നോമ്പും ബദറും
ഇന്ന് റമദാന്‍ 17. ബദറില്‍ സത്യം അസത്യത്തോട് പോരാടി നേടിയ വിരോചിത വിജയത്തിന്റെ ഓര്‍മ്മദിനം. റമദാനിലെ പോരിശ നിറഞ്ഞ ഒരു ദിനമാണ് റമദാന്‍ 17-ബദര്‍ ദിനം. കുട്ടിക്കാലത്തെ നോമ്പുകളെ ഓര്‍ക്കുമ്പോഴൊക്കെ ആദ്യം കടന്നുവരുന്നത് ബദര്‍ ദിന ഓര്‍മ്മകളാണ്. ആ ഓര്‍മ്മകള്‍ക്ക് മഞ്ഞളില അപ്പത്തിന്റെ മണമുണ്ട്.ബദറിന്റെ ചരിത്രം ത്രസിപ്പിക്കുന്നതാണ്. എണ്ണത്തിലും വണ്ണത്തിലും കുറവായ വിശ്വാസികള്‍ അവ രണ്ടും ഏറെയുണ്ടായിരുന്ന ശത്രുസേനയോട് എതിരിട്ട് ജയിച്ചത് സത്യത്തിന്റെ വിജയമായി 1400 വര്‍ഷങ്ങള്‍ക്കിപ്പുറവും കാലം നമ്മോട് വിളിച്ചുപറയുന്നു.ഹിജ്‌റ രണ്ടാം വര്‍ഷം റമദാന്‍ 17നായിരുന്നു […]
ഇന്ന് റമദാന്‍ 17. ബദറില്‍ സത്യം അസത്യത്തോട് പോരാടി നേടിയ വിരോചിത വിജയത്തിന്റെ ഓര്‍മ്മദിനം. റമദാനിലെ പോരിശ നിറഞ്ഞ ഒരു ദിനമാണ് റമദാന്‍ 17-ബദര്‍ ദിനം. കുട്ടിക്കാലത്തെ നോമ്പുകളെ ഓര്‍ക്കുമ്പോഴൊക്കെ ആദ്യം കടന്നുവരുന്നത് ബദര്‍ ദിന ഓര്‍മ്മകളാണ്. ആ ഓര്‍മ്മകള്‍ക്ക് മഞ്ഞളില അപ്പത്തിന്റെ മണമുണ്ട്.ബദറിന്റെ ചരിത്രം ത്രസിപ്പിക്കുന്നതാണ്. എണ്ണത്തിലും വണ്ണത്തിലും കുറവായ വിശ്വാസികള്‍ അവ രണ്ടും ഏറെയുണ്ടായിരുന്ന ശത്രുസേനയോട് എതിരിട്ട് ജയിച്ചത് സത്യത്തിന്റെ വിജയമായി 1400 വര്‍ഷങ്ങള്‍ക്കിപ്പുറവും കാലം നമ്മോട് വിളിച്ചുപറയുന്നു.ഹിജ്‌റ രണ്ടാം വര്‍ഷം റമദാന്‍ 17നായിരുന്നു […]

ഇന്ന് റമദാന്‍ 17. ബദറില്‍ സത്യം അസത്യത്തോട് പോരാടി നേടിയ വിരോചിത വിജയത്തിന്റെ ഓര്‍മ്മദിനം. റമദാനിലെ പോരിശ നിറഞ്ഞ ഒരു ദിനമാണ് റമദാന്‍ 17-ബദര്‍ ദിനം. കുട്ടിക്കാലത്തെ നോമ്പുകളെ ഓര്‍ക്കുമ്പോഴൊക്കെ ആദ്യം കടന്നുവരുന്നത് ബദര്‍ ദിന ഓര്‍മ്മകളാണ്. ആ ഓര്‍മ്മകള്‍ക്ക് മഞ്ഞളില അപ്പത്തിന്റെ മണമുണ്ട്.
ബദറിന്റെ ചരിത്രം ത്രസിപ്പിക്കുന്നതാണ്. എണ്ണത്തിലും വണ്ണത്തിലും കുറവായ വിശ്വാസികള്‍ അവ രണ്ടും ഏറെയുണ്ടായിരുന്ന ശത്രുസേനയോട് എതിരിട്ട് ജയിച്ചത് സത്യത്തിന്റെ വിജയമായി 1400 വര്‍ഷങ്ങള്‍ക്കിപ്പുറവും കാലം നമ്മോട് വിളിച്ചുപറയുന്നു.
