ന്യൂഡെല്‍ഹി: നിയമസഭാതെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് വിട്ട പ്രമുഖ നേതാവ് പി സി ചാക്കോ എന്‍സിപിയില്‍ ചേരും. എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാറുമായി നിര്‍ണായക കൂടിക്കാഴ്ച ചൊവ്വഴ്ച വൈകീട്ട് ഏഴ് മണിയോടെ നടക്കും. ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ എന്നിവരുമായും പി.സി. ചാക്കോ ചര്‍ച്ച നടത്തും.
എന്‍സിപിയുമായി പി.സി. ചാക്കോ നേരത്തെ തന്നെ ചര്‍ച്ചകള്‍ നടത്തിയിരുന്നതായുള്ള വിവരങ്ങള്‍ പുറത്തുവന്നിരുന്നുവെങ്കിലും ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല. ശരദ് പവാറുമായി പി.സി. ചാക്കോയ്ക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. പി.സി. ചക്കോയെ എന്‍സിപിയില്‍ എത്തിക്കാന്‍ വേണ്ട ചര്‍ച്ചകള്‍ നടത്താന്‍ ശരദ് പവാര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി.പി. പീതാംബരന് മാസ്റ്റര്‍ നേരത്തെ പറഞ്ഞിരുന്നു.
ചാക്കോയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നു. അദ്ദേഹത്തിന് പോകാന്‍ പറ്റിയ പാര്‍ട്ടി വേറെ ഇല്ല. പി.സി. ചാക്കോയുടെ രാജി കോണ്‍ഗ്രസിന്റെ തകര്‍ച്ച വേഗത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്‍സിപിയില്‍ ചേര്‍ന്ന ശേഷം നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കായി പ്രചരണത്തിനിറങ്ങിയേക്കുമെന്നും സൂചനയുണ്ട്.