കാസര്‍കോട്ടുകാരിയായ ഒരു അഭിനേത്രിയുടെ രണ്ട് തമിഴ് ചിത്രങ്ങള്‍ ഇന്നലെ ഒന്നിച്ച് തിയേറ്ററുകളിലെത്തി. ആര്.ഡി.എക്സ് എന്ന മലയാളം ഹിറ്റ് സിനിമയില്‍ ഷെയിന്‍ നിഗത്തിനൊപ്പം നൃത്തം വെച്ചും പ്രണയിച്ചും സിനിമാസ്വാദകരുടെ ഹൃദയത്തിലേക്ക് ഇരച്ചുകയറിയ മഹിമ നമ്പ്യാര്‍ നായിക വേഷത്തിലെത്തിയ രണ്ട് ചിത്രങ്ങളായിരുന്നു അവ. അമതന് സംവിധാനം ചെയ്ത രത്തം, മുത്തയ്യ മുരളീധരന്റെ ജീവിതം പറയുന്ന മുരളി 800 എന്നിവയാണ് ആ സിനിമകള്‍. ആദ്യദിനം തന്നെ തിയേറ്ററുകളിലേക്ക് സിനിമാ പ്രേമികള്‍ ഒഴുകിയെത്തി.
ജനിച്ചത് കണ്ണൂര്‍ ജില്ലയിലാണെങ്കിലും കുഞ്ഞിളം കാലം മുതലേ മഹിമ നമ്പ്യാര്‍ വളര്‍ന്നത് കാസര്‍കോട് വിദ്യാനഗറിലാണ്. മഹിമ തമിഴ് സിനിമകളില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം അരങ്ങ് വാഴുകയാണ് ഇപ്പോള്‍. അതിനിടയില്‍ എണ്ണം പറഞ്ഞ ചില തമിഴ് ചിത്രങ്ങളും.
ഒന്നാം തരം മുതല്‍ പ്ലസ്ടു വരെ നായന്മാര്മൂല തന്ബീഹുല് ഇസ്ലാം ഹൈസ്കൂളില്‍ പഠിച്ചു വളരുന്നതിനിടയില്‍ തന്നിലേക്ക് ഒരു അഭിനേത്രി കുടിയേറിയത് എപ്പോഴാണെന്ന് മഹിമക്ക് പോലുമറിയില്ല. 15-ാം വയസുള്ളപ്പോള്‍ ദിലീപിന്റെ സഹോദരിയായി കാര്യസ്ഥന് എന്ന സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം. പിന്നീട് മഹിമയെ തമിഴ് സിനിമ തട്ടിയെടുത്തു. സാട്ടൈ അടക്കം തമിഴില്‍ തിയേറ്ററുകള്‍ ഇളക്കി മറിച്ച നിരവധി സിനിമകളില്‍ നായികയായി. വീണ്ടും മലയാളത്തിലേക്ക് തിരിച്ചുവന്നത് മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പമാണ്; മാസ്റ്റര്‍ പീസിലൂടെ. അധികം വൈകാതെ മധുരരാജ എന്ന സിനിമയില്‍ മമ്മൂട്ടിയുടെ അനുജന്റെ കാമുകിയായി വന്ന് മഹിമ മലയാളത്തില്‍ തന്റെ സാന്നിധ്യം ഉറപ്പിക്കുകയും ചെയ്തു. ഷെയിന്‍ നിഗവും കൂട്ടരും ആറാട്ടുനടത്തിയ ആര്.ഡി.എക്സിന്റെ റിലീസോടെ കാസര്‍കോടിന്റെ ഈ താരസുന്ദരി മലയാള സിനിമാ പ്രേമികളുടെ ഹൃദയത്തിലേക്കും ഇടിച്ചുകയറി. ആര്.ഡി.എക്സ് എന്ന പേരുകേട്ടപ്പോള്‍ സ്ഫോടനമായിരിക്കും പ്രമേയമെന്ന് ധരിച്ചവര്‍ക്ക് തെറ്റി. പ്രണയവും പ്രതികാരവുമായി പുതുതലമുറ സിനിമാ പ്രേമികളെ പിടിച്ചിരുത്തിയ ചിത്രം. ആര്.ഡി.എക്സ് എന്നാല്‍ നായകരായ മൂന്ന് പേരുടെ പേരിന്റെ ആദ്യാക്ഷരങ്ങളാണെന്ന്-റോബര്‍ട്ട്, ഡോണി, സേവ്യര്‍-പ്രേക്ഷകര്‍ക്ക് തിരിച്ചറിഞ്ഞത് തിയേറ്ററില്‍ എത്തിയപ്പോഴാണ്. തിയേറ്ററില്‍ ശരിക്കും ‘ അഴിഞ്ഞാടുക’യായിരുന്നു ഷെയിനും സംഘവും. നിറഞ്ഞ കയ്യടിയുമായി തിയേറ്ററുകള്‍ ഇളകി മറിഞ്ഞ് നൂറുകോടി രൂപയും വാരിക്കൂട്ടി. ആര്.ഡി.എക്സുമാര്ക്കിടയില് പ്രണയത്തിന്റെ നീലനിലാവായി പറന്നെത്തിയ മഹിമ നമ്പ്യാരുടെ മിനി എന്ന കഥാപാത്രവും ഹൈലൈറ്റായി മാറി. ആര്.ഡി.എക്സിന്റെ വിജയ മന്ത്രങ്ങളിലൊന്ന് മിനിയുടെയും റോബര്‍ട്ടിന്റെയും പ്രണയം തന്നെയായിരുന്നു.