ഹിജ്‌റ രണ്ടാം വര്‍ഷം റമദാന്‍ 17നായിരുന്നു ബദര്‍ യുദ്ധം നടന്നത്. നോമ്പ് നോറ്റ് വിശന്നൊട്ടിയ വയറുമായി 313 ധീരസേനാംഗങ്ങള്‍ പ്രവാചകന്‍ മുഹമ്മദ് (സ)ക്കൊപ്പം സത്യത്തിന്റെ വിജയത്തിന് വേണ്ടി നടത്തിയ പോരാട്ടമായിരുന്നു അത്. ധര്‍മ്മസമരത്തില്‍ വിജയം സത്യത്തിനൊപ്പം നിന്ന ബദര്‍ യുദ്ധ ചരിത്രം 1400 വര്‍ഷങ്ങള്‍ക്ക് ശേഷവും വിശ്വാസികള്‍ സ്മരിക്കുന്നു. ഒരു പക്ഷത്ത് സത്യത്തിന്റെ പ്രതീകമായ പ്രവാചകന്‍ മുഹമ്മദും ഏതാനും അനുയായികളും. മറുപക്ഷത്ത് ഇസ്ലാമിന്റെ കൊടിയ ശത്രു അബുജഹലിന്റെ നേതൃത്വത്തില്‍ ആയിരത്തോളം വരുന്ന സൈനികര്‍. അവര്‍ക്കൊപ്പം കുതിരപ്പടയും എണ്ണമറ്റ ആയുധങ്ങളുമുണ്ട്. വ്യാപാരത്തിന് വേണ്ടി ബദര്‍ താഴ്‌വരയിലെത്തിയ മുസ്ലിം സംഘത്തെ ശത്രുക്കള്‍ തടയുകയും അക്രമിക്കുകയും ചെയ്തു. പോരാഞ്ഞ് അബുസുഫിയാനെ മുഹമ്മദും കൂട്ടരും അക്രമിക്കാന്‍ വരുന്നുവെന്ന കള്ളക്കഥകള്‍ പ്രചരിക്കുകയുമുണ്ടായി. ഇത് കേട്ടതോടെ അബൂജഹലും കൂട്ടരും പടക്കിറങ്ങി. പ്രവാചകന്റെയും കൂട്ടരുടേയും ഭഗത്ത് നിന്ന് ഏതൊരു പ്രകോപനവും ഉണ്ടായിട്ടില്ലെന്ന് അബുസുഫിയാന്‍ അബുജഹലിന് സന്ദേശം അയച്ചുവെങ്കിലും പ്രവാചകന്റെ തകര്‍ച്ച മാത്രം സ്വപ്‌നം കണ്ടുനിന്ന അബൂജഹല്‍ പിന്മാറിയില്ല. മുഹമ്മദിനേയും സംഘത്തേയും നശിപ്പിക്കാന്‍ ലഭിച്ച നല്ലൊരു അവസാരമാണിതെന്ന് മനസ്സിലാക്കി അബൂജഹല്‍ യൂദ്ധത്തിന് കോപ്പുകൂട്ടി. ഒപ്പം യഥേഷ്ടം സൈനികരും ആയുധങ്ങളും ഉണ്ടെന്ന ധൈര്യമായിരുന്നു അവര്‍ക്ക്. ഒരു യുദ്ധത്തിന് കാഹളം മുഴക്കി അബൂജഹലും കൂട്ടരും വരുന്നുണ്ടെന്നും എന്തുചെയ്യണമെന്നും പ്രവാചകന്‍ മുഹമ്മദ് നബി അബൂബക്കര്‍ സിദ്ദീഖു(റ)മായും ഉമറുബ്‌നുല്‍ ഖത്താബു(റ)മായും കൂടിയാലോചിച്ചു. അല്ലാഹുവിന്റെ റസൂല്‍ എന്തുപറഞ്ഞാലും അനുസരിക്കാന്‍ തയ്യാറാണെന്ന് അവര്‍ ഉറപ്പ് നല്‍കി. അന്‍സാറുകളുമായും പ്രവാചകന്‍ സംസാരിച്ചു. പൊന്നുറസൂല്‍ കടലിലേക്ക് ഇറങ്ങാന്‍ പറഞ്ഞാല്‍ പോലും ഞങ്ങള്‍ തയ്യാറാണ്. റസൂല്‍ എന്തുകല്‍പ്പിച്ചാലും ഞങ്ങള്‍ അനുസരിക്കും എന്ന് അന്‍സാറുകളുടെ തലവനായ സഅദിബ്‌നു മുഅദ് അറിയിച്ചു.
