാരിദ്ര്യവും പട്ടിണിയും ഇന്നൊരിടത്തും ദൃശ്യമല്ല. ഒരു പക്ഷെ അങ്ങനെയൊരവസ്ഥ ഇന്നും എവിടെയെങ്കിലും ഉണ്ടെങ്കില്‍ തന്നെ അതിനെ കണ്ണഞ്ചിപ്പിക്കുന്ന ദീപാലങ്കാരങ്ങളാലും നാട്യങ്ങളുടെ മേക്കപ്പിനാലും പൊത്തിവെച്ചിരിക്കുന്നു. കണ്ടു കണ്ടു നില്‍ക്കെ നമ്മുടെ പട്ടണം മാത്രമല്ല, ജില്ല തന്നെയും എത്ര വേഗത്തിലാണ് അവിശ്വനീയമാം വിധം മാറിക്കൊണ്ടിരിക്കുന്നത്. ഒരു ഇന്ദ്രജാലക്കാരന്‍ വെറും ഒരു തുണ്ട് കടലാസിനെ എപ്രകാരമാണോ സെക്കന്റുകള്‍ക്കുള്ളില്‍ ഒരു പൂച്ചക്കുട്ടിയോ പ്രാവോ ആക്കി മാറ്റുന്നത്, അതിലും ശീഘ്രഗതിയിലാണ് നമ്മുടെ നാട് വളര്‍ന്നുകൊണ്ടിരിക്കുന്നത്. അധികം ദൂരെയല്ലാത്ത ഭൂതകാലത്തില്‍ നമുക്ക് ടൗണ്‍ അഥവാ ബസാര്‍ എന്നാല്‍ കാസര്‍കോടും കാഞ്ഞങ്ങാടും നീലേശ്വരവും മറ്റും മാത്രമായിരുന്നുവെങ്കില്‍ ഇന്ന് ജില്ല മൊത്തത്തില്‍ ഒരു വലിയ ബസാറായിക്കഴിഞ്ഞിരിക്കുന്നു. എവിടെ വണ്ടിയുടെ ബ്രേക്ക് ചവിട്ടുന്നുവോ അവിടെയെല്ലാം ഇന്ന് ടൗണാണ്. റെഡിമെയ്ഡ് ഗാര്‍മെന്റ്‌സ്, ടെക്്‌സ്റ്റൈല്‍സ്, ഫൂട്് വെയര്‍, ഫാന്‍സി, ഹോം അപ്ലയന്‍സ്സ്, ഷോപ്പുകള്‍ നഗരങ്ങളില്‍ അല്ലാതെ തുറക്കുവാന്‍ ധൈര്യമില്ലാതിരുന്നവര്‍ ഇന്ന് എവിടെയും അത്തരം കടകള്‍ രണ്ടാമതൊന്ന് ആലോചിക്കാതെ തുടങ്ങുന്നു. കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍ മിനിറ്റുകള്‍ക്കകം സൈറ്റുകളില്‍ എത്തുന്നത്രയും അടുത്തടുത്താണ് ബില്‍ഡിംഗ് മെറ്റീരിയല്‍ ഷോപ്പുകള്‍. നിരത്തുകള്‍ ഇന്ന് മുമ്പത്തെ നിരത്തുകളല്ല. ലക്ഷങ്ങളും കോടികളും വിലയുള്ള വാഹനങ്ങള്‍ വേലിയേറ്റത്തില്‍ എന്ന പോലെ ഓളങ്ങള്‍ സൃഷ്ടിച്ച് ഒഴുകിക്കൊണ്ടിരിക്കുന്ന സമുദ്രത്തിന്റെ കൈവഴികളാണ്. പെട്രോളിന്റെയും ഡീസലിന്റെയും ദിനം പ്രതി വര്‍ധിക്കുന്ന വിലകളൊന്നും തന്നെ നമ്മെ ബാധിക്കുന്ന പ്രശ്‌നമേ അല്ലാതായിക്കഴിഞ്ഞിരിക്കുന്നു. ജീവനാണോ സ്പീഡാണോ പ്രധാനം എന്ന ചോദ്യത്തിന് സ്പീഡാണ് എന്ന് രണ്ടാമതൊന്നാലോചിക്കാതെ ഉത്തരം നല്‍കാന്‍ മാത്രം ത്രില്ലിന്റെയും സാഹസികതയുടെയും വക്താക്കളായി യുവത എന്നേ വളര്‍ന്നു കഴിഞ്ഞതാണ്.
