ന്യൂഡല്‍ഹി: വിശുദ്ധ ഖുര്‍ആനിലെ 26 സൂക്തങ്ങള്‍ നീക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. ഹര്ജിക്കാരന് കോടതി 50,000 രൂപ പിഴയും ചുമത്തി. ബാലിശമായ ആവശ്യമാണ് ഹര്‍ജിയില്‍ ഉന്നയിക്കുന്നത് എന്ന് ചൂണ്ടിക്കാട്ടിയാണ് പിഴ ചുമത്തിയത്. ഉത്തര്‍പ്രദേശ് ശിയാ വഖഫ് ബോര്‍ഡ് മുന്‍ ചെയര്മാന് സയ്യിദ് വസിം റിസ്വി ആണ് ഹരജി നല്‍കിയിരുന്നത്.
26 ആയത്തുകള്‍ യഥാര്‍ഥ ഖുര്‍ആന്റെ ഭാഗമല്ലെന്നും അതിനാല്‍ ഒഴിവാക്കണമെന്നുമായിരുന്നു ഹരജിക്കാരന്റെ വാദം. നിയമവിരുദ്ധവും അവിശ്വാസികളുടെ ആക്രമണങ്ങളെ ന്യായീകരിക്കാന്‍ ഉപയോഗപ്പെടുന്നതുമാണ് ഈ ആയത്തുകളെന്നും വിവാദ ഹരജിയില്‍ ഉന്നയിച്ചിരുന്നു. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നതും രാജ്യത്തിന്റെ പരമാധികാരം, ഐക്യം തുടങ്ങിയവക്ക് ഗുരുതരമായ ഭീഷണിയുയര്‍ത്തുന്നതുമാണ് ഇവ. അതുകൊണ്ടു തന്നെ ഇവ ഭരണഘടനാ വിരുദ്ധവും ഉപയോഗമില്ലാത്തതുമായി പ്രഖ്യാപിക്കണമെന്നുമായിരുന്നു ഹരജിക്കാരന്റെ ആവശ്യം.
നിങ്ങള്‍ ഈ ഹര്‍ജി സമര്‍പ്പിച്ചത് കാര്യമായി തന്നെയാണോ എന്ന് റോഹിങ്ടന്‍ നരിമാന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബഞ്ച് ഹരജിക്കാരനോട് ചോദിച്ചു. ഹരജി പൂര്‍ണമായും ബാലിശമാണെന്ന് ബഞ്ച് വിധിച്ചു. ഹരജിക്കെതിരെ വ്യാപക പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്. സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാനാണ് വസിം റിസ്വിയുടെ ശ്രമമെന്ന് ഓള് ഇന്ത്യ ശിയാ വ്യക്തി നിയമ ബോര്‍ഡ് ഉള്‍പ്പെടെയുള്ള മുസ്ലിം സംഘടനകള്‍ ആരോപിക്കുന്നുണ്ട്.