നാഷണല്‍ @50

കാസര്‍കോട് നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന് 50 വയസ്. ദേശീയ-സംസ്ഥാന തലങ്ങളില്‍ തന്നെ ശ്രദ്ധിക്കപ്പെട്ട എണ്ണമറ്റ താരങ്ങള്‍ക്ക് ജന്മം നല്‍കിയ, കാസര്‍കോട്ടെ തന്നെ പഴക്കം ചെന്ന ക്ലബ്ബുകളിലൊന്നായ കാസര്‍കോട് നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് സുവര്‍ണ്ണ ജൂബിലി ആഘോഷത്തിന്റെ നിറവിലാണ്. 1972ന്റെ അവസാനത്തിലാണ് ക്ലബ്ബ് രൂപം കൊണ്ടത്. തളങ്കരയില്‍ നടന്ന ഒരു ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് നാഷണല്‍ ക്ലബ്ബിന്റെ രൂപീകരണത്തിന് വഴിവെച്ചതെന്നത് രസകരമായ മറ്റൊരു കാര്യം. ഇക്കാര്യം കളിയെഴുത്തുകാരനായ അബു കാസര്‍കോട് ക്ലബ്ബിന്റെ സില്‍വര്‍ ജൂബിലി സുവനീറില്‍ വ്യക്തമാക്കിയിട്ടുണ്ട്.1972 […]

കാസര്‍കോട് നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന് 50 വയസ്. ദേശീയ-സംസ്ഥാന തലങ്ങളില്‍ തന്നെ ശ്രദ്ധിക്കപ്പെട്ട എണ്ണമറ്റ താരങ്ങള്‍ക്ക് ജന്മം നല്‍കിയ, കാസര്‍കോട്ടെ തന്നെ പഴക്കം ചെന്ന ക്ലബ്ബുകളിലൊന്നായ കാസര്‍കോട് നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് സുവര്‍ണ്ണ ജൂബിലി ആഘോഷത്തിന്റെ നിറവിലാണ്. 1972ന്റെ അവസാനത്തിലാണ് ക്ലബ്ബ് രൂപം കൊണ്ടത്. തളങ്കരയില്‍ നടന്ന ഒരു ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് നാഷണല്‍ ക്ലബ്ബിന്റെ രൂപീകരണത്തിന് വഴിവെച്ചതെന്നത് രസകരമായ മറ്റൊരു കാര്യം. ഇക്കാര്യം കളിയെഴുത്തുകാരനായ അബു കാസര്‍കോട് ക്ലബ്ബിന്റെ സില്‍വര്‍ ജൂബിലി സുവനീറില്‍ വ്യക്തമാക്കിയിട്ടുണ്ട്.
1972 ആഗസ്ത് 15ന് തളങ്കര ഗവ. മുസ്ലിം ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ ഒരു ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് നടക്കുന്നു. ആറ് ടീമുകള്‍ മത്സര രംഗത്തുണ്ട്. കാസര്‍കോട് ഗവ. കോളേജിലെ പ്രൊഫസറായിരുന്ന പി.