ബദ്‌രിയ ഹോട്ടല്‍, അബ്ദുല്‍ ഖാദര്‍ ഹാജി, ബദര്‍ ദിനം

ഒരു പിടി ഓര്‍മ്മകളുമായി മറ്റൊരു റമദാന്‍ 17 കൂടി കടന്ന് വന്നിരിക്കുന്നു. കാസര്‍കോട്ടെ ന്യൂ ബദ്‌രിയ റസ്റ്റോറന്റ് പരിസരത്തെത്തിയാല്‍ ആ സ്മരണ കൂടുതല്‍ ദീപ്തമാവും. ബദരിയ കുടുംബത്തിന് ബദര്‍ ദിനം കുറേക്കൂടി സ്വകാര്യവും സന്താപാര്‍ദ്രവുമായ ഒരോര്‍മ്മ നാളാണ്. 1974ലെ അങ്ങനെയൊരു ബദര്‍ദിന ഓര്‍മ്മകള്‍ വിങ്ങുന്ന നാളിലാണ് ബദ്‌രിയ അബ്ദുല്‍ഖാദര്‍ ഹാജിയുടെ വേര്‍പാട് സംഭവിച്ചത്. ഇസ്ലാമിക ചരിത്രത്തിന്റെ നാള്‍വഴികളില്‍ വളരെ ശ്രേഷ്ഠമായ ദിനങ്ങളിലൊന്നാണിത്. ഇസ്ലാമിന് വേണ്ടി ബദറില്‍ വെച്ച് ആദ്യത്തെ സംഘടിതമായ ഏറ്റുമുട്ടലില്‍ രക്തസാക്ഷികളായവരുടെ ഓര്‍മ്മ ദിനം. പ്രവാചകന്റെ […]

ഒരു പിടി ഓര്‍മ്മകളുമായി മറ്റൊരു റമദാന്‍ 17 കൂടി കടന്ന് വന്നിരിക്കുന്നു. കാസര്‍കോട്ടെ ന്യൂ ബദ്‌രിയ റസ്റ്റോറന്റ് പരിസരത്തെത്തിയാല്‍ ആ സ്മരണ കൂടുതല്‍ ദീപ്തമാവും. ബദരിയ കുടുംബത്തിന് ബദര്‍ ദിനം കുറേക്കൂടി സ്വകാര്യവും സന്താപാര്‍ദ്രവുമായ ഒരോര്‍മ്മ നാളാണ്. 1974ലെ അങ്ങനെയൊരു ബദര്‍ദിന ഓര്‍മ്മകള്‍ വിങ്ങുന്ന നാളിലാണ് ബദ്‌രിയ അബ്ദുല്‍ഖാദര്‍ ഹാജിയുടെ വേര്‍പാട് സംഭവിച്ചത്. ഇസ്ലാമിക ചരിത്രത്തിന്റെ നാള്‍വഴികളില്‍ വളരെ ശ്രേഷ്ഠമായ ദിനങ്ങളിലൊന്നാണിത്. ഇസ്ലാമിന് വേണ്ടി ബദറില്‍ വെച്ച് ആദ്യത്തെ സംഘടിതമായ ഏറ്റുമുട്ടലില്‍ രക്തസാക്ഷികളായവരുടെ ഓര്‍മ്മ ദിനം. പ്രവാചകന്റെ നേതൃത്വത്തില്‍ ആത്മവിശ്വാസം മാത്രം കൈമുതലായ പരിമിതമായ വിശ്വാസികള്‍, മെക്കയിലെ മുശ്‌രിക്കുകളുടെ വന്‍ സന്നാഹത്തോട് ഏറ്റുമുട്ടി വിജയം കൈവരിച്ച സുദിനം. പക്ഷെ അതൊരു ആഘോഷമായല്ല മുസ്ലിം ലോകം അന്നു തൊട്ടെ ആചരിച്ചു വരുന്നത്. മറിച്ച് രക്തസാക്ഷികളായ ഒരു പറ്റം മുസ്ലിം പടയാളികളുടെ ഓര്‍മ്മ ദിനമായിട്ടാണ്.
