കോഴിക്കോട്: മുസ്ലീം യൂത്ത് ലീഗില്‍ വീണ്ടും ഫണ്ട് തട്ടിപ്പ് വിവാദം. കത്വ-ഉന്നാവോ പീഡനക്കേസിലെ ഇരയ്ക്ക് വേണ്ടി നടത്തിയ ഫണ്ട് പിരിവാണ് സുനാമി ഫണ്ട് തട്ടിപ്പിന് സമാനമായി വിവാദമായിരിക്കുന്നത്. യൂത്ത് ലീഗ് മുന്‍ ദേശീയ സമിതി അംഗം യൂസഫ് പടനിലമാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസിനെതിരേയാണ്
ആരോപണമുന്നയിച്ചിരിക്കുന്നത്.
കത്വവയില്‍ ക്രൂരമായി കൊല്ലപ്പെട്ട പിഞ്ചുബാലികയുടെ കുടുംബത്തെ സഹായിക്കാനും നിയമസഹായം നല്‍കാനുമാണ് യൂത്ത് ലീഗ് ദേശീയ കമ്മിറ്റി സംസ്ഥാന വ്യാപകമായി പള്ളികളിലും മറ്റും ഫണ്ട് സമാഹരിച്ചത്. പി കെ ഫിറോസ് നയിച്ച യുവജന യാത്രയുടെ കടം വീട്ടുന്നതിനായി 15 ലക്ഷം രൂപ ഈ ഫണ്ടില്‍ നിന്നും വകമാറ്റി ചെലവഴിച്ചുവെന്നാണ് പ്രധാനമായും യൂസുഫ് പടനിലം ആരോപിക്കുന്നത്.
അതേസമയം ആരോപണം ഫിറോസ് നിഷേധിച്ചു. തനിക്കെതിരെ ഉന്നയിച്ച ആരോപണം ശുദ്ധ കളവാണെന്നും തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്നുമാണ് പി.കെ ഫിറോസിന്റെ പ്രതികരണം. ഒരുരൂപ പോലും ദേശീയ കമ്മിറ്റിയുടെ ഏതെങ്കിലും ഫണ്ടില്‍ നിന്ന് സംസ്ഥാന കമ്മിറ്റി വാങ്ങിയിട്ടില്ലെന്നും കണക്ക് ആര് ആവശ്യപ്പെട്ടാലും കാണിക്കുമെന്നും ഫിറോസ് പറയുന്നു. ഇക്കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് ഇടതുപക്ഷ സ്ഥാനാര്‍ഥിയായി മത്സരിച്ച് തോല്‍ക്കുകയും പാര്‍ട്ടി പുറത്താക്കുകയും ചെയ്ത വ്യക്തിയാണ് യൂസുഫ് എന്ന് പി.കെ ഫിറോസ് കൂട്ടിച്ചേര്‍ത്തു. അതേസമയം യൂസുഫ് പടനിലത്തിന്റെ ആരോപണം ശരിവെച്ച് പാണക്കാട് ഹൈദരലി തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷനുമായ മുഈനലി തങ്ങളും രംഗത്തെത്തിയിട്ടുണ്ട്. ഇതോടെ യൂത്ത് ലീഗില്‍ വിവാദം ആളിക്കത്തുകയാണ്.