കെ ശേഷാദ്രിമാഷാണ് ഉദ്ഘാടനം ചെയ്തത്. കാസര്‍കോട് ഗവ. കോളേജ് ടീം, ഭാരത് സ്‌പോര്‍ട്‌സ് ക്ലബ്ബ് തായലങ്ങാടി, തെരുവത്ത് സ്‌പോര്‍ടിംഗ്, തളങ്കര മുസ്ലി ഹൈസ്‌കൂള്‍ ടീം, ഖാസിലേന്‍ സെവന്‍സ്, ഭാരത് സ്‌പോര്‍ട്‌സ് ക്ലബ്ബ് ജൂനിയര്‍ എന്നിവയായിരുന്നു ആ ടൂര്‍ണമെന്റില്‍ ബൂട്ടണിഞ്ഞത്. നല്ല രീതിയില്‍ തന്നെ മത്സരം കലാശപ്പോരാട്ടത്തിലേക്കെത്തി. ഫൈനല്‍ മത്സരത്തില്‍ ഗവ. കോളേജ് ടീമും തെരുവത്ത് സ്‌പോര്‍ട്ടിംഗും തമ്മിലാണ് മത്സരം. എന്നാല്‍ മത്സരം ഏകപക്ഷീയമായിരുന്നു. ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്ക് കാസര്‍കോട് ഗവ. കോളേജ് ടീം തെരുവത്ത് സ്‌പോര്‍ടിംഗ് ക്ലബ്ബിനെ തകര്‍ത്തു. മത്സരം കഴിഞ്ഞാല്‍ പന്ത് സ്വന്തമാക്കാനുള്ള 'മത്സരങ്ങള്‍' ഗ്രൗണ്ടുകളില്‍ സാധാരണമാണ്. ഫൈനല്‍ മത്സരത്തിന് അവസാന വിസില്‍ മുഴങ്ങിയപ്പോള്‍ കളിക്കാനുപയോഗിച്ച പന്തിന്റെ ഉടമസ്ഥാവകാശം സ്ഥാപിക്കാനുള്ള പരക്കം പാച്ചിലില്‍ സ്‌കൂള്‍ ടീം കളിക്കാരും കോളേജ് ടീം കളിക്കാരും തമ്മില്‍ കയ്യാങ്കളി നടന്നു. ഒരു കൂട്ടം മറ്റൊരു കൂട്ടരുടെ കിറ്റും വസ്ത്രങ്ങളും കക്കൂസ് ടാങ്കുകളില്‍ നിക്ഷേപിക്കുക വരെ ചെയ്തു. ഇതോടെ തളങ്കരയിലെ കോളേജ് ടീം കളിക്കാരും എണ്ണത്തില്‍ കൂടുതലുള്ള മുസ്ലിം ഹൈസ്‌കൂള്‍ കളിക്കാരും തമ്മില്‍ രൂക്ഷമായ അഭിപ്രായ വ്യത്യാസമായി. രണ്ട് കൂട്ടരും തമ്മിലുള്ള പ്രശ്‌നം രമ്യമായി പരിഹരിക്കാനുള്ള ശ്രമമായി പിന്നീട്. ഇതോടെയാണ് തളങ്കര കേന്ദ്രീകരിച്ച് ഒരു ക്ലബ്ബ് രൂപീകരിക്കണമെന്ന ചിന്ത മുളച്ചത്. അതിനുള്ള പ്രാരംഭ പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്തു. അബു കാസര്‍കോടിന്റെയും ഹനീഫ് ചെമനാടിന്റെയും നേതൃത്വത്തില്‍ ഒരു സംഘം ഉദുമയില്‍ ചെന്ന് മുഹമ്മദ് കുഞ്ഞി മാഷിനെയും അക്കാലത്തെ മികച്ച ഗോള്‍ കീപ്പറായിരുന്ന ഉദുമയിലെ രഞ്ജീസ് തീയേറ്റര്‍ ഉടമ ബാലകൃഷ്ണനെയും ചെന്നുകണ്ടു. അവരും ഒരു ക്ലബ്ബുണ്ടാക്കുന്നതിന് അനുകൂല നിലപാടാണ് സ്വീകരിച്ചത്. അധികം വൈകിയില്ല.
മുഹമ്മദ് കുഞ്ഞി മാസ്റ്ററുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വെച്ച് കെ.എസ് അബ്ദുല്ല പ്രസിഡണ്ടും ഹസ്സന്‍ മാസ്റ്റര്‍ സെക്രട്ടറിയും പക്കീരേട്ടന്‍ ഖജാഞ്ചിയും കുഞ്ഞി മാസ്റ്റര്‍ വൈസ് പ്രസിഡണ്ടും അബു കാസര്‍കോടും ഹനീഫ് ചെമനാടും ജോയിന്റ് സെക്രട്ടറിമാരുമായി ആദ്യത്തെ കമ്മിറ്റി നിലവില്‍ വന്നു.