അബ്ദുല്‍ഖാദര്‍ ഹാജി സാഹബ് ഓര്‍മ്മിക്കപ്പെടുന്നത് കേവലം ബദ്‌രിയ റസ്റ്റോറന്റ് എന്നൊരു സ്ഥാപനം കാസര്‍കോട് നഗരത്തില്‍ സ്ഥാപിച്ചു എന്നതിലല്ല, മറിച്ച് അദ്ദേഹം ഇവിടെ അതിനു ശേഷം സംഭവിച്ച രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരികമായ പരിവര്‍ത്തനങ്ങളിലെല്ലാം മുന്നിലോ പിന്നിലോ ആയി ഉണ്ടായിരുന്നു. അത് ഈ നഗരത്തില്‍ ഇത്തരമൊരു ഹോട്ടല്‍ കേന്ദ്രം സ്ഥാപിക്കുന്നതിലൂടെ ഏകോപിപ്പിക്കാനാവുമെന്നും അദ്ദേഹം കണ്ടെത്തി. മുബൈയില്‍ ദീര്‍ഘകാലം ഹോട്ടല്‍ മേഖലയില്‍ തൊഴില്‍ ചെയ്ത് ആര്‍ജ്ജിച്ച പരിചയസമ്പത്തുമായി നാട്ടിലെത്തി 1948ല്‍ മത്സ്യ മാര്‍ക്കറ്റിന് മുന്‍വശം സ്ഥാപിക്കാന്‍ പോകുന്ന ഹോട്ടലിന് ഒരു പേര് കണ്ടത്തേണ്ട സന്ദര്‍ഭം വന്നപ്പോള്‍ ഹാജി സാഹിബിന് അധികം ആലോചിക്കേണ്ടി വന്നില്ല. തല്‍ക്ഷണം മനസില്‍ ഉയര്‍ന്നു വന്ന പേര് ബദ്‌രിയ എന്നതാണ്. ഒരു സത്യസന്ധമായ സ്ഥാപനം മുന്നോട്ട് നയിച്ചു കൊണ്ട് പോകുന്നതിലൂടെ അന്വര്‍ത്ഥമാകുന്ന പേര്. ഇന്നും ബദ്‌രിയ ഹോട്ടല്‍ കാലോചിതമായ മാറ്റങ്ങളോടെ പഴയ അതേ രീതികളുമായി ഇവിടെയുണ്ട്. ബദ്‌രിയ അബ്ദുല്‍ഖാദര്‍ ഹാജി 1974ല്‍ ഒരു ബദര്‍ ദിനത്തില്‍ തന്നെ, ഇഹലോക ജീവിതത്തോട് വിടപറഞ്ഞത് യാദൃച്ഛികത മാത്രമാവാം.
1957ലാണ് ന്യൂ ബദ്‌രിയ റസ്റ്റോറന്റ് എന്ന പേരില്‍ അതിന്റെയൊരു കൈവഴി വിപുലവും പേര് പോലെ ആധുനികവത്ക്കരിച്ചും കൊണ്ട് എം.ജി. റോഡില്‍ സ്ഥാപിതമാകുന്നത്. അന്നത്തെ കാസര്‍കോട് ടൗണ്‍ എന്നത് ബാങ്ക് റോഡ്, താലൂക് ഓഫീസ് പരിസരവും തായലങ്ങാടിയുമാണ്. ആ ചെറു ടൗണിനെ ജാല്‍സൂര്‍ (ഇന്നത്തെ എം.ജി. റോഡ്) റോഡിലേക്ക് വികസിപ്പിച്ചത് ഹോം വിങ്ക്‌സ് ലോഡ്ജും അവിടെ സ്ഥാപിതമായ ഈ ബദ്‌രിയ ഹോട്ടലുമാണ്. ബദ്‌രിയ അബ്ദുല്‍ഖാദര്‍ ഹാജി എന്ന പേര് കാസര്‍കോട്ടെ സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക രംഗത്ത് പ്രശസ്തമാകുന്നതും അതോടെയാണ്. ഹോട്ടലിന്റെ കവാടത്തിന് തൊട്ടുള്ള ഗല്ലക്കകത്ത് അത്തറിന്റെ ഒരു നറു മണവുമായി നില്‍ക്കുന്ന വ്യക്തി ഞങ്ങളുടെയൊക്കെ ഓര്‍മ്മയിലുമുണ്ട്. തൂവെള്ളക്കുപ്പായവും തലയില്‍ ഒരു വശത്തായി പിന്നിലേക്ക് ഒരു വാല് താഴുന്ന ശുഭ്ര വെള്ള തട്ടക്കെട്ടും ശാന്തഭാവം തുടിക്കുന്ന മുഖത്ത് ഒരിളം ചിരിയും. ഉപ്പ തന്നെയാണ് ആദ്യമായി എന്നെ ഹോട്ടലിലേക്ക് കൂട്ടിക്കൊണ്ട് പോയത്. ഉപ്പ ഹാജി സാഹബുമായി പല വേളകളിലും അല്‍പം സംസാരിച്ചു നില്‍ക്കുന്നതും കണ്ടതായോര്‍ക്കുന്നു.
