ബദിയടുക്ക: ബദിയടുക്കയിലും പരിസരങ്ങളിലും ആഫ്രിക്കന്‍ ഒച്ച് ശല്യം രൂക്ഷമാവുന്നു. പൊറുതി മുട്ടി ജനം. കെടഞ്ചി കണ്ണിയത്ത് ജങ്ഷന്, ബദിയടുക്ക പൊലീസ് സ്റ്റേഷന് പരിസരം ഉള്‍പ്പെടയുള്ള പ്രദേശത്തെ വീടുകളിലും പറമ്പുകളിലും സമീപത്തെ കൃഷിയിടങ്ങളിലുമാണ് ഒച്ച് ശല്യം രൂക്ഷമായത്. അസഹ്യമായ ദുര്‍ഗന്ധം വമിക്കുന്ന ആഫ്രിക്കന്‍ ഒച്ച് ശല്യം കാരണം വീടിന് പുറത്ത് ഇറങ്ങാന്‍ പറ്റാത്ത സാഹചര്യമാണ്. മാത്രവുമല്ല കാര്‍ഷിക വിളകളും നശിപ്പിക്കപ്പെടുന്നു. ഒച്ച് പുറത്തു വിടുന്ന സ്രവം ദേഹത്ത് തട്ടിയാല്‍ ചൊറിച്ചില്‍ അനുഭവപ്പെടുകയും പിന്നീട് ത്വക്ക് രോഗങ്ങള്‍ക്കും കാരണമാകുന്നു.
അഞ്ച് വര്‍ഷം മുമ്പ് ഒന്നോ രണ്ടോ വീട്ടു പരിസരത്ത് മാത്രം കണ്ടിരുന്ന ഒച്ച് ടൗണിലും പരിസര പ്രദേശങ്ങളിലും മുട്ടയിട്ട് പെരുകിയതോടെ ഇവിടുത്തുകാര്‍ ദുരിതത്തിലാണ്.
മഴക്കാലത്താണ് ഇത് കൂടുതല്‍ കാണപ്പെടുന്നത്. പഞ്ചായത്തിലും ആരോഗ്യ വകുപ്പിന് പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടാകുന്നില്ലെന്ന് സാമൂഹ്യ പ്രവര്ത്തകന് ഹമീദ് കെടഞ്ചി പറഞ്ഞു.