തളങ്കര: കെ.എം അഹ്മദ് മാഷിന്റെ 11-ാം വിയോഗ വാര്‍ഷിക ദിനത്തോടനുബന്ധിച്ച്, 1965ല്‍ അഹ്മദ് മാഷിന്റെ നേതൃത്വത്തില്‍ സ്ഥാപിച്ച ജദീദ് റോഡ് യുവജന വായനശാലയില്‍ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങ് ഹൃദയങ്ങളില്‍ നിന്ന് ഊര്‍ന്നുവന്ന സംശുദ്ധമായ ഓര്‍മ്മകള്‍ കൊണ്ട് ശ്രദ്ധേയമായി. അഹ്മദ് മാഷിന്റെ ജന്മനാടെന്ന നിലയില്‍ കുട്ടിക്കാലം മുതല്‍ക്കെ അദ്ദേഹത്തെ തൊട്ടറിഞ്ഞവരുടെ ഓര്‍മ്മകള്‍ വൈകാരികമായ തലത്തിലേക്ക് കടന്നു.
കാസര്‍കോട് നഗരസഭാ ചെയര്മാന് എന്ന നിലയില്‍ ഒരു ഭരണാധികാരിക്ക് നാടിന്റെ അടിസ്ഥാനപരമായ വികസനത്തില്‍ മാത്രമല്ല, സാംസ്കാരികമായ മുന്നേറ്റത്തിലും വലിയ പങ്കുവഹിക്കാനുണ്ടെന്ന് തന്നെ ബോധ്യപ്പെടുത്തിയ സാംസ്കാരിക പ്രവര്‍ത്തകനായിരുന്നു അഹമദ് മാഷെന്നും തന്റെ ബാപ്പയോട് കാണിച്ച അതേ സ്നേഹം മകനായ തന്നോടും അദ്ദേഹം കാണിച്ചുവെന്നും നഗരസഭാ മുന്‍ ചെയര്മാന് ടി.ഇ അബ്ദുല്ല പറഞ്ഞു. നഗരത്തില്‍ വിപുലമായ തരത്തില്‍, കേരളത്തിലെ പ്രമുഖ സാംസ്കാരിക നായകരെ കൊണ്ടുവന്ന് വിവിധ സാംസ്കാരിക പരിപാടികള്‍ സംഘടിപ്പിക്കാന്‍ തനിക്ക് പ്രേരണയും പ്രചോദനവുമേകിയത് അഹ്മദ് മാഷാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എഴുത്തുകാരെ മാത്രമല്ല സമൂഹത്തിലെ സകലമേഖലകളിലുള്ളവരേയും പ്രോത്സാഹിപ്പിക്കുക എന്നത് അഹ്മദ് മാഷ് കണ്ട വലിയ ആനന്ദമാണെന്നും തന്റെ വ്യാവസായിക വളര്‍ച്ചയില്‍ അഹ്മദ് മാഷിന്റെ പങ്ക് നിസ്തുലമായിരുന്നുവെന്നും അനുഭവങ്ങള്‍ സഹിതം നിരത്തി പ്രമുഖ ഗള്‍ഫ് വ്യവസായി യഹ്യ തളങ്കര പറഞ്ഞു. എഴുത്തിലും പ്രഭാഷണത്തിലും ഒരുപോലെ സത്യസന്ധതയും എളിമയും പുലര്‍ത്തിയ അഹ്മദ് മാഷിന്റെ വിയോഗം കാലമെത്രകഴിഞ്ഞാലും വലിയ നഷ്ടമായി തന്നെ അവശേഷിക്കുമെന്നും ഒരു മാനസപുത്രനെപോലെ കണ്ട് തന്റെ എഴുത്ത് ജീവിതത്തില്‍ വലിയ പ്രോത്സാഹനം നല്കിയ വ്യക്തിയായിരുന്നു അഹ്മദ് മാഷെന്നും കവി പി.എസ് ഹമീദ് അനുസ്മരിച്ചു. വായനശാല പ്രസിഡണ്ട് ടി.എ ഷാഫി അധ്യക്ഷത വഹിച്ചു. അഹ്മദ് മാഷിന്റെ പുത്രന് മുജീബ് അഹ്മദ്, മഹല്‍ കമ്മിറ്റി പ്രസിഡണ്ട് പി.എ മഹമൂദ് ഹാജി, സദര്‍ മുഅല്ലിം കെ. ഉസ്മാന് മൗലവി, ജനറല്‍ സെക്രട്ടറി ശിഹാബുദ്ദീന് ബാങ്കോട്, ട്രഷറര്‍ ഉമ്പുപട്ടേല്, വൈസ് പ്രസിഡണ്ട് എം.എച്ച് അബ്ദുല്‍ഖാദര്‍, വായനശാല മുന്‍ പ്രസിഡണ്ട് ഷരീഫ് ചുങ്കത്തില്‍, ട്രഷറര്‍ മിഫ്താദ്, സി.എ അസീസ് ഖത്തര്‍, അഹമദ് കൊട്ടയാടി, അഹമദ് പീടേക്കാരന്‍, അബ്ദുല്‍ ഹക്കീം, അച്ചു അസ്ലം തുടങ്ങിയവര്‍ സംസാരിച്ചു. വായനശാല ജനറല്‍ സെക്രട്ടറി കെ.എ. അഫ്ദാബ് സ്വാഗതം പറഞ്ഞു.