ബദ്‌രിയ ഹാജി സാഹിബ് കാസര്‍കോടിന് പരിചയപ്പെടുത്തിയ ഒരു ഹോട്ടല്‍ സംസ്‌കാരം, ഒരു നൂതന ഹോട്ടല്‍ നടത്തിപ്പ് ശൈലി, അതിനെ ഇന്നുമിവിടാരും മറി കടന്നിട്ടില്ല. മകന്‍ ഹനീഫ് ബദ്‌രിയയുടെ നേതൃത്വത്തില്‍ അതിപ്പോഴും രാപ്പകലെന്നില്ലാതെ ചലിച്ചു പോകുന്നു എന്നത് ഹാജി സാഹിബിന്റെ നന്മയുടെ ഊര്‍ജ്ജവും കൂടി കൊണ്ട് തന്നെയാണ്. അതിന്റെ അടിസ്ഥാനപരവും സാംസ്‌കാരിക-(ഒട്ടിയ കീശയും ഒട്ടിയ വയറും തിരിച്ചറിയുന്ന) പരവുമായ അലകും പിടിയും മാറ്റുന്നത് വരെ ബദ്‌രിയ ഹാജി സാഹിബുമിവിടെ സ്മരിക്കപ്പെട്ടു കൊണ്ടേയിരിക്കുമെന്നതിന് സംശയമില്ല. ഈയിടെ അന്തരിച്ച മുബാറക് മുഹമ്മദ് ഹാജി, ബദ്‌രിയ ഹാജി സാഹിബിന്റെ സന്തത സഹചാരിയും സമകാലികരില്‍ ഒരാളുമായിരുന്നു. ഒരു സംസാര മധ്യേ അദ്ദേഹം പറയുകയുണ്ടായി. ബദ്‌രിയ ഹാജി സാഹിബിന്റെ ജനസമ്മതിയും പിന്നെ ആ തന്റേടവും സമകാലീനരില്‍ ആരിലും കാണാന്‍ കിട്ടാത്തതാണ്. ഒരു വല്ലാത്ത ഊര്‍ജ്ജപ്പകര്‍ച്ച അനുഭവപ്പെടുന്ന സാന്നിധ്യമാണ് ഹാജി സാഹബിന്റേത്. ജ്യേഷ്ഠന്‍ കുഞ്ഞാമു സാഹിബുമായി തുടക്കമിട്ട ബന്ധമാണ് പിന്നീട് അബ്ദുല്‍ ഖാദര്‍ ഹാജിയിലൂടെ ഞങ്ങള്‍ തുടര്‍ന്നത്. മരണം വരെ അത് നില നിന്നു. കാസര്‍കോട്ട് മലയാളം പഠിക്കാന്‍ സൗകര്യം വേണമെന്ന ആവശ്യത്തിന് കോടോത്ത് നാരായണന്‍ നായര്‍ പ്രസിഡണ്ടും സി.എല്‍. മാഹിന്‍ വക്കീല്‍ സെക്രട്ടറിയുമായി മലയാള മഹാജനസഖ്യം രൂപീകൃതമാവുന്നത് 1954ലാണ്. അന്നും അതിന്റെ പിറകില്‍ നിന്ന് ഊര്‍ജ്ജം പകര്‍ന്നവരില്‍ ഹാജി സാഹിബുമുണ്ട്. ഹോട്ടല്‍ ആരംഭിച്ച എതാനും മാസങ്ങള്‍ കൊണ്ട് തന്നെ കാസര്‍കോടിന്റെ പൊതു ശ്രദ്ധ ഹാജി സാഹിബിലേക്ക് കേന്ദ്രീകരിക്കുന്നു. രാത്രി കാലത്ത് പ്രധാന തെരുവിലൂടെ പോലും കൈയില്‍ വിളക്കില്ലാതെ നടക്കാനാവാത്ത ഒരു കാസര്‍കോട്ട്, ഈ പരിസരം ഒരു തുരുത്ത് പോലെ പലര്‍ക്കും അഭയമായി. രാത്രിയുടെ ഏത് യാമത്തിലും ഈ ഹോട്ടല്‍ അപരിചിതരായ, വിദൂര യാത്രക്കാര്‍ക്കും, ഇടത്താവളവും വിശപ്പ് മാറ്റുന്ന ഇടവുമായി മാറി.
പകല്‍ വേളകളില്‍ തന്നെ പരിമിതമായ ബസ്സുകള്‍. 7 മണിയോടെ എല്ലാം അവസാനിക്കും. അങ്ങനെയൊരു കാസര്‍കോട്ട് റമദാനിന്റെ ആരംഭം, പെരുന്നാള്‍ പിറ വിവരങ്ങളറിയാന്‍ കാസര്‍കോടിന്റെ ഉള്‍നാടുകളില്‍ നിന്നുമെത്തിയവര്‍ ആ മുറ്റത്ത് തടിച്ചു കൂടി നില്‍ക്കുന്നതിന്റെ ഒരവ്യക്ത ചിത്രം ഇപ്പോഴും മനസിലുണ്ട്.
ബദ്‌രിയ ആരംഭിച്ച ഘട്ടത്തില്‍ തന്നെ 24 മണിക്കൂര്‍ സര്‍വീസ് നിലവില്‍ വന്നിരുന്നു. 7മണിക്ക് പൂട്ടിപ്പോകുന്ന ഹോട്ടലുകളെ അന്നീ കാസര്‍കോട്ട് ഉണ്ടായിരുന്നുള്ളൂ.
പലയിടത്തും സംഘര്‍ഷങ്ങളും രാപ്പകല്‍ സമരങ്ങളും നടക്കുന്ന കാലം. അതിനൊരു പരിഹാരമെന്ന നിലയില്‍, ഒരു പൊലീസ് മുഖ്യനാണ് ഇത്തരമൊരു നിര്‍ദ്ദേശം വെക്കുന്നത്. ഹാജി സാഹിബ് അത് ഏറ്റെടുത്തു. ഔദ്യോഗീക അനുമതി പൊലീസ് വകുപ്പിന്റെ സഹായത്തോടെ തന്നെ ലഭ്യമാവുകയു ചെയ്തു.
1950-60 കളുടെ കാസര്‍കോടിനെ സംബന്ധിച്ചിടത്തോളം അതൊരു വലിയ കാല്‍വെപ്പ് തന്നെയായിരുന്നു. ഏത് കലുഷിത കാലത്തും ബദ്‌രിയ പരിസരം എന്നും ശാന്തമായിരുന്നു. അന്നു തുടങ്ങിയ 24 മണിക്കൂറും മുറിയാത്ത സേവനം കോവിഡ് പോലുള്ള ചില ബ്രെയിക്കൊഴിച്ച് ഇന്നും തുടരുന്നു.


-എ.എസ് മുഹമ്മദ്കുഞ്ഞി

Related Articles
Next Story
Share it