പുകവലിക്ക് കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുകയാണ്. പുകവലിക്കും സിഗരറ്റ്, പുകയില ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന എന്നിവക്കുമാണ് കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത്. പുകവലിക്കുന്നതിനുള്ള നിയമപരമായ പ്രായം 21 വയസ്സായി ഉയര്‍ത്തുകയാണ്. നിലവില്‍ ഇത് 18 വയസാണ്. ഇപ്പോള്‍ കടകളില്‍ നിന്ന് പാക്കറ്റല്ലാതെ ലൂസായി ഒന്നോ രണ്ടോ സിഗരറ്റ് വാങ്ങാം. എന്നാല്‍ ഇനിമുതല്‍ ഇത് പാക്കറ്റ് മാത്രമേ വില്‍ക്കാവു എന്ന നിയമം കൊണ്ടു വരികയാണ്. ഇത് സംബന്ധിച്ച കരട് വിജ്ഞാപനം പുറത്തിറക്കിക്കഴിഞ്ഞു. റസ്റ്റോറന്റുകളിലെയും എയര്‍പോര്‍ട്ടുകളിലെയും സ്മോക്കിംഗ് റൂം എടുത്തു കളയും. പൊതു സ്ഥലങ്ങളില്‍ ഇപ്പോള്‍ തന്നെ പുകവലി നിരോധിച്ചിട്ടുണ്ട്. ഇത് ലംഘിച്ചാല്‍ പിഴ ചുമത്തുന്നുണ്ട്. അത് ഇരട്ടിയാക്കാനാണ് ആലോചന. ബസുകള്‍ സിനിമാ തീയേറ്ററുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഇപ്പോള്‍ തന്നെ പുകവലി പൂര്‍ണ്ണമായും ഒഴിവായിട്ടുണ്ട്. ഇതിന്റെയൊക്കെ പിഴ വര്‍ധിപ്പിക്കുകയാണ്. സിഗരറ്റുകളുടെയും മറ്റ് പുകയില ഉല്‍പ്പന്നങ്ങളുടെയും വില്‍പ്പനയും ഉപയോഗവും നിയന്ത്രിക്കുന്നത് ലക്ഷ്യമിട്ടിട്ടുള്ളതാണ് പുതിയ പരിഷ്കാരങ്ങള്‍. ഇത് സംബന്ധിച്ച് നിലവിലെ നിയമങ്ങളില്‍ ഭേദഗതിക്ക് ഒരുങ്ങുകയാണ് സര്‍ക്കാര്‍. പിഴത്തുക ഉള്‍പ്പെടെ ഉയരും. പ്രധാന നിയമഭേദഗതി ശിക്ഷാ വിധികളില്‍ ഉള്ളതാണ്. നിലവില്‍ പൊതു സ്ഥലങ്ങളില്‍ പുകവലിക്കുന്നതിന് 1000 രൂപയാണ് പിഴയെങ്കില്‍ ഇത് ഒരു ലക്ഷം രൂപയായി ഉയരും. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 100 മീറ്റര്‍ ചുറ്റളവിലുള്ള ഇടങ്ങളില്‍ ഇത്തരം ഉല്പന്നങ്ങളുടെ വില്‍പ്പനക്കും നിയന്ത്രണങ്ങള്‍ വരും, പുതിയ നിയമം തെറ്റിച്ച് ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതും വില്‍ക്കുന്നതും കുറ്റകരമാകും. സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയിലെ പുകവലി, പുകയില ഉപയോഗം എന്നിവ നിയന്ത്രിക്കുന്നതിനും കര്‍ശന നടപടി സ്വീകരിക്കും. 21 വയസ്സില്‍ താഴെയുള്ളവര്‍ക്ക് ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നതും ഏഴു വര്‍ഷം വരെ തടവ് ശിക്ഷ കിട്ടാന്‍ കാരണമായേക്കാവുന്ന കുറ്റമായി തീരും. ലൂസായി സിഗരറ്റുകള്‍ വില്‍പ്പന നടത്തുന്നതിന് ഒരു വര്‍ഷം വരെ ജയില്‍ ശിക്ഷയും 50,000 രൂപ വരെ പിഴയും കിട്ടും. ഏതാനും വര്‍ഷമായി പുകവലിക്കുന്നവരുടെ എണ്ണത്തില്‍ വലിയ കുറവ് വന്നിട്ടുണ്ട്. പൊതുസ്ഥലങ്ങളിലെ പുകവലി ഏതാണ്ട് അവസാനിപ്പിക്കാന്‍ കഴിഞ്ഞു. കര്‍ശന നിയന്ത്രണവും കടുത്ത ശിക്ഷയും തന്നെയാണ് ഇത്തരമൊരു സാഹചര്യമൊരുക്കിയത്. ബസുകളിലും പൊതുപരിപാടികള്ക്കുമൊക്കെ പോയാല്‍ തൊട്ടടുത്തിരിക്കുന്നവരുടെ മുഖത്തേക്ക് പുക ഊതി വിടുന്ന കാലമുണ്ടായിരുന്നു. അതിനൊക്കെ അവസാനമുണ്ടായിട്ടുണ്ട്. പുകവലിയുടെ ദൂഷ്യവശങ്ങളെപ്പറ്റി പുതിയ തലമുറ ബോധവാന്മാരാണ്. പുരുഷന്മാരിലും സ്ത്രീകളിലും ശ്വാസകോശ സംബന്ധമായ അസുഖങ്ങളും കാന്‍സറും കൂടിവരുന്നത് പലരും തിരിച്ചറിയപ്പെടുന്നുണ്ട്. പുകവലിച്ച് ഊതുന്നവര്ക്ക് മാത്രമല്ല, അത് ശ്വസിക്കുന്നവര്‍ക്കും ഇതിന്റെ ഭവിഷ്യത്ത് ഉണ്ടാവാം. അതുകൊണ്ട് തന്നെയാണ് പൊതുസ്ഥലങ്ങളിലെ പുകവലി കര്‍ശനമായി നിരോധിച്ചിരിക്കുന്നത്. എന്തായാലും പുകവലിക്കെതിരെയും പുകയില ഉല്പ്പന്നങ്ങള്ക്കെതിരെയുമുള്ള നിയമങ്ങള്‍ കര്‍ശനമാക്കുന്നതില്‍ ആര്‍ക്കും എതിരഭിപ്രായമുണ്ടാവാനിടയില്ല. നിയമവും ശിക്ഷയും കര്‍ശനമായാലേ ആളുകള്‍ ഇതില്‍ നിന്ന് പിന്നോക്കം പോവു.