ബന്തിയോട്: ബന്തിയോട് സ്വകാര്യാസ്പത്രിയിലെ നഴ്സ് ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്തത് രോഗികള്‍ക്ക് ഗുളിക മാറി നല്‍കിയത് പ്രശ്നമാകുമെന്ന ഭയം മൂലമാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ബന്തിയോട് സ്വകാര്യാസ്പത്രിയിലെ നഴ്സ് കൊല്ലം തെന്മല ഉരുക്കുളം സ്മൃതി നിലയത്തിലെ എസ്.കെ. സ്മൃതി(20)യെയാണ് തിങ്കളാഴ്ച്ച ഉച്ചയോടെ ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. കുമ്പള പൊലീസ് ആസ്പത്രിയിലെ ചില ഡോക്ടര്‍മാരോട് സംഭവം ആരാഞ്ഞപ്പോള്‍ ചില രോഗികള്‍ക്ക് എഴുതി കൊടുത്ത ഗുളികകള്‍ക്ക് പകരം വേറെ ഗുളികകള്‍ നല്‍കിയത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് സ്മൃതിക്ക് താക്കീത് നല്‍കിയതായി ആസ്പത്രി അധികൃതര്‍ പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഗുളിക മാറിക്കൊടുത്തത് കൊണ്ട് തനിക്ക് വല്ല പ്രശ്നവും വരുമോയെന്ന് സ്മൃതി നേരത്തെ ഒരു നഴ്സിന് മൊബൈലില്‍ ശബ്ദസന്ദേശം അയച്ചതായി പറയുന്നു. ബന്ധുക്കള്‍ മരണത്തില്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് മാറ്റി.