കണ്ണൂര്‍ സ്വദേശിയും റെയില്‍വെ ഉദ്യോഗസ്ഥനുമായ സുധാകരന്റെയും നായന്മാര്മൂല സ്കൂളിലെ ഇംഗ്ലീഷ് അധ്യാപികയും നീലേശ്വരം സ്വദേശിനിയായ വിദ്യയുടെയും മകളാണ് വടക്കേ മലബാറിന് സിനിമയുടെ മഹിമ ചാര്‍ത്തിയ ഈ താരം. 20 വര്‍ഷത്തിലധികമായി നായന്മാര്മൂല സ്കൂളില്‍ സേവനം അനുഷ്ഠിക്കുകയാണ് അമ്മ വിദ്യ. മഹിമയുടെ വിദ്യാഭ്യാസ ജീവിതം ആരംഭിക്കുന്നതും ടി.ഐ.എച്ച്.എസില്‍ തന്നെ. പ്ലസ്ടു വരെ ഇവിടെയാണ് പഠിച്ചത്. പിന്നീട് കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ നിന്ന് ഇംഗ്ലീഷില്‍ ബിദുരവും ഡിസ്റ്റന്റായി ബിരുദാനന്തര ബിരുദവും എടുത്തു. സഹോദരന് പി.സി ഉണ്ണികൃഷ്ണന് മെക്കാനിക്കല്‍ എഞ്ചിനീയറാണ്.
മലയാളത്തെക്കാളേറെ തമിഴകത്തിനാണ് മഹിമ കൂടുതല്‍ പ്രിയങ്കരിയായത്. തമിഴില്‍ ഇതിനകം 20ലധികം ചിത്രങ്ങളില്‍ അഭിനയിച്ചുകഴിഞ്ഞു. സാട്ടൈയില്‍ തുടങ്ങിയ തമിഴിലെ അരങ്ങേറ്റത്തിന് (2012) ശേഷം കോളിവുഡ് ഈ താരത്തെ കൈവിട്ടിട്ടില്ല. ഗോപിക എന്ന യഥാര്‍ത്ഥ പേര് മാത്രമല്ല മഹിമയുടെ തലവര തന്നെയാണ് സാട്ടൈ മാറ്റിയെഴുതിയത്. ഗ്രാമീണ സ്കൂള്‍ വിദ്യാര്‍ത്ഥിനിയായ അറിവഴഗി എന്ന കഥാപാത്രം മഹിമ ഉജ്ജ്വലമാക്കി. 2014ല്‍ മധു എന്ന നേഴ്സായി എന്നാമൊ നടക്കൂ എന്ന സിനിമയിലും എത്തി. ജീവന് സംവിധാനം ചെയ്ത മോസക്കുട്ടിയും (2014) ചേരന്റെ അസോസിയേറ്റായിരുന്ന വെങ്കട്ട് സംവിധാനം ചെയ്ത പുരവി 150 സി.സിയും മരുദു സംവിധാനം ചെയ്ത അഗതിനൈയും (2015) സമുദ്രകനിയുടെ കിറ്റ്നയും തമിഴില്‍ മഹിമയുടെ ഇരുപ്പുറപ്പിച്ചു. മാഗമുനി എന്ന സിനിമ ഈ താരത്തിന് പുരസ്കാരത്തിന്റെ പരിവേഷവും നല്കി. കുറ്റം-23, പുരിയാത്ത പുതിര, കൊടിവീരന്, ഇരവുക്ക് ആയിരം കങ്ങല്‍, അണ്ണനുക്ക് ജയ്, അസുരഗുരു, ഓ മൈ ഡോഗ്, അയ്ങ്കാരന് തുടങ്ങി നിരവധി തമിഴ് ചിത്രങ്ങളിലൂടെ അഭിനയ ചാരുത കാട്ടിയ മഹിമക്ക് ചന്ദ്രമുഖി-2 എന്ന സിനിമയിലെ ലക്ഷ്മിയുടെ വേഷം പുതിയ മേല്‍വിലാസം ഉണ്ടാക്കിക്കൊടുത്തു. മലയാളത്തില്‍ വാലാട്ടി എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. ഒരിടവേളയ്ക്ക് ശേഷം മലയാളത്തില്‍ മഹിമക്ക് കിട്ടിയ ഗംഭീര തിരിച്ചുവരവായിരുന്നു ആര്.ഡി.എക്സ്. ചിത്രത്തിന്റെ റിലീസ് ദിവസം ചന്ദ്രമുഖി-2ന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ചെന്നൈയിലായിരുന്നു താരം. ആന്റണി വര്‍ഗീസാണ് അടിക്കടി വിളിച്ച് ആര്.ഡി.എക്സിന്റെ വിജയം മഹിമയെ അറിയിച്ചത്. ഒരുപാട് നെഗറ്റീവ് പ്രചരണങ്ങളും ട്രോളുകളും അതിജീവിച്ചാണ് സിനിമ മുന്നേറിയത്.
ഇന്നലെ പുറത്തിറങ്ങിയ രണ്ട് തമിഴ് സിനിമകളും-രത്തവും മുരളി 800ഉം-വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. ഇതിഹാസ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്റെ ഭാര്യയായാണ് മുരളി 800 എന്ന സിനിമയില്‍ മഹിമ എത്തുന്നത്. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് സച്ചിനും മുരളി മുത്തയ്യക്കും ജയസൂര്യക്കും ഒപ്പം നില്ക്കുന്ന ചിത്രം പങ്കുവെച്ച് വലിയ സന്തോമാണ് മഹിമ പ്രകടിപ്പിച്ചത്.
–ടി.എ ഷാഫി