സാദിഖലീ, നിങ്ങള്‍ കോളിയടുക്കത്തുകാരുടെ ആരായിരുന്നു. തന്റെ സേവന പ്രവര്‍ത്തനത്തിലൂടെ കോളിയടുക്കത്തെയും സമീപ പ്രദേശത്തെയും ഏറെ പേരുടെയും മനസ്സില്‍ ഇടം പിടിക്കാന്‍ സാധിച്ച സാദിഖലിയുടെ വിയോഗം അറിഞ്ഞത് മുതല്‍ വിങ്ങുകയാണ് ഒരു നാട്. സാദിഖലിയുടെ മരണം കോളിയടുക്കത്തുക്കാര്ക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നില്ല. ഏതെങ്കിലും ആവശ്യവുമായി സാദിഖലിയുടെ അടുത്ത് വന്നവരാണ് കോളിയടുക്കത്തുള്ളവരില് ഏറെയും. ചെറുപുഞ്ചിരിയോടെ നേരിടുന്ന സാദിഖലിയെ എല്ലാവര്ക്കും വളരെ ഇഷ്ടമായിരുന്നു.
1993 നവമ്പര്‍ 25ന് വില്ലേജ്മാന്‍ തസ്തികയില്‍ പ്രവേശിച്ച ഇദ്ദേഹം 27 വര്‍ഷവും ചെങ്കള വില്ലേജിലാണ് ജോലി ചെയ്തത.് കുറച്ചു കാലം തെക്കില്‍, പാടി വില്ലേജുകളില്‍ റവന്യു റിക്കവറി വിഭാഗത്തിലും, ദേശീയ പാത സ്ഥലമെടുപ്പ് ഓഫീസിലും പ്രവര്‍ത്തിച്ചിരുന്നു. സര്‍ക്കാര്‍ ഓഫീസ് ജോലി ഒരു ഓഫീസ് ജോലി മാത്രമല്ല ജന സേവനത്തിനുള്ള വലിയൊരു വഴിയാണെന്നു അദ്ദേഹം കരുതി. അതുകൊണ്ടുതന്നെ ഓഫീസ് സമയത്തിനേക്കാളും കൂടുതല്‍ അവിടെ പ്രവര്‍ത്തിക്കുമായിരുന്നു.
കോളിയടുക്കത്തെയും ചെങ്കളയിലെയും മുഴുവന്‍ സ്ഥലത്തിന്റെ സ്കെച്ചും മനസ്സില്‍ സൂക്ഷിച്ചിരുന്ന അപൂര്‍വ്വം ഓഫീസറില്‍ ഒരാളായിരുന്നു സാദിഖലി. 27 വര്‍ഷം ജോലി ചെയ്ത സാദിഖലി ചെങ്കള സ്പെഷ്യല്‍ വില്ലേജ് ഓഫീസറായാണ് വിരമിക്കുന്നത്. കോളിയടുക്കം മുബാറക്ക് ജുമാ മസ്ജിദിലും മൂടംബയല് ജുമാ മസ്ജിദിലും സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1993 ല്‍ കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റി പ്രസിഡണ്ടായിരിക്കെ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ച സാദിഖലി എന്‍.ജി.ഒ അസോസിയേഷന് ബ്രാഞ്ച്, ജില്ലാ കമ്മിറ്റിയിലും സംസ്ഥാന കമ്മിറ്റിയംഗമായും പ്രവര്‍ത്തിച്ചിരുന്നു.
കെ.എസ് .യുവിലൂടെ പ്രവര്‍ത്തനം തുടങ്ങിയ സാദിഖലി മരണം വരെയും കോണ്‍ഗ്രസിന്റെ സജീവ മുന്നണി പോരാളി തന്നെയായിരുന്നു. ഇക്കഴിഞ്ഞ പാര്‍ലമെന്റ് ഇലക്ഷനില്‍ കോളിയടുക്കം ബൂത്ത് ചെയര്‍മാനായും യു.ഡി.എഫിന്റെ സജീവ പ്രവര്‍ത്തകനായും പ്രവര്‍ത്തിക്കുകയുണ്ടായി. കോളിയടുക്കത്ത് ഇപ്രാവശ്യത്തെ ഇലക്ഷന് വളരെ ശാസ്ത്രിയമായി കൊണ്ടുപോകുന്നതിന് മുഖ്യ പങ്കുവഹിച്ച സാദിഖലി ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. കാസര്‍കോട് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന്റെ വിജയത്തിനായി എം.എം ഹസ്സന് നയിച്ച മെഗാ കുടുംബസംഗമം കോളിയടുക്കത്ത് സംഘടിപ്പിച്ചത് സാദിഖലിയുടെ വീട്ടില്‍ വെച്ചാണ്. സാദിഖലി സൗഹൃദ ബന്ധത്തിന് ഏറെ പ്രധാന നല്കിയ വ്യക്തിയായിരുന്നു. ഏറ്റവും അടുത്ത സുഹൃത്തുക്കളുമായി കോളിയടുക്കം മീത്തല്‍ ബസ്സ്റ്റാന്റില് എല്ലാ ദിവസങ്ങളിലും വൈകുന്നേരം ഒന്നിച്ചിരുന്നു സംസാരിക്കുന്നത് കാണാമായിരുന്നു.
എന്നെ സംബന്ധിച്ചിടത്തോളം സാദിഖലി കുടുംബ സുഹൃത്താണ്. ഇപ്രാവശ്യം ഞാന്‍ ദുബായിലേക്ക് വരുന്ന തലേദിവസം സാദിഖലിയുടെ വീട്ടില്‍ പോയിരുന്നു. എന്റെ ഒരു സ്ഥലത്തിന്റെ സ്കെച്ച് വാങ്ങാനും യാത്ര പറയാനുമായിരുന്നു വീട്ടില്‍ പോയത്. ഞങ്ങള്‍ ഏറെനേരം വര്‍ത്തമാനം പറഞ്ഞിരുന്നു. സാമൂഹ്യപരവും രാഷ്ട്രീയപരവുമായ ഒരുപാട് വിഷയങ്ങള്‍ ആ സംസാരത്തില്‍ നിറഞ്ഞുനിന്നു. പക്ഷെ, നിനച്ചിരിക്കാത്ത നേരത്ത് എല്ലാ പ്രതീക്ഷകളും സ്വപ്നങ്ങളും ഇവിടെ ഇറക്കിവച്ച് പ്രിയ മകളുടെ കല്യാണം പോലും ബാക്കിവെച്ചാണ് സാദിഖലി റബ്ബിലേക്ക് യാത്രയായത്.
സാദിഖലിയെ അവസാനമായി ഒരു നോക്ക് കാണാന്‍ തടിച്ചുകൂടിയ ജനങ്ങളും ജനാസ നമസ്കാരത്തിലും അനുശോചന യോഗത്തിലും പങ്കെടുത്തവരും അദ്ദേഹത്തിന് ജനങ്ങള്‍ക്കിടയില്‍ എത്രമാത്രം സ്വാധീനം ഉണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്നു. സാദിഖലിയുടെ വിയോഗം കോളിയടുക്കത്തിന് തീരാനഷ്ടമാണ്. ഈ വേര്‍പാട് കുടുംബത്തിനും നാടിനും സഹിക്കാവുന്നതിലും അപ്പുറമാണ്. അല്ലാഹു സ്വര്‍ഗം നല്കി അനുഗ്രഹിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.
-ഷംസുദ്ദീന് കോളിയടുക്കം