ഒടുവില്‍ യുദ്ധദിനമെത്തി. പ്രവാചക പക്ഷത്ത് 313 പേര്‍. ഇവരെ നിമിഷനേരം കൊണ്ട് കീഴ്‌പ്പെടുത്താന്‍ മാത്രം ശക്തിയും ആള്‍ബലവും അബൂജഹലിനും കൂട്ടര്‍ക്കുമുണ്ടായിരുന്നു. വിശ്വാസി പക്ഷത്തിന്റെ ഔള് (ചെറുതടാകം) പൊളിക്കാന്‍ ശത്രുപക്ഷം കുതിച്ചുവന്നു. ഹംസ (റ) അവരെ നേരിട്ടു. പിന്നീട് ചോരച്ചൊലിച്ചിലുമായി. ഏറെ നേരം നീണ്ടുനിന്ന യുദ്ധം. ഒടുവില്‍ അല്ലാഹുവിന്റെ സഹായം. മലക്കുകളും യുദ്ധത്തില്‍ പങ്കാളികളായി എന്ന് ചരിത്രം. വിശ്വാസി പക്ഷത്തിന് വിജയം. മുസ്ലിം സൈന്യത്തിലെ 14 പേര്‍ ധീര രക്തസാക്ഷികളായെങ്കിലും ബദറില്‍ മുസ്ലിം പക്ഷം വിജയപതാക പറത്തി. സത്യത്തിന് വേണ്ടിയുള്ള പോരാട്ടം ഒരിക്കലും പരാജയപ്പെടില്ലെന്ന വലിയ സന്ദേശമാണ് ബദര്‍ പകര്‍ന്നുതന്നത്.
ബദര്‍ ദിനത്തില്‍ (റമദാന്‍ 17) അസര്‍ നിസ്‌കാരം കഴിഞ്ഞ് പള്ളികളില്‍ മൗലീദുണ്ട്. ആ ദിനത്തിന് മഞ്ഞളില അപ്പത്തിന്റെ മണമുണ്ട്. കുട്ടിക്കാലം മുതല്‍ക്കെ കണ്ടുശീലിച്ച മണമാണത്. പള്ളിയിലെ മൗലീദിന് വീടുകളില്‍ നിന്ന് മഞ്ഞളില പൊതിഞ്ഞുചുട്ട അപ്പവും പഴം പൊരിച്ചതും ഈന്തപ്പഴം പൊരിച്ചതും തരിയുണ്ടയും മറ്റു പലഹാരങ്ങളും എത്തും. മൗലീദിന് ശേഷം ഇവ വിതരണം ചെയ്യും.
ആദ്യ നോമ്പിന്റെ ഓര്‍മ്മകളില്‍ ബദറിന്റെയും ലൈലത്തുല്‍ ഖദറിന്റെയും പോരിശ മണക്കുന്നുണ്ട്. ബദര്‍ ദിനത്തിലാണെന്നാണ് ഓര്‍മ്മ. നന്നേ കുട്ടിക്കാലത്തെ ഒരു പാതിരാത്രി. കുച്ചിലിലെ (അടുക്കള) ശബ്ദം കേട്ടുണര്‍ന്ന് ഉമ്മയുടെ അരികിലിരുന്ന് ഒരുരുള 'അത്താഴം' കഴിച്ചതും കൊട്ടിലിലെ സോഫായില്‍ കയറി നിന്ന് ജനല്‍പാളി തുറന്ന് നോമ്പിനെ നോക്കാന്‍ ശ്രമിച്ചതും ഇരുട്ട് കണ്ട് പേടിച്ചതും ഓര്‍മ്മയിലുണ്ട്. അസര്‍ ബാങ്ക് വിളിവരെ മാത്രം ആയുസ്സുണ്ടായിരുന്ന എന്റെ ആദ്യ നോമ്പ് ഇപ്പോഴും ഒരു ചിരിയോര്‍മ്മയാണ്. നൊന്തുനോറ്റ നോമ്പ് പൂര്‍ത്തിയാക്കാനാവാതെ തളര്‍ന്നു കിടന്നതും കൈകാലുകള്‍ തളര്‍ന്ന് കുഴഞ്ഞുവീണതും മറന്നിട്ടില്ല.