നമ്മുടെ ഭക്ഷണ രീതികളും തിരഞ്ഞെടുപ്പുകളുമാണ് ഏറ്റവും വേഗത്തില്‍ തകിടം മറിഞ്ഞുകൊണ്ടിരിക്കുന്ന മറ്റൊന്ന്. എവിടെ ചിന്തിക്കുന്നോ അവിടെ ശൗചാലയം എന്ന കേന്ദ്രസര്‍ക്കാര്‍ മുദ്രാവാക്യം പോലെ എവിടെ വിശക്കുന്നോ അവിടെ ഭക്ഷണശാല എന്നതായിരിക്കുന്നു നമ്മുടെ കാഴ്ചപ്പാടും അതിനുളള സൗകര്യങ്ങളും. നമ്മുടെ പൈദാഹങ്ങള്‍ക്ക് കാലവും നേരവും ഇല്ലാതായിരിക്കുന്നു. എന്താണ് കഴിക്കേണ്ടത് എന്ന പൂര്‍വ്വ ധാരണകളും അവില്‍ മില്‍ക്കും ഭേല്‍പൂരിയും ഷവര്‍മ്മയും ഫ്രൈഡ് റൈസും നൂഡില്‍സും പൊട്ടോറ്റോ ചിപ്‌സും സോഫറ്റ് ഡ്രിങ്കും കോഴിയുടേയും ആടുമാടുകളുടെയും ഇറച്ചികള്‍ കൊണ്ടുള്ള ഏത് വകഭേദങ്ങളും കൊണ്ട് ഏത് സമയത്തേയും ക്ഷുത്തടക്കാം എന്ന കണ്ടെത്തലിലേക്ക് നാം ഓടിയെത്തിയിരിക്കുന്നു. നാടുനീളെ കൂണുകള്‍ പോലെ മുളച്ചു പൊന്തുന്ന ഫാമിലി റെസ്റ്റോറന്റുകളും തട്ടുകടകളും ലക്ഷങ്ങള്‍ പൊടിച്ചു കളഞ്ഞ് നാം നമ്മുടെ കൊട്ടാരസദൃശ്യ ഭവനങ്ങളില്‍ നിര്‍മ്മിച്ചു കൂട്ടുന്ന ഹൈടെക് കിച്ചനുകളെയെല്ലാം തന്നെ പണിയില്ലാതെ ലോക്കൗട്ട് ചെയ്യുന്ന തലത്തിലേക്ക് കൊണ്ടെത്തിച്ചിരിക്കുന്നു.
ഉച്ചയാവോളം കിടന്നുറങ്ങുകയും ഉച്ചക്ക് ശേഷമുള്ള അപരാഹ്്‌നത്തില്‍ വാഹനങ്ങളുമായി പുറത്തിറങ്ങുകയും ചെയ്യുന്നവരായി മാറിയ നമ്മളില്‍ പലരും ബ്രേക്ക്ഫാസ്റ്റ് അഥവാ പ്രഭാത ഭക്ഷണം എന്നത് ഏതാണ്ട് മറന്നുപോയിരിക്കുകയാണ്. അത് ഉച്ചഭക്ഷണമായി കണക്കാക്കി അതിന് ശേഷമുള്ളതിനായി രാത്രിഞ്ചരന്മാര്‍ക്ക് മാത്രമായി തുറക്കപ്പെടുന്ന ഫാസ്റ്റ് ഫുഡ് കടകളെ ആശ്രയിക്കുകയായി.
