ദിസ്പൂര്‍: അസമില്‍ ജയിലുകളില്‍ എച്ച്.ഐ.വി രോഗം പടരുന്നതായി റിപോര്‍ട്ട്. രണ്ട് ജയിലുകളിലായി ഒരു മാസത്തിനിടെ 85 പേര്‍ക്ക് എച്ച്.ഐ.വി രോഗബാധ സ്ഥിരീകരിച്ചതായാണ് കണക്ക്. നാഗോണിലെ സെന്‍ട്രല്‍, സ്പെഷ്യല്‍ ജയിലുകളിലാണ് ഇത്രയധികം രോഗബാധിതരെ കണ്ടെത്തിയത്.
അതേസമയം പലര്‍ക്കും ജയിലില്‍ തടവിലാകുന്നതിനു മുമ്പ് തന്നെ രോഗം ബാധിച്ചിരുന്നു എന്നാണ് നാഗോണ്‍ ഹെല്‍ത്ത് സര്‍വീസ് ജോയിന്റ് ഡയറക്ടര്‍ അതുല്‍ പതോറിന്റെ വിശദീകരണം. സെന്‍ട്രല്‍ ജയിലില്‍ 40 പേര്‍ക്കും സ്പെഷ്യല്‍ ജയിലില്‍ 45 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
രോഗബാധിതരില്‍ പലരും മയക്കുമരുന്ന് കേസില്‍ അകത്തായവരാണ്. മയക്കുമരുന്നിന് അടിമകളായ തടവുകാരിലാണ് രോഗബാധ കണ്ടെത്തിയിരിക്കുന്നതെന്നാണ് പറയുന്നത്. എന്നാല്‍, രോഗബാധ റിപ്പോര്‍ട്ട് ചെയ്തവരില്‍ നിന്ന് മറ്റ് തടവുകാരില്‍ അസുഖം പടര്‍ന്നിട്ടില്ലെന്ന് ജയില്‍ അധികൃതര്‍ പറയുന്നു.