പൊയിനാച്ചി: വലിച്ചെറിയല്‍ മുക്ത കേരളം പദ്ധതിയുടെ ഭാഗമായി ചെമ്മനാട് പഞ്ചായത്തില്‍ ജനകീയ ശുചിത്വ ക്യാമ്പയിന് നടത്തി. പഞ്ചായത്തിലെ പാതയോരങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടികളെടുക്കാനും കളനാട് തോട്, കോളിയടുക്കം സ്കൂള്‍ പരിസരം തുടങ്ങിയ പ്രദേശങ്ങള്‍ ശുചീകരിക്കാനും തീരുമാനിച്ചു. വ്യാപാരികള്‍, ഓഡിറ്റോറിയം ഉടമകള്‍, ക്ഷേത്ര, പള്ളിക്കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തില്‍ ബന്ധപെട്ട ഉത്സവങ്ങള്‍, വിവാഹങ്ങള്‍, മറ്റ് മതപരമായ ചടങ്ങുകളില്‍ പ്ലാസ്റ്റിക്ക് ഉപയോഗം പരമാവധി കുറയ്ക്കന്നതിനും നിരോധിത പ്ലാസ്റ്റിക്കുകള്‍ പിടിച്ചെടുക്കുന്നതിനും തീരുമാനിച്ചു.
ജനകീയ ശുചിത്വ ക്യാമ്പയിന് പഞ്ചായത്ത് പ്രസിഡണ്ട് സുഫൈജ അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് മന്‍സൂര്‍ കുരിക്കള്‍, സ്ഥിരം സമിതി അധ്യക്ഷ രമഗംഗാധരന്‍, ആയിഷ അബൂബക്കര്‍, ശംസുദ്ദീന്‍ തെക്കില്‍, പഞ്ചായത്തംഗങ്ങാളയ രാജന് കെ. പൊയിനാച്ചി, അഹമ്മദ് കല്ലട്ര, സുജാത രാമകൃഷ്ണന്, ടി. ജാനകി, കെ.വി വിജയന്, എം.കെ പ്രദീഷ്, ഡോ. കായിഞ്ഞി, മുംതാസ് അബൂബക്കര്‍ പ്രസംഗിച്ചു.