അരിയാഹാരം കഴിക്കുന്നവര്‍ എന്ന വിശേഷണം കൂടി മലയാളികള്‍ക്ക് നഷ്ടമാവുകയാണ്. മൈദയുടെയും ചിക്കന്റേയും ബീഫിന്റെയും ഉപാസകരായും നാം അതിവേഗം പരിവര്‍ത്തിക്കപ്പെടുകയാണ്. അറേബ്യന്‍ നാടുകളെ അതേ പടി പറിച്ചുനട്ടത് പോലുള്ള വെന്ത മാംസങ്ങളുടെ ഗന്ധങ്ങളാണ് നമ്മുടെ വഴിയോരങ്ങളില്‍ തളം കെട്ടി നില്‍ക്കുന്നത്. എവിടെ നോക്കിയാലും കമ്പിയില്‍ കുത്തിവെച്ച ഷവര്‍മ്മകള്‍ നമ്മുടെ പ്രധാന റോഡു സൈഡുകളെല്ലാം തന്നെ അറേബ്യന്‍ പരിച്ഛേദങ്ങള്‍ ആണെങ്കില്‍ പുതിയ ബസ്്സ്റ്റാന്റ് പരിസരങ്ങള്‍ വൈകുന്നേരങ്ങളില്‍ മുംബൈയുടെയും കൊല്‍ക്കത്തയുടെയും ലക്്‌നൗവിന്റെയും മറ്റും കഷ്ണങ്ങളായി മാറിയിരിക്കയാണ്. നമ്മുടെ സ്വന്തം നഗരങ്ങളില്‍ നാം ന്യൂനപക്ഷവും അപരിചിതരുമായി മാറിയ അവസ്ഥ.
ഇനി ഹൈപ്പര്‍മാര്‍ക്കറ്റ് എന്ന ബോര്‍ഡുകള്‍ക്ക് താഴെ തുറക്കപ്പെടുന്ന കടകളുടെ ഉള്ളകങ്ങളിലേക്ക് കയറിചെന്നാല്‍ കാണുന്ന കാഴ്ചകളോ? ഇന്നലെ വരെ നമ്മില്‍ പലര്‍ക്കും അപരിചിതവും അത്യാവശ്യവുമല്ലാത്തതുമായ ടിന്‍/ജാര്‍ ഫുഡുകളുടെ തള്ളിക്കയറ്റമാണെങ്ങും. മയോനെയിസും അനേകതരം ചീസുകളും (പാല്‍ക്കട്ടി)പീനട്ട് ബട്ടറും പ്രിന്‍ക്ള്‍ ചിപ്‌സും അത്തിപ്പഴം, പിസ്ത, ബദാം, വാള്‍നട്ട് മുതല്‍ പേരറിയുന്നതും അറിയാത്തതുമായ ഡ്രൈഫ്രൂട്്‌സും നട്്‌സും ലോകോത്തരമായ എല്ലാത്തരം ചോക്്‌ലറ്റുകളും മറ്റും അവിഭാജ്യ ഘടങ്ങളാണ് അവിടങ്ങളില്‍. തദ്ദേശീയവും ഇറക്കുമതി ചെയ്യപ്പെട്ടതുമായ പഴവര്‍ഗങ്ങളും പച്ചക്കറികളും ടണ്‍ കണക്കിന് കുമിഞ്ഞു കൂടുകയാണ് ചെറുതും വലുതുമായ എല്ലാ കടകളിലും. അവക്ക് പുറമെ റോഡായ റോഡുകളുടെയെല്ലാം ഓരങ്ങളിലും. വിശേഷാല്‍ ദിവസങ്ങളിലും സദ്യകളിലും മാത്രം ഫ്രൂട്‌സ് പേരിന് മാത്രം കണ്ടിരുന്ന നമ്മുടെയെല്ലാം പ്രതിദിന വിഭവങ്ങളില്‍ ഇന്ന് അവയും അനിവാര്യമോ അത്യാവശ്യമോ ആയി മാറിയിരിക്കുന്നു. നല്ലത്. ജനം പോഷകാഹാരത്തിന്റെ കുറവില്‍ നിന്നും മോചിതരാവുകയാണല്ലോ.