പിന്നീട് കണ്ടത് കാസര്‍കോട് നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ജൈത്രയാത്രയാണ്. ദക്ഷിണ കര്‍ണ്ണാടകയിലും വടക്കന്‍ കേരളത്തിലും ചെന്നിടത്തെല്ലാം ടീം വിജയക്കൊടി പറത്തി. അത്രമാത്രം ശക്തമായൊരു ഫുട്‌ബോള്‍ ടീം അന്ന് കാസര്‍കോട് നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിനുണ്ടായിരുന്നു.
തെക്ക് കണ്ണപുരം മുതല്‍ വടക്ക് സൂറത്ത്കല്‍ വരെ നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് ജൈത്രയാത്ര നടത്തിയ കാലമായിരുന്നു 1970-80 കളുടെ കാലഘട്ടം. 1973ലെ ആദ്യ സീസണില്‍ പയ്യന്നൂര്‍, ഉദുമ, ബേക്കല്‍, മംഗലാപുരം, കാഞ്ഞങ്ങാട്, സൂറത്ത്കല്‍, കരിവെള്ളൂര്‍, നീലേശ്വരം, ഉപ്പള മുതലായ പ്രമുഖ ടൂര്‍ണമെന്റുകളില്‍ കാസര്‍കോട് നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് ചാമ്പ്യന്മാരായി. രാജ്യത്തെ തന്നെ പ്രമുഖ ടൂര്‍ണമെന്റുകളില്‍ ഒന്നായ ബാംഗ്ലൂര്‍ സ്റ്റെഫേര്‍ഡ് കപ്പില്‍ മത്സരിക്കാനുള്ള അര്‍ഹത നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിനെ തേടിയെത്തിയത് അക്കാലത്തെ വലിയൊരു സംഭവം തന്നെയായിരുന്നു. ആ കാലത്ത് നാടിന്റെ അഭിമാനമായി വെട്ടിത്തിളങ്ങിയ മികച്ച ക്ലബ്ബായിരുന്നു നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ്. എ.എസ് മുഹമ്മദ് കുഞ്ഞി, സ്‌ട്രൈക്കര്‍ അബ്ദുല്ല, ഇല്ല്യാസ് എ. റഹ്മാന്‍, അബു കാസര്‍കോട്, കരുണന്‍ കാഞ്ഞങ്ങാട്, കെ.വി ബാലകൃഷ്ണന്‍, ബദറുദ്ദീന്‍ പൊയക്കര, നൗഷാദ് പൊയക്കര, ഷംസുദ്ദീന്‍, ടി.എ നൂറുദ്ദീന്‍, കെ.എസ് ഖാദര്‍, പി. മഹമൂദ്, ബീരാന്‍ മുഹമ്മദ് കുഞ്ഞി, ബാലകൃഷ്ണന്‍, അഡ്വ. ഭദ്രകുമാര്‍, സി.എസ് അബ്ദുല്‍ അസീസ് തുടങ്ങിയവരാണ് ആദ്യ കാലങ്ങളില്‍ നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിലെ ജ്വലിച്ച് നിന്നിരുന്ന താരങ്ങളെന്ന് ആദ്യകാല സെക്രട്ടറി കെ. ഹസന്‍ മാസ്റ്റര്‍ കുറിച്ചിരുന്നു.
