വിവിധ ഭാഷാ സംസ്കാരിക ഭൂമികയില്‍ മുളച്ചുവന്ന കഥകളും പാട്ടുകളും ചൊല്ലുകളുമൊക്കെ എല്ലാവരുടേതുമായി മാറിയത് മൊഴിമാറ്റങ്ങളിലൂടെയുള്ള കൊടുക്കല്‍ വാങ്ങലുകളിലൂടെയുമാണ്. അങ്ങനെയൊരു കൊടുക്കല്‍ വാങ്ങലിന്റെ കഥയാണ് രാജന് മുനിയൂര്‍ എന്ന എഴുത്തുകാരന് മലയാള വായനക്കാരെ പരിചയപ്പെടുത്തുന്നത്; മൊഴിമാറ്റത്തിന്റെ രൂപത്തില്‍.
സാഹിത്യ മൊഴിമാറ്റം അത്ര എളുപ്പമുള്ള കാര്യമല്ല. അതിനെ മൊഴിമാറ്റം ചെയ്യേണ്ടുന്ന ഭാഷ മാത്രം അറിഞ്ഞതുകൊണ്ട് കാര്യമില്ല. ആ ഭാഷയുടെ സാംസ്കാരിക ഭൂമികയും ഉള്‍ക്കൊള്ളണം.
അവിടെയുള്ള ഭാഷാ പ്രയോഗങ്ങളും ചൊല്ലുകളും ജീവിതരീതികളും അതുമായി ബന്ധപ്പെടുന്ന വാക്കുകളും ഭാഷാ പ്രയോഗ രീതികളുമൊക്കെ സ്വായത്തമാക്കണം.
രാജന് മുനിയൂര്‍ ഇങ്ങനെയൊരു മൊഴിമാറ്റ സംരംഭത്തിലേക്ക് ഇറങ്ങി ചെല്ലുമ്പോള്‍ അദ്ദേഹം സ്വാംശീകരിച്ച കന്നട ഭാഷാ സാംസ്കാരിക ഭൂമികയുടെ പരപ്പ് തെളിഞ്ഞു വന്നത് കൊണ്ടാണ് ഇത്രയും പറഞ്ഞത്.
കന്നട ഭാഷയിലെ വളരെ പ്രശസ്തനായ ശശി ഭാട്ടിയയുടെ മുപ്പത്തഞ്ചോളം കഥകളാണ് രാജന് മുനിയൂര്‍ അതിന്റെ ലക്ഷ്യവും അന്തസത്തയും ഒട്ടും ചോര്‍ന്നു പോകാതെ മലയാള വായനക്കാര്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുന്നത്.
കുറുങ്കഥകളെന്ന് പറയാവുന്ന, എങ്കിലും വിശാലാശയങ്ങള് ഉള്‍ക്കൊള്ളുന്നതും വായനക്കാരനെ രസിപ്പിക്കുന്നതും, ഒപ്പം ഗൗരവമായി ചിന്തിപ്പിക്കുകയും ചെയ്യുന്ന, കാവ്യാത്മകത നിറഞ്ഞു കവിയുന്ന ഈ മുപ്പത്തഞ്ച് കഥകളും അന്യോപദേശമായിട്ടും ആക്ഷേപഹാസ്യമായിട്ടുമാണ് വായനക്കാരന്റെ ഉള്ക്കണ്ണ് തുറപ്പിക്കുന്നത്.
ആദ്യത്തെ കഥയായ ഒറ്റ പേജിലൊതുങ്ങുന്ന ‘നരിയും കോഴിയും’ മുതല്‍ അവസാനമായി ചേര്‍ത്ത രണ്ട് വരികളില്‍ മാത്രമൊതുങ്ങുന്ന ‘പണം’ എന്ന കഥ വരെ മനുഷ്യ ജീവിതങ്ങളുടെ ജീവന് തുടിക്കുന്ന ഏടുകളാണ്. ആദ്യത്തെ കഥയില്‍ നരിയും പൂവന് കോഴിയുമാണ് പ്രധാന കഥാപാത്രങ്ങള്‍. വളരെ നാടകീയമായാണ് കഥ തുടങ്ങുന്നത്. ‘അങ്ങനെ ആ പൂവന് കോഴി നരിയുടെ വലയില്‍ വീണു’ വലയേതാണെന്ന് വായനക്കാര്‍ തങ്ങളുടെ ഭാവനയിലൂടെ കണ്ടെത്തേണ്ടതാണ്. കുട്ടികള്‍ മുതല്‍ തത്വജ്ഞാനികള്‍ വരെ ഈ കഥ ആസ്വദിക്കും. പ്രശസ്ത ഇംഗ്ലീഷ് കവി റോബര്‍ട്ട് ഫ്രോസ്റ്റ്നെ കുറിച്ച് പ്രതിപാദിക്കുമ്പോള്‍ പറയാറുണ്ട്; ‘അദ്ദേഹത്തിന്റെ കവിതകള്‍ പ്രൈമറി കുട്ടികള്‍ മുതല്‍ ഗവേഷണ വിദ്യാര്‍ത്ഥികള്‍ വരെ വായിച്ചാസ്വദിക്കുമെന്ന് കാരണം മറ്റൊന്നുമല്ല, ഏറ്റവും പരിചിതമായ വാക്കുകളും സന്ദര്‍ഭങ്ങളും കൊണ്ട് വായനക്കാരനെ ആസ്വദിപ്പിക്കുന്നു. അതുതന്നെ ശശി ഭാട്ടിയയുടെ ആനവാതിലും, അതിലൂടെ ആനക്കും ഉറുമ്പിനും ഒരുപോലെ പ്രവേശിക്കാവുന്നതാണ്. രാജന് മുനിയൂര്‍ ഇതൊരു മൊഴിമാറ്റ കഥയാണെന്ന തോന്നലുണ്ടാക്കാതെ തന്നെ വളരെ തന്മയത്വത്തോടെ, സര്‍ഗ്ഗാത്മകമായി അവതരിപ്പിച്ചു എന്നതാണ് എടുത്തു പറയാവുന്ന മികവ്.