ഒടുവില്‍ ഞാനത് സാധിച്ചത് ഒരു ബദര്‍ ദിനത്തിലാണ്. റമദാന്‍ 17. ആ നോമ്പിന്റെ നോവ് ഇന്നെനിക്ക് മധുരതരമായ ഓര്‍മ്മയാണ്. ആറ്റുനോറ്റു നോക്കിയ എന്റെ ആദ്യത്തെ നോമ്പ്!~
നോമ്പ് ദിനങ്ങളില്‍ അസറാവുമ്പോഴേക്കും ക്ഷീണിച്ച് മുഖമാകെ ചുരുങ്ങും. വയറ്റില്‍ എരിച്ചില്‍ തുടങ്ങുകയായി. കൈകാലുകള്‍ക്ക് ബലക്ഷയം തോന്നും.
ഉമ്മയപ്പോള്‍ ബിര്‍ണിയും കസ്‌കസ് സര്‍ബത്തും ഉണ്ടാക്കുന്ന തിരക്കിലായിരിക്കും. ചലിക്കാന്‍ മടിക്കുന്ന ഘടികാര സൂചികയെ ശപിച്ച് ഏറെ നേരം കിടപ്പായി പിന്നെ. അവശതകൊണ്ടാവും, ആ കിടപ്പ് അറിയാതെ മയക്കത്തിലേക്ക് വീഴും.
ഉണരുമ്പോഴേക്കും തൊട്ടടുത്ത പള്ളിയില്‍ നിന്ന് ഉച്ചത്തിലുള്ള ശബ്ദം കേള്‍ക്കുന്നുണ്ടാവും. 'സുബ്ഹാനല്ലാഹു വബീഹം ദി... സുബ്ഹാനല്ലാഹില്‍...'-കുട്ടികള്‍ കോറസായി ചൊല്ലുന്നത് കേള്‍ക്കുമ്പോള്‍ തന്നെ അറിയാം മഗ്‌രിബ് ബാങ്കിന് സമയമായി എന്ന്.
എണീറ്റ് പള്ളിയിലേക്കൊരോട്ടം. അവിടെ നേര്‍ച്ചക്കഞ്ഞിയും കസ്‌കസും ബിര്‍ണിയും നിരത്തിവെച്ചിട്ടുണ്ടാവും. ഫ്രൂട്ട്‌സിന്റെ വലിയ നിരയൊന്നുമുണ്ടാവില്ല. വല്ലപ്പോഴും കദളിപ്പഴവും ഈന്തപ്പഴവും കാണും. സമൂസയും പപ്‌സുമൊന്നും പിറവി കൊണ്ടിട്ടില്ലാത്ത കാലം.
മഗ്‌രിബ് ബാങ്കിനു വേണ്ടിയുള്ള കാത്തിരിപ്പ് ഒരാണ്ടിന്റെ ദൈര്‍ഘ്യമുള്ളതായി തോന്നിയിട്ടുണ്ട് അന്ന്. ഒരു മിനുട്ട് നീങ്ങില്ല. മുന്നില്‍ നിരത്തിവെച്ചതെല്ലാം തിന്നാന്‍ വലിയ ആര്‍ത്തിയുണ്ടാവുമെങ്കിലും ബാങ്ക് വിളി കേട്ടയുടന്‍, ഒരു ഈത്തപ്പഴവും ഒരു ഗ്ലാസ് വെള്ളവും കുടിക്കുന്നതോടെ ഡും...
പിന്നൊന്നും വേണ്ട. ആര്‍ത്തി പാഞ്ഞ വഴികാണില്ല. നോമ്പെടുത്തതിനെക്കാള്‍ അവശതയാണ് നോമ്പ് തുറന്നാല്‍. മഗ്‌രിബ് നിസ്‌കാരം കഴിഞ്ഞുവന്ന് അല്‍പനേരം കിടന്ന് കവലയിലേക്കോടും. നോമ്പ് കാലത്ത് കവലയിലെ സംഗമം ഞങ്ങള്‍ കൂട്ടുകാര്‍ക്ക് വല്ലാത്തൊരു പൊല്‍സായിരുന്നു.
മുട്ടത്തിരിയും ഓലപ്പടക്കവും കക്കിരി മുളകില്‍ പുരട്ടിയതുമൊക്കെയായി ആകെയൊരു ബഹളമയം. നോമ്പു നോറ്റതിന് പ്രതിഫലമായി ഉമ്മമാര്‍ തരുന്ന നാണയത്തുട്ടുകളുമായി കുട്ടുകാരെല്ലാം അവിടെ ഒത്തുകൂടും.
