വാഹന ഇന്‍ഷ്വറന്‍സിനെ ഗതാഗത നിയമലംഘനങ്ങളുമായി ബന്ധിപ്പിച്ച് പ്രീമിയം നിശ്ചയിക്കാന്‍ ഇന്‍ഷ്വറന്‍സ് നിയന്ത്രണ അതോറിറ്റിയായ ഐ.ആര്.ഡി.എ. കരട് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറായിരിക്കുകയാണ്. ഓരോ തരത്തിലുള്ള നിയമ ലംഘനത്തിനും പോയിന്റുകള്‍ നിശ്ചയിച്ചിട്ടുണ്ട്. ഇത് കണക്കാക്കിയാണ് അധിക പ്രീമിയം നിശ്ചയിക്കുക. മദ്യപിച്ച് വാഹനമോടിക്കുന്നതിനാണ് കൂടുതല്‍ പോയിന്റ്. വാഹനത്തിനുണ്ടാകുന്ന നാശം, തേര്‍ഡ് പാര്‍ട്ടി ഇന്‍ഷ്വറന്‍സ്, നിര്‍ബന്ധിത വ്യക്തിഗത അപകട ഇന്‍ഷ്വറന്‍സ് തുടങ്ങിയവയുടെ പ്രീമിയം തുകയില്‍ വാഹന ഉടമ വരുത്തിയിട്ടുള്ള ഗതാഗത നിയമ ലംഘനങ്ങളുടെ ഗൗരവമനുസരിച്ച് തുക വര്‍ധനവ് വരുത്താനാണ് സമിതി ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഡ്രൈവര്‍ നിയമലംഘനം നടത്തിയാലും ഉത്തരവാദിത്വം ഉടമയ്ക്കായിരിക്കും. വാഹന ഇന്‍ഷ്വറന്‍സ് എടുക്കാനോ പുതുക്കാനോ ജനറല്‍ ഇന്‍ഷ്വറന്‍സ് കമ്പനികളെ സമീപിക്കുമ്പോള്‍ ആ വാഹനം മുന്‍ കാലത്ത് നടത്തിയിട്ടുള്ള ഗതാഗത നിയമലംഘനങ്ങള്‍ കൂടി പരിശോധിക്കാന്‍ സൗകര്യമൊരുക്കുന്നതിന് ഇന്‍ഷ്വറന്‍സ് കമ്പനികള്‍ക്ക് ഐ.ആര്.ഡി.എ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വാഹനമോടിക്കുന്നത് ആരെന്നതിന് പകരം വാഹനത്തെ അടിസ്ഥാനമാക്കിയാകും ഇത്തരത്തില്‍ പ്രീമിയം നിശ്ചയിക്കുക. വാഹനം വാങ്ങുന്നയാള്‍ മുമ്പ് ഗതാഗത നിയമം ലംഘിച്ചിട്ടുണ്ടെങ്കില്‍ കൂടി പ്രീമിയത്തെ ബാധിക്കില്ല. വാഹനം രണ്ടാമത് വില്ക്കുമ്പോഴും മുന്‍കാല ചരിത്രം ഒഴിവാകും. പരീക്ഷണാടിസ്ഥാനത്തില്‍ ഡല്‍ഹിയിലായിരിക്കും തുടക്കത്തില്‍ മാറ്റങ്ങള്‍ നടപ്പിലാക്കുക. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ഡല്‍ഹിയിലെത്തി നിയമലംഘനം നടത്തിയാലും പിന്നീടുള്ള ഇന്‍ഷ്വറന്‍സ് പ്രീമിയത്തില്‍ ഇതുള്‍പ്പെടുമെന്ന് കരട് നയത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. നിയമലംഘനങ്ങളും അപകടങ്ങളും ഒഴിവാക്കാന്‍ കര്‍ശന നടപടികള്‍ ഉണ്ടാവണമെന്നതില് തര്‍ക്കമില്ല. വിദേശ രാജ്യങ്ങളില്‍ വിജയകരമായ ഒരു സമ്പ്രദായമാണ് ഇവിടെയും നടപ്പിലാക്കാന്‍ ആലോചിക്കുന്നത്. അവിടത്തെ റോഡുകളും ഇവിടത്തെ റോഡ് സൗകര്യവും രണ്ടും രണ്ടാണ്. റോഡുകളില്‍ മീഡിയന് സ്ഥാപിക്കാന്‍ പോലും സാധിക്കാത്തിടത്താണ് പുതിയ പരിഷ്കാരം ആലോചിക്കുന്നത്. അടിസ്ഥാനപരമായുള്ള ഇത്തരം പ്രശ്നങ്ങള്‍ ആദ്യം പരിഹരിക്കണം. സാധാരണക്കാരായ ആളുകള്‍ക്ക് അത് വലിയ സാമ്പത്തിക ബാധ്യതവരുത്തി വെക്കും. കുറച്ച് സമയമെടുത്താലും പോരായ്മകള്‍ പരിഹരിച്ചുവേണം നടപ്പിലാക്കാന്‍. നിയമങ്ങള്‍ കര്‍ശനമാക്കുന്നതിലൂടെ അപകടങ്ങള്‍ കുറച്ചുകൊണ്ടുവരാനും വിലപ്പെട്ട ജീവനുകള്‍ രക്ഷിക്കാനും സാധിക്കും. വാഹനങ്ങളുടെ എണ്ണം ദിവസവും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ നിയമങ്ങള്‍ കര്ശനമാക്കുകയേ നിര്‍വ്വാഹമുള്ളൂ. അത് നടപ്പിലാക്കുമ്പോള്‍ നമ്മുടെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിനും മറുഭാഗത്ത് ശ്രമം ഉണ്ടാവണം. പൊട്ടിപ്പൊളിഞ്ഞുകിടക്കുന്ന റോഡുകളിലൂടെയുള്ള യാത്രയില്‍ നിരവധി പേര്‍ക്കാണ് ജീവന് നഷ്ടമാവുന്നത്. ശ്രദ്ധിച്ച് വാഹനമോടിക്കുന്നവരും നിയമങ്ങള്‍ ലംഘിക്കാത്തവരുമാണ് റോഡിന്റെ അപാകത മൂലം ദുരിതം പേറേണ്ടിവരുന്നത്. കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ നന്നേ വീതി കുറഞ്ഞ റോഡുകളാണ് ഉള്ളത്. ഇത്തരം റോഡുകളില്‍ അശ്രദ്ധയോടെയുള്ള ഡ്രൈവിംഗ്കൂടിയാവുമ്പോള് അപകടങ്ങളും വര്‍ധിക്കുന്നു. കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 2018ല്‍ മാത്രം 4.67 ലക്ഷം വാഹനാപകടങ്ങളാണത്രെ രാജ്യത്തുണ്ടായത്. 1.51 ലക്ഷം പേര് മരണപ്പെടുകയും ചെയ്തു. ആഗോള തലത്തില്‍ വാഹനാപകടങ്ങളില്‍ മരിക്കുന്നവരുടെ കണക്കെടുത്തു നോക്കിയാല്‍ 11 ശതമാനവും ഇന്ത്യയിലാണത്രെ. ഈയൊരു സാഹചര്യത്തില്‍ നിയമലംഘനങ്ങളും അശ്രദ്ധയോടെയുള്ള ഡ്രൈവിംഗും കര്‍ശനമായി തടയുക തന്നെ വേണം. എന്നാല്‍ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിനും അതേ രീതിയിലുള്ള പ്രാധാന്യം നല്‍കണം.