കാസര്‍കോട്ടെ അഭിഭാഷക സമൂഹത്തിനിടയില്‍ പൊതു സ്വീകാര്യനായിരുന്ന ബി.കരുണാകരന്റെ അപ്രതീക്ഷിത വിയോഗം വ്യാഴാഴ്ച വൈകീട്ട് നടുക്കത്തോടെയാണ് പൊതു സമൂഹം ശ്രവിച്ചത്. എളിമയും വിനയവും ലാളിത്യവും മുഖമുദ്രയായിരുന്ന കരുണാകരന് വക്കീല്‍ പരിചയപ്പെടുന്ന ആരിലും എക്കാലവും സ്നേഹത്തിന്റെ മുദ്രകള്‍ ചാര്‍ത്തിയിരുന്നു. കക്ഷി രാഷ്ട്രീയഭേദമന്യേ ആര്‍ക്കും എപ്പോഴും സമീപിക്കാവുന്ന സൗമ്യ സാനിധ്യം കൂടിയായിരുന്നു കാസര്‍കോട്ടുകാരുടെ പ്രിയപ്പെട്ട കരുണാകരന്. വെള്ളിയാഴ്ച രാവിലെ വരെ വിദ്യാനഗര്‍ നെലക്കളയിലെ വീട്ടില്പൊതു ദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ കഷി രാഷ്ട്രീയ ജാതി മതഭേദമന്യ അന്തിമോപചാരമര്‍പ്പിക്കാനെത്തിയ നൂറ് കണക്കിന് പേര് അത് സാക്ഷ്യപ്പെടുത്തുന്നു.
തൊഴിലിനോടുള്ള ആത്മസമര്‍പ്പണ മനോഭാവം കരുണാകരന് വക്കീലിന്റെ സവിശേഷതയായിരുന്നു. നോട്ടറി പബ്ലിക്ക് എന്ന നിലയില്‍ ഒരിക്കലും ആ പദവി സാമ്പത്തിക നേട്ടത്തിന് വേണ്ടി അദ്ദേഹം പ്രയോജനപ്പെടുത്തിയിട്ടില്ല. കാസര്‍കോട് താലൂക്ക് ഓഫീസിന് സമീപത്തെ ഓഫീസില്‍ സദാ കര്‍മ്മ നിരതനായിരിക്കുന്ന കരുണാകരന് വക്കീലിനെയാണ് നാളിതുവരെയായും കാസര്‍കോട്ടുകാര്‍ക്ക് കാണാന്‍ കഴിഞ്ഞത്. ജില്ലയുടെ കിഴക്കന്‍ മലയോര പ്രദേശങ്ങളില്‍ നിന്നും കേസിനായെത്തുന്ന പാവപ്പെട്ട കക്ഷികളില്‍ നിന്ന് നാമമാത്രമായ ഫീസാണ് വാങ്ങി വന്നിരുന്നത്. അതോടൊപ്പം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ അങ്ങോട്ട് സഹായികുന്നതായിരുന്നു താല്പര്യം. അഭിഭാഷക വൃത്തിയെ അദ്ദേഹം ഒരിക്കലും സാമ്പത്തിക താല്പര്യങ്ങളുമായി കൂട്ടികെട്ടിയിരുന്നില്ല.
കാസര്‍കോട് നഗരസഭാ ചെയര്‍മാനായിരുന്ന എല്‍.ഡി.എഫിലെ എസ്.ജെ.പ്രസാദിനെ 2000ലെ തിരഞ്ഞെടുപ്പില്‍ വിദ്യാനഗര്‍ വാര്‍ഡില്‍ പരാജയപ്പെടുത്തിയതോടെയാണ് കോണ്‍ഗ്രസില്‍ ശ്രദ്ധേയനായത്. ലീഡര്‍ കെ.കരുണാകരന്നോട് കടുത്ത ആരാധനയായിരുന്നു. 2005ലെ തിരഞ്ഞെടുപ്പില്‍ ഡി.ഐ.സി. പാനലിലാണ് വിദ്യാനഗര്‍ വാര്‍ഡില്‍ നിന്നും വന്‍ ഭൂരിപക്ഷത്തോടെ വീണ്ടും വിജയിച്ചത്.
നഗരസഭാ കൗണ്‍സിലര്‍ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനം മാതൃകാപരമായിരുന്നു. കാരുണ്യത്തിന്റെയും ആര്‍ദ്രതയുടെയും കെടാവിളക്ക് മനസില്‍ കാത്തുസൂക്ഷിച്ച അദ്ദേഹം പാവപ്പെട്ടവരോട് അനുകമ്പയും സഹായവും അര്‍പ്പിക്കുന്നതില്‍ ഒരിക്കലും പിശക്കുകാട്ടിയിരുന്നില്ല. ഹൃദ്യവും സരസവുമായ സംഭാഷണത്തിലൂടെ ആളുകളെ തന്നിലേക്ക് ആകര്‍ഷിക്കുന്നതിന് അദ്ദേഹത്തിനുണ്ടായ കഴിവ് ശ്രദ്ധേയമായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ സാമീപ്യവും സാനിധ്യവും എല്ലാവരും ആഗ്രഹിച്ചിരുന്നു.
കാസര്‍കോട് സഹകരണ അര്‍ബന്‍ സഹകരണ സംഘത്തിന്റെ രൂപവത്കരണം മുതല്‍ ഭരണസമിതി അംഗമായിരുന്നു. കാസര്‍കോട് മല്ലികാര്‍ജുന ക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് ചെയര്മാന്, ഡി.സി.സി.നിര്‍വ്വാഹക സമിതി അംഗം തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. അന്യരെ സഹായിക്കുന്നതില്‍ ആത്മ നിര്‍വൃതി കണ്ടെത്തുന്ന അപൂര്‍വ്വം വ്യക്തികളിലൊരാളായിരുന്നു.
പരമ്പരാഗത കര്‍ഷക കുടുംബത്തില്‍ പിറന്ന അദ്ദേഹം ജോലി സൗകര്യാര്‍ഥമാണ് കാസര്‍കോട് എത്തിയിരുന്നത്. കാസര്‍കോടിന്റെ ഹൃദയത്തിലിടം നേടാന്‍ ചുരുങ്ങിയ കാലം കൊണ്ടു തന്നെ അദ്ദേഹത്തിന് കഴിഞ്ഞു. ഹൃദ്യവും സരസവുമായ സംഭാഷണത്തിലൂടെ ആളുകളെ തന്നിലേക്ക് ആകര്‍ഷിക്കാനുള്ള കഴിവും അദ്ദേഹത്തിനുണ്ടായിരുന്നു.
കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന് കുറച്ച് നാളുകളായി ചികിത്സയിലായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ മകന് അശ്വിന്റെ കരള്‍ പകുത്ത് നല്കി ശസ്ത്രക്രിയ നടത്തിയത് കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു. ജീവിതത്തിലേക്ക് പൂര്‍ണ ആരോഗ്യത്തോടെ തിരിച്ചുവരുമെന്ന് എല്ലാവരും കരുതിയ സന്ദര്‍ഭത്തിലായിരുന്നു അപ്രതീക്ഷിതവേര്‍പാട്.
(2005-ലെ അഡ്വ.ബി.കരുണാകരന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനറായിരുന്നു ലേഖകന്‍)