തലപ്പാടി: തലപ്പാടിയില്‍ സ്കൂട്ടറില്‍ അജ്ഞാത വാഹനം ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന് മരിച്ചു. സുഹൃത്തിന് പരിക്കേറ്റു. മംഗളൂരുവിലെ ഒരു സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരന് ഉദ്യാവര്‍ ഗുത്തുവിലെ ദിനേശ് (45) ആണ് മരിച്ചത്. സുഹൃത്ത് മഞ്ചേശ്വരത്തെ രാജനാണ് പരിക്കേറ്റത്. ഇന്ന് രാവിലെ ഏഴരയോടെ ജോലിക്ക് പോകുന്നതിനിടെ ദേശീയപാതയില്‍ തലപ്പാടി ആര്.ടി.ഒ ചെക്ക് പോസ്റ്റിന് സമീപമായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച സ്കൂട്ടറിന്റെ പിറകില്‍ അജ്ഞാത വാഹനം ഇടിക്കുകയായിരുന്നു. ഈ വാഹനം നിര്‍ത്താതെ പോയി. റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ ദിനേശ് സംഭവസ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു.
മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു. ഇടിച്ച വാഹനം കണ്ടെത്താന്‍ സി.സി.ടി.വി ക്യാമറ പരിശോധിക്കുന്നു. ദിനേശ് നേരത്തെ മിലിട്ടറിയിലായിരുന്നു. ഭാര്യ: സുജാത. മക്കള്‍: വൈഷ്ണവി, വൈശുദ്ധ്.