ബേക്കല്‍: കോവിഡ് മാനദണ്ഡം ലംഘിച്ചതിന് ഹോട്ടല്‍ അടപ്പിക്കാനെത്തിയ പൊലീസ് സംഘവും ഹോട്ടലിലുണ്ടായിരുന്നവരും തമ്മില്‍ സംഘര്‍ഷം. പൊലീസിന്റെ ലാത്തിയടിയേറ്റ് പലര്‍ക്കും പരിക്കേറ്റു. സംഘര്‍ഷത്തില്‍ അഡീഷണല്‍ എസ്.ഐക്കും പരിക്കുണ്ട്.
ചൊവ്വാഴ്ച രാത്രി 11.30 മണിയോടെ ബേക്കല്‍ തൃക്കണ്ണാടിനടുത്ത സീ പാര്‍ക്ക് ഹോട്ടലിലാണ് പൊലീസും അവിടെ ഉണ്ടായിരുന്നവരും തമ്മില്‍ സംഘര്‍ഷം ഉണ്ടായത്. അക്രമത്തില്‍ ബേക്കല്‍ പൊലീസ് സ്റ്റേഷനിലെ അഡീണല്‍ എസ്.ഐ പി.ജെ. സെബാസ്റ്റ്യന്‍(54), സീ പാര്‍ക്ക് ഹോട്ടല്‍ ഉടമ ഷഫൈര് എന്നിവര്‍ അടക്കം പലര്‍ക്കും പരിക്കേറ്റു. സെബാസ്റ്റ്യന്‍ കാസര്‍കോട് ജനറല്‍ ആസ്പത്രിയിലും ഷഫൈര് സ്വകാര്യ ആസ്പത്രിയിലും ചികിത്സയിലാണ്. കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് രാത്രി വൈകി ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് അടപ്പിക്കാന്‍ ചെന്നപ്പോള്‍ ഇതിനെ ചോദ്യം ചെയ്ത് ഹോട്ടല്‍ ഉടമയുടെ നേതൃത്വത്തില്‍ പൊലീസിനെ അക്രമിക്കുകയാണുണ്ടായതെന്ന് അഡി. എസ്.ഐ. സെബാസ്റ്റ്യന്‍ പറഞ്ഞു. എന്നാല്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിക്കുന്ന വീഡിയോകളില്‍ പൊലീസ് ഹോട്ടലില്‍ കയറി ലാത്തി കൊണ്ട് പലരെയും അടിക്കുന്ന രംഗങ്ങളും കാണാം.
എസ്.ഐ അക്രമിക്കപ്പെട്ടതറിഞ്ഞ് സി.ഐ യു.പി. വിപിന്റെയും എസ്.ഐ രാജീവന്റെയും നേതൃത്വത്തില്‍ കൂടുതല്‍ പൊലീസുകാര്‍ സീ പാര്‍ക്ക് ഹോട്ടലിലെത്തിയിരുന്നു. ഹോട്ടലില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയായിരുന്ന പലരെയും പൊലീസ് തല്ലിയതായി പരാതിയുണ്ട്. പൊലീസിനെ അക്രമിച്ചതിനും കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിനും 15 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. റഷീദ് എന്നയാളെ അറസ്റ്റ് ചെയ്തു.