രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും പരമോന്നത സ്ഥാനങ്ങളിലുള്ളവര്‍ സന്ദര്‍ശിക്കുന്ന സ്ഥലങ്ങളിലും കടന്നുപോകുന്ന വഴികളിലും സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയെന്നത് അധികാരികളുടെ ഏറ്റവും വലിയ ഉത്തരവാദിത്വമാണ്. തീര്‍ത്തും കുറ്റമറ്റ രീതിയിലായിരിക്കണം സുരക്ഷ ഏര്‍പ്പെടുത്തേണ്ടത്. രാഷ്ട്രപതിയോ പ്രധാനമന്ത്രിയോ സംസ്ഥാനം സന്ദര്‍ശിക്കുമ്പോള്‍ വലിയ രീതിയിലുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടത് അതാത് സംസ്ഥാന സര്‍ക്കാരുകളുടെ ഭരണഘടനാപരമായ ബാധ്യത കൂടിയാണ്. ഇത് നല്ല രീതിയില്‍ തന്നെ നിര്‍വഹിക്കപ്പെടുമ്പോഴും ഇത്തരം സുരക്ഷകള്‍ സാധാരണക്കാരുടെ ജീവന് ഏതെങ്കിലും തരത്തില്‍ അപകടം സൃഷ്ടിക്കുമോയെന്ന് പരിശോധിക്കേണ്ടതും സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ഉത്തരവാദിത്വത്തില്‍ ഉള്‍പ്പെടുന്നു. നിര്‍ഭാഗ്യവശാല്‍ ഇക്കാര്യത്തില്‍ സംഭവിക്കുന്ന വീഴ്ചകള്‍ മനുഷ്യജീവനെടുക്കുന്ന ഗുരുതരമായ പ്രശ്നമായി തുടരുന്നുവെന്ന് തെളിയിക്കുന്നതാണ് കഴിഞ്ഞ ദിവസം കൊച്ചിയിലുണ്ടായ ദാരുണമായ സംഭവം. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണാര്‍ത്ഥം കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷയുടെ ഭാഗമായി കൊച്ചിയില്‍ റോഡില്‍ കെട്ടിയ വടം ഒരു യുവാവിന്റെ വിലപ്പെട്ട ജീവന് നഷ്ടപ്പെടാനാണ് ഇടവരുത്തിയത്. പ്രധാനമന്ത്രി കടന്നുപോകുന്ന കൊച്ചി എം.ജി റോഡിലേക്കുള്ള വാഹനഗതാഗതം തടയുന്നതിനായി സ്ഥാപിച്ച വടം സ്കൂട്ടര്‍ യാത്രക്കാരനായ യുവാവിന്റെ കഴുത്തില്‍ കുരുങ്ങിയാണ് മരണം സംഭവിച്ചത്. ഞായറാഴ്ച രാത്രിയാണ് കേരളത്തെയാകെ നടുക്കിയ അപകടമുണ്ടായത്. വ്യക്തമായി കാണാന്‍ കഴിയാത്ത പ്ലാസ്റ്റിക് കയറാണ് റോഡിന് കുറുകെ കെട്ടിയിരുന്നത്. ഈ ഭാഗത്ത് വെളിച്ചവുമില്ലായിരുന്നു. രാത്രിയില്‍ വാഹനങ്ങളില്‍ വരുന്നവര്‍ക്ക് ഇങ്ങനെയൊരു കയര്‍ റോഡിന് കുറുകെ കെട്ടിയത് കാണാന്‍ സാധിക്കില്ല. സുരക്ഷയുടെ ഭാഗമായാണെങ്കില്‍ പോലും സാധാരണക്കാരുടെ ജീവന് അപകടത്തിലാക്കുന്ന വിധത്തില്‍ വടം കെട്ടിയത് പൊലീസിന്റെ ഭാഗത്തുനിന്നുമുണ്ടായ വലിയ വീഴ്ച തന്നെയാണെന്ന വിമര്‍ശനം ശക്തമാണ്. വടത്തിന് പകരം ബാരിക്കേഡ് വെച്ചിരുന്നുവെങ്കില്‍ അപകടം സംഭവിക്കില്ലായിരുന്നു. മുമ്പും സമാനമായ നിരവധി അപകടങ്ങള്‍ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലായി ഉണ്ടായിട്ടുണ്ട്. 2018 ആഗസ്ത് മാസത്തില്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് പൊലീസ് റോഡിന് കുറുകെ വലിച്ചുകെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രക്കാരന് തല്‍ക്ഷണം തന്നെ മരണപ്പെട്ടിരുന്നു. 2012ല്‍ നിയമസഭാ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മാധ്യമപ്രവര്ത്തകന് പൊലീസ് റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി ഗുരുതരമായി പരിക്കേറ്റിരുന്നു. സുരക്ഷക്ക് വടം ഉപയോഗിക്കുന്നത് അപകടങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമാകുമ്പോഴും പിന്നെയും പൊലീസിന്റെ ഭാഗത്തുനിന്നും നിരുത്തരവാദപരമായ നടപടികളുണ്ടാകുന്നത് നിര്‍ഭാഗ്യകരമാണ്. അപകടങ്ങള്‍ക്ക് ഇടവരുത്തുന്നതിനാല്‍ റോഡിന് കുറുകെ കയറോ അതുപോലുള്ള ചരടുകളോ കെട്ടരുതെന്ന് മനുഷ്യാവകാശകമ്മീഷന് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇതിനനുസരിച്ചുള്ള നടപടികളല്ല പൊലീസിന്റെ ഭാഗത്തുനിന്നുമുണ്ടാകുന്നത്. റോഡിന് കുറുകെ കയര്‍ കെട്ടുമ്പോള്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ പൊലും സ്ഥാപിക്കുന്നില്ല. പൊലീസ് അനാസ്ഥ കൊണ്ട് ഇനിയൊരു മനുഷ്യജീവനും പൊലിയാതിരിക്കാന്‍ ആഭ്യന്തരവകുപ്പിന്റെ ശക്തമായ ഇടപെടല്‍ ഉണ്ടാകണം. സുരക്ഷയുടെ ഭാഗമായി റോഡിന് കുറുകെ കയര്‍ കെട്ടാതിരിക്കാന്‍ വ്യക്തമായ മാര്‍ഗനിര്‍ദ്ദേശം നല്‍കിയേ മതിയാകൂ.