ഈ പുസ്തകത്തെ സമ്പന്നമാക്കിയ എല്ലാ കഥകളേയും പ്രതിപാദിക്കുന്നത് അനുചിതവും അപ്രായോഗികവുമാണ്. എല്ലാ കഥകളും മനുഷ്യ കഥാനുകായികകളാണ് എന്ന് സംശയം പറയാം.
അത് ഭാഷയുടെ തനിമയോടെ വായിക്കുമ്പോള്‍ സ്വന്തം സമൂഹത്തിന്റെ കഥയാണെന്ന് അനുഭവിക്കുന്നിടത്താണ് മൊഴിമാറ്റക്കാരന്റെ വിജയം.
രണ്ടാമത്തെ കഥയായി ചിത്രീകരിച്ച ‘വര പരീക്ഷ’യും അതിനുശേഷമുള്ള ‘ആനവാതില്‍’ എന്ന കഥയും ആനുകാലിക യുവത്വത്തിന്റെ മാനസിക- ജീവിത സാഹചര്യങ്ങളെ കൈകാര്യം ചെയ്യുന്ന സാമൂഹികാവസ്ഥ വളരെ മനോഹരമായും ഹാസ്യാത്മകമായും കുറഞ്ഞ വരികളില്‍ വളരെ വ്യാപ്തിയോടെ വരച്ചുവെക്കുന്നു.
പുസ്തകത്തിന്റെ അവസാന ഭാഗങ്ങളിലെത്തുമ്പോള്‍ സു.ഡു.ക്കു. കവിതകളെ ഓര്‍മ്മപ്പെടുത്തുന്ന, രണ്ടും മൂന്നും വരികളില്‍ ഗര്‍ഭം ധരിച്ച് ഗംഭീരാശയങ്ങളെ പ്രസവിക്കുന്ന കുറുങ്കഥകളായി മാറുന്നതായി കാണാം. അവസാന ഭാഗത്ത് ‘നോവറിവ്’ എന്നൊരു കഥയുണ്ട്. കഥയിതാണ് – ‘കുഞ്ഞിന്റെ തൊണ്ടയില്‍ ഭക്ഷണം കുടുങ്ങി, അമ്മ ചുമച്ച് ശരിയാക്കി’ കഥ പൂര്‍ണമായി. വായനക്കാരനെ ആസ്വാദനത്തിന്റെ തലം അവിടുന്ന് തുടങ്ങുകയായി എന്നതാണ് ശരി. ഇത് കഥയാണോ കവിതയാണോ എന്ന് വേര്‍തിരിക്കാന്‍ പറ്റാത്തതാണ് ഈ കഥയുടെ വിജയം.
ഈ പുസ്തകത്തിലെ മുപ്പത്തഞ്ച് കഥകളും മനുഷ്യ മനസ്സിനെ ചികഞ്ഞെടുത്ത് പ്രതിഫലിപ്പിക്കുന്ന വലിയൊരു നീലക്കണ്ണാടിയാണ്. ശശി ഭാട്ടിയ കണ്ടതും നിരീക്ഷിച്ചതുമായ ലോകത്തെ അദ്ദേഹത്തിന്റെ ചിന്തയിലൂടേയും ഭാവനയിലൂടെയും വാര്‍ത്തെടുത്ത് മനോഹരമാക്കിയ ഒരു പുതിയ ലോകം തന്നെയാണ് രാജന് മുനിയൂര്‍ ആനവാതിലിലൂടെ വായനക്കാരനിലേക്ക് തുറന്നിടുന്നത്.
ഈ പുസ്തകം മലയാളത്തിലെ കഥാ തല്പരര് വായിച്ചിരിക്കേണ്ടതാണ്; ആനവാതില്‍ കഥാസ്വാദനത്തിന്റെ വേറിട്ടൊരു ലോകമാണ് തുറന്നിടുന്നത്.
-ബാലകൃഷ്ണന് ചെര്‍ക്കള