ബേക്കല്‍: ഉദുമയില്‍ നിന്ന് കൊണ്ടോട്ടി സ്വദേശി അന്‍വറിനെ(30) തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ബേക്കല്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. തട്ടിക്കൊണ്ടുപോകുന്നത് നേരില്‍ കണ്ട നാസറിന്റെ പരാതിയില്‍ കണ്ടാലറിയാവുന്ന 12 പേര്‍ക്കെതിരെ കേസെടുത്തു. സംഘത്തില്‍പെട്ട ഒരാള്‍ പൊലീസ് കസ്റ്റഡിയിലാണ്. സംഭവത്തിലെ സൂത്രധാരന്‍ റാഷിദ് കോടിയാണെന്ന് പൊലീസ് പറഞ്ഞു. റാഷിദടക്കമുള്ള പ്രതികളെ അന്വേഷിച്ചുവരികയാണ്. ഉദുമ പഞ്ചായത്ത് കാര്യാലയത്തിന് എതിര്‍വശത്തുള്ള ലോഡ്ജില്‍ നിന്ന് ഇന്നലെ പുലര്‍ച്ചെയാണ് അന്‍വറിനെ കാറില്‍ തട്ടിക്കൊണ്ടുപോയത്. ഒപ്പമുണ്ടായിരുന്ന നാസര്‍, മിഥുലാജ് എന്നിവരെ കത്തികാണിച്ച് ഭീഷണിപ്പെടുത്തിയ ശേഷമാണ് തട്ടിക്കൊണ്ടുപോയത്. കര്‍ണാടകയിലെ ഹാസന് ഭാഗത്തേക്ക് നീങ്ങുന്നതായി മനസിലാക്കിയ ബേക്കല്‍ പൊലീസ് ഹാസന് എ.എസ്.പി നിശാന്തിനിയെ വിവരമറിയിക്കുകയായിരുന്നു. എ.എസ്.പിയുടെ നിര്‍ദേശപ്രകാരം കര്‍ണാടക ഗോരൂര്‍ പേട്ട പൊലീസ് ഇന്‍സ്പെക്ടര്‍ സാഗറിന്റെയും ഹാസന് അഡീഷണല്‍ എസ്.ഐ നന്ദിനിയുടെയും നേതൃത്വത്തിലുള്ള പൊലീസ് സംഘം റോഡില്‍ ലോറി കുറുകെയിട്ട് മാര്‍ഗതടസം സൃഷ്ടിച്ചു. ഇതോടെ സംഘം അന്വറിനെയം വാഹനവും ഉപേക്ഷിച്ച് കടന്നുകളയുകയാണുണ്ടായത്. ബേക്കല്‍ ഡി.വൈ.എസ്.പി സി.കെ സുനില്‍കുമാര്‍, സി.ഐ പി രാജേഷ്,എസ്.ഐമാരായ രാജീവന്, ജോണ്‍, സിവില്‍ പൊലീസ് ഓഫീസര്‍ അബൂബക്കര്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് അന്വേഷണം നടത്തുന്നത്. പ്രതികളെല്ലാം ഉദുമ, മാങ്ങാട് ഭാഗത്തുള്ളവരാണെന്നാണ് വിവരം അന്‍വറിനെ തട്ടിക്കൊണ്ടുപോകാന്‍ സംഘം ഉദുമയില്‍ തമ്പടിക്കുകയും പദ്ധതി നടപ്പാക്കുകയുമായിരുന്നു.പ്രതികളെല്ലാം ലഹരി ഉപയോഗിക്കുന്നവരാണെന്നും സ്വര്‍ണ ഇടപാടുമായി ഇവര്‍ക്ക് ബന്ധമില്ലെന്നും പൊലീസ് പറഞ്ഞു. ജൈവകൃഷിക്കായി മനുഷ്യരുടെ മുടിയെടുക്കുന്ന കമ്പനിയില്‍ ജോലി ചെയ്യാനാണ് അന്‍വര്‍ കൊണ്ടോട്ടിയില്‍ നിന്ന് ഉദുമയിലേക്ക് വന്നത്.