വൃത്താകൃതിയിലുള്ള ചെറിയ പലകയുടെ ചുറ്റും ആണി തറപ്പിച്ച്, ആണികള്‍ക്കിടയില്‍ വിവിധ നമ്പറുകളൊട്ടിച്ച്, ഒരു സൂചികയെ ലക്ഷ്യമാക്കിയുള്ള കറക്കമാണ് മുട്ടത്തിരി. പറയുന്ന നമ്പറില്‍ സൂചിക ചെന്നുനില്‍ക്കുന്നവര്‍ക്ക് പുഴുങ്ങിയ മുട്ട സമ്മാനം.
മുട്ടത്തിരിക്ക് കാശുനല്‍കി ഒരു മുട്ടപോലും കിട്ടാതെ കരഞ്ഞുമടങ്ങിയ നാളുകളും കൈനിറയെ മുട്ടയുമായി വീട്ടിലേക്കോടിയ നാളുകളും ഓര്‍മ്മയുടെ താളുകളില്‍ ഇപ്പോഴുമുണ്ട്.
പത്തുപൈസക്ക് മൂന്ന് ഓലപ്പടക്കം കിട്ടുമായിരുന്നു അന്ന്. എനിക്കിഷ്ടം പത്തുരൂപയ്ക്ക് രണ്ടെണ്ണം കിട്ടിയിരുന്ന ഉള്ളിപ്പടക്കമായിരുന്നു. ചെറിയ, ഉരുണ്ട ഉള്ളിപ്പടക്കം കൂട്ടുകാരുടെ കാലിനടിയിലെറിഞ്ഞുപൊട്ടിച്ച് ഒന്നുമറിയാത്ത ഭാവത്തില്‍ മാറി നിന്നിരുന്ന കാലത്തിന്റെ ഓര്‍മ്മയ്ക്ക് വല്ലാത്തൊരു പകിട്ടാണ്.
ഇശാ ബാങ്കു വിളിക്കുമ്പോഴേക്കും കവല ശൂന്യമാവും. എല്ലാവരും പള്ളിയിലേക്ക്. തറാവീഹ് നിസ്‌കാരത്തിന് ആവേശത്തോടെ കൈകെട്ടി നിന്നതും നിസ്‌കാരം നീണ്ടുനീണ്ടു പോകുമ്പോള്‍ ഒളികണ്ണിട്ട് ഇടക്കിടെ ഘടികാരം നോക്കി നിന്നതും മറന്നിട്ടില്ല. ഉറക്കം വരുമ്പോള്‍ കൂടെക്കൂടെ ഔളിന്റെ മുമ്പില്‍ ചെന്നിരുന്ന് മുഖം കഴുകും.
കുട്ടിക്കാലത്തെ നോമ്പോര്‍മ്മകള്‍ക്ക് ബിര്‍ണിയുടെ സ്വാദുമുണ്ട്. ഏതോ ഒരു നോമ്പ് കാലത്തിനു തൊട്ടുമുമ്പ് ഏട്ടനൊപ്പം സുന്നത്ത് കല്യാണത്തിന് ഒരുക്കിനിര്‍ത്തിയതും പെട്ടിയും തൂക്കിവന്ന ഒസാനെ (വീട്ടില്‍ വന്ന് ചേലാ കര്‍മ്മം നിര്‍വഹിച്ചിരുന്ന ആള്‍) കണ്ടപ്പോള്‍ ഓടിയൊളിച്ചതും ഒടുവില്‍ ഉപ്പ നീട്ടിയ പത്തുരൂപ നോട്ടിന് മുന്നില്‍ കീഴടങ്ങി ഒസാന് മുന്നില്‍ ഹാജരായതും നേര്‍ത്ത ഓര്‍മ്മയുടെ മറ്റൊരു ചീള്.
നെഞ്ചിന് അല്‍പം മുകളിലായി മച്ചില്‍ കെട്ടിത്തൂക്കിയ വെള്ളത്തുണി പുതച്ച് ഒരാഴ്ച കിടന്നതും 'സന്ദര്‍ശകര്‍' തന്ന നോട്ടുകളും നാണയത്തുട്ടുകളും ആഹ്ലാദത്തോടെ വാങ്ങി പാട്ടയുടെ അടപ്പ് കീറിയുണ്ടാക്കിയ ഭണ്ഡാരത്തിലിട്ടതും ആ ഭണ്ഡാരത്തെ ഇടയ്ക്കിടെ എടുത്ത് കുലുക്കി നോക്കിയതും ഓര്‍മ്മയുടെ മറ്റൊരധ്യായം.
-ടി.എ ഷാഫി