കോവിഡും സ്വര്‍ണക്കടത്തും ലൈഫ് മിഷനും ഐ ഫോണുമൊക്കെയായി കേരളം കത്തി നില്ക്കുമ്പോള് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് ആരവം ഉയര്‍ന്നുകഴിഞ്ഞു. ഡിസംബര്‍8, 10, 14 തീയതികളിലാണ് വോട്ടെടുപ്പ്. 16ന് വോട്ടണ്ണലും. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലും രണ്ടാം ഘട്ടമായ ഡിസംബര്‍ 10 ന് കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലും വോട്ടെടുപ്പ് നടക്കും. മൂന്നാം ഘട്ടമായ ഡിസംബര്‍ 14 നാണ് കാസര്‍കോട് ജില്ലയില്‍ വോട്ടെടുപ്പ്. അന്ന് കാസര്‍കോടിന് പുറമെ കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലും വോട്ടെടുപ്പ് നടക്കും. കോവിഡ് വ്യാപന സാഹചര്യം കണക്കിലെടുത്താണ് വോട്ടെടുപ്പ് മൂന്ന് ഘട്ടങ്ങളിലായി നടത്തുന്നത്. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് പോളിങ്ങ്. കോവിഡിന്റെ പശ്ചാത്തലത്തിലാണ് സമയം ഒരു മണിക്കൂര്‍ ദീര്‍ഘിപ്പിച്ചത്. തിരഞ്ഞെടുപ്പ് വിജ്ഞാപനം നവംബര്‍ 12 ന് പ്രഖ്യാപിക്കുന്നതോടെയായിരിക്കും നടപടികള്‍ ആരംഭിക്കുക. കോവിഡ് പ്രൊട്ടോകോള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കും പ്രചരണ പ്രവര്‍ത്തനങ്ങളും വോട്ടെടുപ്പും. ഡിസംബര്‍ 31 നകം പുതിയ ഭരണ സമിതി നിലവില്‍ വരേണ്ടതുണ്ട്. കോവിഡ് രോഗികള്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും പോസ്റ്റല്‍ വോട്ടിന് സൗകര്യമൊരുക്കും. ആവശ്യമെങ്കില്‍ നിരീക്ഷണത്തിലുള്ളവര്‍ക്ക് പി.പി.ഇ. കിറ്റ് ധരിച്ച് വോട്ട് ചെയ്യാന്‍ അനുമതി നല്‍കും. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ തന്നെ സംസ്ഥാനത്ത് പെരുമാറ്റച്ചട്ടം നിലവില്‍ വന്നുകഴിഞ്ഞു. തിരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ടം കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. വോട്ടെടുപ്പ് ദിവസം പോളിങ്ങ് സ്റ്റേഷനുകളുടെ നിശ്ചിത പരിധിയില്‍ രാഷ്ട്രീയ കക്ഷികളുടെ പേരോ, ചിഹ്നമോ ആലേഖനം ചെയ്ത മാസ്ക് ഉപയോഗിക്കരുത്. ബൂത്തുകളില്‍ മാസ്ക്കും സാനിറ്റൈസറും നിര്‍ബന്ധമാക്കിയിട്ടുണ്ട്. ആരാധനാലയങ്ങളെ പ്രചരണ വേദികളാക്കരുത്. അനുമതിയില്ലാതെ വ്യക്തികളുടെ സ്ഥലമോ കെട്ടിടമോ മതിലോ പ്രചരണത്തിന് ഉപയോഗിക്കരുത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മൈതാനങ്ങള്‍ പ്രചരണ യോഗങ്ങള്‍ക്കോ റാലിക്കോ ഉപയോഗിക്കരുത്. ഒരാളുടെ യോഗം നടക്കുമ്പോള്‍ അതുവഴി മറ്റൊരു കക്ഷി ജാഥ നടത്തരുത്. പ്ലാസ്റ്റിക്കും ഫഌക്സും ഇത്തവണയും ഉപയോഗിക്കരുത്. വോട്ടെടുപ്പിന് മുമ്പുള്ള തിരഞ്ഞെടുപ്പ് പ്രചരണത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം മാത്രമേ പ്രചരണ പ്രവര്‍ത്തനങ്ങള്‍ നടത്താവൂ.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ഥാനാര്‍ത്ഥികളെ കണ്ടെത്തുന്നതിനുള്ള തിരക്കിലാണ്. നാടിന്റെ വികസനത്തിന് മുന്നില്‍ നില്ക്കുന്നവരെയായിരിക്കണം സ്ഥാനാര്‍ത്ഥികളായി നിര്‍ത്തേണ്ടത്. അഴിമതിയും സ്വജന പക്ഷപാതവും ഉള്ളവരെ തിരിച്ചറിയാനും അത്തരക്കാരെ പുറത്തു നിര്‍ത്താനും രാഷ്ട്രീയ പാര്‍ട്ടികളും മുന്നണികളും തയ്യാറാവണം. നിയമസഭ, ലോക്സഭ തിരഞ്ഞെടുപ്പുകളില്‍ നിന്ന് വ്യത്യസ്തമായി പ്രാദേശിക പ്രശ്നങ്ങളില്‍ ഊന്നല്‍ നല്കി പ്രവര്‍ത്തിക്കുന്നവരായിരിക്കണം സ്ഥാനാര്‍ത്ഥികള്‍. പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ കോലാഹലമോ പണക്കൊഴുപ്പോ വേണ്ട. കേരളത്തിലെ പ്രബുദ്ധരായ ജനങ്ങള്‍ക്ക് സ്ഥാനാര്‍ത്ഥികളെ വിലയിരുത്താനും അര്‍ഹതപ്പെട്ടവരെ തിരഞ്ഞെടുക്കാനും ആര്‍ക്കും പഠിപ്പിച്ചുകൊടുക്കേണ്ടിവരില്ല.