ചെറിയകാലം മുതല്‍ തന്നെ കാണുകയും എന്നിലേക്ക് നിര്‍ലോകം സ്‌നേഹം ചൊരിയുകയും ചെയ്ത മലപ്പുറം മഹ്മൂച്ചയും വിടവാങ്ങി. തളങ്കര ബാങ്കോട് സ്വദേശിയാണെങ്കിലും ബാഗ് റിപ്പയറിംഗ് ജോലിയുമായി ബന്ധപ്പെട്ട് ദീര്‍ഘകാലം മലപ്പുറത്തായിരുന്നതിനാലാണ് പേരിനൊപ്പം മലപ്പുറം എന്ന പേര് കൂടി ചേര്‍ന്നത്. നിഷ്‌കളങ്കനായ, കുടുംബ സ്‌നേഹിയായ ഒരാളായിരുന്നു മലപ്പുറം മഹ്മൂദ്. മതപരമായ കാര്യങ്ങളിലും പള്ളി പരിപാലനങ്ങളിലും എന്നും ശ്രദ്ധ പതിപ്പിച്ചിരുന്നു. ദീര്‍ഘകാലം തളങ്കര ജദീദ് റോഡ് പള്ളി കമ്മിറ്റിയില്‍ സജീവ അംഗമായിരുന്നു. പി.എന്‍ അബ്ദുല്‍ ഖാദര്‍ ഹാജി പള്ളി കമ്മിറ്റിയുടെ പ്രസിഡണ്ടായിരുന്ന കാലത്ത് പള്ളിയുടെയും മഹലിന്റെയും മദ്രസയുടെയും ഉന്നമനത്തിന് വേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു ഇദ്ദേഹം. ബായിക്കര അബ്ദുല്‍ ഖാദര്‍ ഹാജി, പുളിങ്കോത്ത് അഹ്മദ്, മാമു മൂസ, ബാഗ് അബ്ദുല്‍ ഖാദര്‍, ട്രഷറര്‍ സുലൈമാന്‍, പീടേക്കാരന്‍ അബൂബക്കര്‍, മില്ലില്‍ മാമു തുടങ്ങിയ ജദീദ് റോഡിലെ പഴയകാല നേതാക്കള്‍ക്കൊപ്പം എല്ലാ കാര്യങ്ങളിലും നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു. മുസ്ലിംലീഗിന്റെ സജീവ പ്രവര്‍ത്തകരില്‍ ഒരാളുമായിരുന്നു. തികഞ്ഞ ദീനീ നിഷ്ഠയുമായി ജീവിച്ച മലപ്പുറം മഹ്മൂച്ച മക്കള്‍ക്കും നല്ല ദീനീബോധം നല്‍കി. രണ്ട് മക്കള്‍ ബഹ്‌റൈനില്‍ പൊലീസിലാണ് ജോലി ചെയ്യുന്നത്. ഒരു പേരക്കുട്ടിയെ ഹാഫിള് ആക്കാനുള്ള ശ്രമവും വിജയിപ്പിച്ചു. തളങ്കര ഔക്കറിന്‍ച്ച കുടുംബത്തിലെ പഴയ തലമുറയില്‍ ജീവിച്ചിരുന്ന അവസാന കണ്ണിയായിരുന്നു അദ്ദേഹം. അല്ലാഹു പരലോക ക്ഷേമം നല്‍കി അനുഗ്രഹിക്കുമാറാകട്ടെ.
-ടി.എ.എസ്