മറ്റൊരു എടുത്തു പറയേണ്ട കാര്യമാണ് ബേക്കറികളുടെ ബാഹുല്യം. അത്യാവശ്യ ബേക്കറി സാധനങ്ങള്‍ എല്ലാ ഗ്രോസറികളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും ലഭ്യമാവുമ്പോള്‍ തന്നെ വലിയൊരു ബേക്കറികളും ചുറ്റിലും തുറക്കപ്പെടുകയാണ്. എവിടെയും എന്തും വിറ്റഴിക്കപ്പെടുന്നുണ്ട് എന്നത് തന്നെയാണ് മാറിപ്പോയ നമ്മുടെ ജീവിത ശൈലിയുടെ തെളിവാര്‍ന്ന ഉദാഹരണം. സവിശേഷം പ്രതിപാദിക്കേണ്ട മറ്റൊന്ന് മത്സ്യലഭ്യതയാണ്. കുറച്ചുകാലം മുമ്പ് വരെ മീനിനായി മാര്‍ക്കറ്റിനേയും ഉച്ചയോടെ എത്തിയിരുന്ന സൈക്കിളില്‍ മീന്‍ വില്‍ക്കുന്നവരെയും ആശ്രയിക്കേണ്ടി വന്നിരുന്ന നമ്മുടെ വീട്ടുപടിയിലേക്ക് ഇന്ന് രാവിലെ ഏഴു മണി മുതല്‍ക്ക് തന്നെ ഇഷ്ടാനുസാരം മീന്‍ എത്തുകയായി. പോരെങ്കില്‍ ഓരോ ബസ് കാത്തിരിപ്പു കേന്ദ്രങ്ങളും ഓരോ മത്സ്യമാര്‍ക്കറ്റായും മാറിക്കൊണ്ടിരിക്കുന്നു. ഫ്രീക്കന്മാരായ ചെറുപ്പക്കാരടക്കം എല്ലാ അറപ്പും ആലസ്യവും വെടിഞ്ഞ് മീന്‍, പഴം, പച്ചക്കറി തുടങ്ങിയവയുടെ വില്‍പ്പന രംഗത്തേക്ക് കടന്നുവന്നുതുടങ്ങിയിരിക്കുന്നു എന്നതും ആശ്ചര്യകരമായ മാറ്റമാണ്. ദിവസവേതനത്തിന് തൊഴിലെടുക്കാന്‍ ഇന്നും വിമുഖതയുള്ള ചെറുപ്പക്കാര്‍ പക്ഷെ, സ്വന്തമായി എന്തെങ്കിലും ബിസിനസ് ചെയ്തും ആവശ്യത്തിന് പണം സമ്പാദിക്കുന്നുണ്ട്. അതും നല്ല കാര്യമാണ്. അതിന്റെ ഒരു ഉണര്‍വ്വ് നമ്മുടെ പരിസരങ്ങളില്‍ ഇന്ന് അനുഭവവേദ്യമാണ്. നോട്ട് നിരോധനത്തിനും കോവിഡിനും മുമ്പുണ്ടായിരുന്നതിനേക്കാള്‍ പ്രസരിപ്പാര്‍ന്നതും മുഖരിതവുമാണ് നമ്മുടെ വര്‍ത്തമാന സ്ഥിതി വിശേഷം. എന്തിനേയും അതിജയിക്കാനും അതിജീവിക്കാനുമുള്ള ഒരു ത്വര, ഒരു ദൃഢനിശ്ചയം ഈ യുവ തലമുറയില്‍ ഉണ്ട്.
എല്ലാ നിറവുകള്‍ക്കിടയിലും പക്ഷെ, പല കുറവുകളും നമ്മുടെ ജീവിതങ്ങളില്‍ വന്നു ചേരുന്നില്ലേ എന്നു ചോദിച്ചാല്‍ അതും ശരിയാണ്. പല പാരമ്പര്യ ശൈലികളും രീതികളും പുതിയവയുടെ പിറകെ പായുമ്പോള്‍ വഴികളില്‍ നഷ്ടമാകുന്നുണ്ട്. പക്ഷെ, വികാസത്തിലേക്കും സമ്പല്‍സമൃദ്ധിയിലേക്കും ആഡംബര ജീവിതങ്ങളിലേക്കുമുള്ള നെട്ടോട്ടത്തില്‍ ഈ കുറവുകളും നഷ്ടങ്ങളും അനിവാര്യമായിരിക്കാം.
വാല്‍ക്കഷ്ണം:
ദിനംപ്രതി പെരുകുന്ന ഫാര്‍മസികളും നമ്മുടെ മാറുന്ന ജീവിതശൈലിയുടെ കൊടിയടയാളം തന്നെയാണ്.