കാസര്‍കോട് കണ്ണൂര്‍ ജില്ലയുടെ ഭാഗമായിരുന്ന കാലത്ത് 1974ല്‍, നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് ജില്ലാ ബി ഡിവിഷന്‍ കിരീടം ചൂടിയ മത്സരം ഇന്നും കാസര്‍കോടിന് മറക്കാനാവില്ല. അവിഭക്ത കണ്ണൂര്‍ ജില്ലയിലെ മികച്ച ടീമുകളോട് മാറ്റുരച്ചാണ് അന്ന് നാഷണല്‍ കിരീടം ചൂടിയത്. കണ്ണൂര്‍ പൊലീസ് മൈതാനിയിലായിരുന്നു മത്സരം. ഒരു ഗോള്‍ പോലും വഴങ്ങാതെ എതിര്‍ടീമിനെ ആറു ഗോളുകള്‍ക്ക് കെട്ടുകെട്ടിച്ചാണ് നാഷണല്‍ അന്ന് കിരീടത്തില്‍ മുത്തമിട്ടത്. എ.എസ് മുഹമ്മദ് കുഞ്ഞിയായിരുന്നു ക്യാപ്റ്റന്‍. ടീമിന് കാസര്‍കോട് റെയില്‍വെസ്റ്റേഷനില്‍ നല്‍കിയ സ്വീകരണം തിളക്കം ഒട്ടും ചോരാതെ ഇന്നും കാസര്‍കോടിന്റെ കണ്ണുകളിലുണ്ട്. കെ.എസ് അബ്ദുല്ലയുടെ നേതൃത്വത്തില്‍ ടീം അംഗങ്ങളെ സ്വീകരിച്ച് തുറന്ന ജീപ്പിലിരുത്തിയാണ് തളങ്കരയിലേക്ക് ആനയിച്ചത്. പിന്നീട് 25 വര്‍ഷങ്ങള്‍ക്ക് ശേഷം 1998ല്‍ വീണ്ടും കാസര്‍കോട് നാഷണല്‍ ക്ലബ്ബ് ജില്ലാ കിരീടം സ്വന്തമാക്കി. വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ ആക്മി തൃക്കരിപ്പൂരിനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കെ.എം ഹാരിസ് നയിച്ച കാസര്‍കോട് നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് കിരീടം തിരിച്ചുപിടിച്ചത്. ഇതേ വര്‍ഷം പ്രസിഡണ്ട് ഹസൈനാര്‍ ഹാജി തളങ്കരയുടെ നേതൃത്വത്തില്‍ ക്ലബ്ബിന് സ്വന്തമായി ഒരു കെട്ടിടം വിലക്ക് വാങ്ങാനും സില്‍വര്‍ ജൂബിലി സുവനീര്‍ പുറത്തിറക്കാനും സാധിച്ചു.
ക്ലബ്ബിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷത്തിന് മുന്‍ പ്രസിഡണ്ട് എന്‍.എ സുലൈമാന്‍ സ്മാരക ട്രോഫി ജില്ലാതല ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പോടെ ഇന്ന് തുടക്കമാകുന്നു. കെ.എം ഹനീഫ് പ്രസിഡണ്ടും ടി.എ ഷാഫി, കെ.എം ബഷീര്‍, ടി.എ അബ്ദുല്‍റഹ്മാന്‍ എന്നിവര്‍ വൈസ് പ്രസിഡണ്ടും എന്‍.കെ അന്‍വര്‍ ജനറല്‍ സെക്രട്ടറിയും പി.കെ സത്താര്‍, ഫൈസല്‍ പടിഞ്ഞാര്‍, കരീം ഖത്തര്‍ ജോയിന്റ് സെക്രട്ടറിമാരും ടി.എ മുഹമ്മദ് കുഞ്ഞി ട്രഷററുമായുള്ള കമ്മിറ്റിയാണ് ടൂര്‍ണമെന്റിന് നേതൃത്വം നല്‍കുന്നത്.
വൈകിട്ട് 5 മണിക്ക് കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍ ഉദ്ഘാടനം ചെയ്യും. ടൗണ്‍ സി.ഐ അജിത്കുമാര്‍, കെ.എച്ച് സലിം എന്നിവര്‍ മുഖ്യാതിഥികളാവും. ജേതാക്കള്‍ക്ക് ഒരു ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് അരലക്ഷം രൂപയുമാണ് സമ്മാനം.

ടി.എ ഷാഫി

Related Articles
Next Story
Share it