ദേശീയപാത വികസനപ്രവൃത്തികള്‍ പുരോഗമിക്കുമ്പോള്‍ ഗതാഗത സൗകര്യം കൂടുതല്‍ മെച്ചപ്പെടുന്നതോര്ത്ത് എല്ലാവര്ക്കും സന്തോഷമുണ്ടെങ്കിലും പലയിടങ്ങളിലും ജനജീവിതത്തെ ദുസ്സഹമാക്കുന്ന വിധത്തിലാണ് നിര്‍മ്മാണ പ്രവൃത്തികള്‍ മുന്നോട്ടുപോകുന്നതെന്നത് വേദനാജനകം തന്നെയാണ്. പ്രത്യേകിച്ചും ചെങ്കള കുണ്ടടുക്കത്ത് ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ വിവരണാതീതമാണെന്ന് പറയാതെ നിര്‍വാഹമില്ല. കുണ്ടടുക്കത്ത് ആകാശപാത പണിയുന്നത് ഇവിടത്തെ ജനങ്ങള്‍ സര്‍വാത്മനാ സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാല്‍ ആകാശപാത നിര്‍മ്മിക്കുമ്പോള്‍ അത് ജനങ്ങള്‍ക്ക് ദുരിതം വിതയ്ക്കുന്ന രീതിയിലാകരുതെന്ന അഭിപ്രായം ശക്തമാവുകയാണ്. ആകാശപാതയുടെ പ്രവൃത്തി നടക്കുമ്പോള്‍ ഇവിടെ കിലോ മീറ്ററുകളോളമാണ് ചെമ്മണ്ണും പാറക്കല്ലുകളും കൂട്ടിയിട്ടിരിക്കുന്നത്. ഇവ വീണ് കൃഷിയിടങ്ങള്‍ നശിക്കുകയാണെന്ന പരാതിയാണ് നാട്ടുകാര്‍ ഉയര്‍ത്തുന്നത്. മാത്രമല്ല ജലസ്രോതസുകള്‍ക്കും ഇത് ഭീഷണിയായി മാറിയിരിക്കുന്നു. കൊടും ചൂടും വരള്‍ച്ചയും മൂലം ജനങ്ങള്‍ വളരെയേറെ കഷ്ടപ്പാടുകളാണ് നിലവില്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. കടുത്ത വേനലിലും കാര്‍ഷികവിളകള്‍ നനയ്ക്കുന്നതിന് ഉപയോഗിച്ചിരുന്ന കുളവും കിണറും മണ്ണ് വീണ് നിറഞ്ഞിരിക്കുന്നു. ഇവയില്‍ നിന്ന് വെള്ളം ഉപയോഗിക്കാന്‍ സാധിക്കാത്ത സ്ഥിതിയാണുള്ളത്. മഴവെള്ളം ഒഴുകിപ്പോയിരുന്ന തോടുകളില്‍ പലയിടങ്ങളിലും ചെമ്മണ്ണ് നിറഞ്ഞിരിക്കുന്നു. ഇതോടെ മഴക്കാലത്ത് വെള്ളം ഒഴുകിപ്പോകാനുള്ള വഴിയാണ് അടഞ്ഞിരിക്കുന്നത്. ഏത് സമയത്തും ഉരുണ്ടുവീഴാവുന്ന പാറക്കല്ലുകള്‍ ഇവിടെയുണ്ട്. കാര്‍ഷികവിളകള്‍ നനയ്ക്കാന്‍ പോലും കര്‍ഷകരെ ഭയപ്പെടുത്തുന്ന വിധത്തിലാണ് പാറക്കല്ലുകള്‍ വീഴാന്‍ പാകത്തിലുള്ളത്. ചെര്‍ക്കള ടൗണില്‍ നിന്നാരംഭിച്ച് തെക്കില്‍ ചന്ദ്രഗിരിപ്പുഴയിലെത്തിച്ചേരുന്ന തോടും കൈത്തോടും ഇല്ലാതാകുമ്പോള്‍ ഉയരുന്ന ആശങ്ക ഏറെ വലുതാണ്. ഇവയിലെല്ലാം ചെമ്മണ്ണ് വീണ് നിറഞ്ഞിരിക്കുന്നു. മഴക്കാലത്ത് ഒഴുക്ക് തടസപ്പെടുമെന്ന് ഉറപ്പായതിനാല്‍ ഈ ഭാഗത്ത് വെള്ളപ്പൊക്കത്തിന് വരെ സാധ്യതയുണ്ട്. ദേശീയപാത നിര്‍മ്മാണം ജനജീവിതത്തെ ബാധിക്കാത്ത തരത്തില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധ പുലര്‍ത്താത്തതിന്റെ ദുരന്തഫലങ്ങളാണ് പാത കടന്നുപോകുന്ന ഭാഗത്തെ ജനങ്ങള്‍ അനുഭവിക്കുന്നത്. ദേശീയപാത നിര്‍മ്മാണം ആരംഭിച്ചത് മുതല്‍ കുണ്ടടുക്കം ഭാഗത്തെ കര്‍ഷകരുടെ ജീവിതം വഴിമുട്ടിയ നിലയിലാണ്. ഇവിടത്തെ പാടശേഖരത്തില്‍ കൃഷി പോലും ഇറക്കാന്‍ ഇപ്പോള്‍ സാധിക്കുന്നില്ല. മണ്ണുകളും പാറക്കല്ലുകളും നീക്കം ചെയ്യുമെന്ന് ദേശീയപാത നിര്‍മ്മാണക്കമ്പനി ഉറപ്പുനല്‍കിയിരുന്നെങ്കിലും ഇതും വെറും വാക്കായി മാറി. മഴക്കാലത്തിന് മുമ്പ് മണ്ണും കല്ലും നീക്കി സംരക്ഷണ ഭിത്തി നിര്‍മ്മിച്ചില്ലെങ്കില്‍ വലിയ പാരിസ്ഥിതിക പ്രശ്നങ്ങള്‍ തന്നെ നേരിടേണ്ടിവരും. ചെര്‍ക്കള മുതല്‍ കാസര്‍കോട് വരെ ദേശീയപാതയുടെ പ്രവൃത്തിക്കിടെ ജലവിതരണ പൈപ്പുകള്‍ പൊട്ടി കുടിവെള്ളം പാഴാകുന്നതും പതിവാണ്. ദേശീയപാത വികസനം ജനങ്ങളുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കാനാവശ്യമായ സുരക്ഷാ മാര്‍ഗങ്ങള്‍ കണ്ടെത്തേണ്ടത് അധികാരികളുടെ ഉത്തരവാദിത്വമാണ്. അതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുക തന്നെ വേണം.