ഏറ്റവും പ്രിയപ്പെട്ടവര്‍ പതുക്കെ പതുക്കെ മരണത്തിലേക്ക് വഴുതി വീഴുന്നത് കാണുമ്പോഴുള്ള നൊമ്പരവും സങ്കടവും പറഞ്ഞറിയിക്കാനാവാത്തതാണ്. നാലാംമൈല്‍ സ്വദേശിയും അണങ്കൂര്‍ പച്ചക്കാട്ട് താമസക്കാരനുമായ കെ. മുഹമ്മദ് ഷെരീഫിന് വലിയ പ്രായമൊന്നുമായിട്ടില്ല. 57 വയസ്. ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലാതിരുന്ന അരോഗദൃഢഗാത്രനായ ഒരാള്‍. സൂക്ഷിച്ച്, വളരെ മാന്യമായ ജീവിതം. പുക വലി ശീലമില്ല. ശീതളപാനീയങ്ങളോട് ഇഷ്ടമില്ലെന്ന് മാത്രമല്ല, വെറുപ്പ് കൂടിയായിരുന്നു. മത്സ്യവും ഇറച്ചിയും ഒന്നിച്ച് കഴിക്കില്ല. ഞങ്ങള്‍ കഴിക്കുമ്പോള്‍, ആരോഗ്യപ്രശ്‌നമുണ്ടാകുമെന്ന് പറഞ്ഞ് വിലക്കും. തീര്‍ത്തും ശാന്തനായ ഒരാള്‍. ക്ഷോഭം എന്നത് തൊട്ടരികിലൂടെ പോലും കടന്നുപോയിട്ടില്ല. തികഞ്ഞ കുടുംബ സ്‌നേഹി. ഭാര്യയും രണ്ട് മക്കളും മരുമകനും ചേര്‍ന്ന സന്തുഷ്ടകുടുംബം. കുറേകാലമായി ദുബായിലാണ് ജോലി. വലിയ ഭാരമുള്ള, മാനസിക സംഘര്‍ഷമുള്ള ജോലികളൊന്നും ഏറ്റെടുക്കില്ല. അതുകൊണ്ട് തന്നെ കുറെ പണം ഉണ്ടാക്കി വലിയ സമ്പന്നന്‍ ആകണമെന്ന ആഗ്രഹവും ഇല്ലായിരുന്നു.
25 വര്‍ഷം മുമ്പ് ഷെരീഫിന്റെ ഭാര്യയുടെ അനുജത്തിയെ കല്യാണം കഴിച്ചത് മുതല്‍ തുടങ്ങിയതാണ് ഞങ്ങള്‍ തമ്മിലുള്ള ജ്യേഷ്ഠ-അനുജ ബന്ധം. എന്നോട് വലിയ ഇഷ്ടമായിരുന്നു. തികഞ്ഞ മതഭക്തനുമായിരുന്നു അദ്ദേഹം. ആരാധനാ കര്‍മ്മങ്ങളൊന്നും മുടക്കില്ല. യാഥാസമയം കൃത്യമായി നിര്‍വ്വഹിക്കും. ഗള്‍ഫിനോട് മടുപ്പ് തോന്നി ഇടയ്ക്ക് കുറച്ചുകാലം ഷെരീഫ്, ഞാന്‍ നടത്തിയിരുന്ന കാസര്‍കോട് ടൗണിലെ ഫുട്‌വെയര്‍ ഷോപ്പില്‍ സഹായിയായി എത്തി. ഒരു റമദാന്‍ കാലം. കടയില്‍ നല്ല തിരക്ക്. ഷെരീഫിന് ബാങ്ക് വിളിക്കും നേരത്ത് തന്നെ പള്ളിയില്‍ പോവാന്‍ പറ്റിയില്ല. അന്ന് രാത്രി എന്നോട് പറഞ്ഞു; നാളെ മുതല്‍ സാഹയത്തിന് ഞാന്‍ ഉണ്ടാവില്ല. നിസ്‌കാരം കൃത്യസമയത്ത് ചെയ്യാന്‍ പറ്റുന്നില്ല. ആരാധനാ കര്‍മ്മങ്ങളില്‍ അത്രമാത്രം നിഷ്ഠയായിരുന്നു അദ്ദേഹത്തിന്. ഒരു മാസം മുമ്പ് ഞാന്‍ ദുബായില്‍ ചെന്നപ്പോള്‍ ഷെരീഫിനെ കണ്ടിരുന്നു. മകളും മരുമകനും ഒന്നിച്ച് സന്തോഷം നിറഞ്ഞ ജീവിതം നയിക്കുകയായിരുന്നു അവിടെ. ആരോഗ്യത്തിന് ഒരു പ്രശ്‌നവും കണ്ടിരുന്നില്ല. ആ രാത്രി വലിയ സന്തോഷത്തോടെ ഷാര്‍ജയില്‍ ഞങ്ങള്‍ ചെലവഴിച്ചു.
ഒരാഴ്ച മുമ്പാണ് അദ്ദേഹം ശാരീരിക അസ്വസ്ഥത തോന്നി നാട്ടിലേക്ക് വന്നത്. അതിന് തലേന്ന് മകളും മരുമകനും നാട്ടിലേക്ക് തിരിക്കുമ്പോള്‍ എല്ലാ ഒരുക്കങ്ങളും നടത്തിയത് ഷെരീഫാണ്. അദ്ദേഹത്തില്‍ എന്തെങ്കിലും ശാരീരിക പ്രശ്‌നം കണ്ടിരുന്നുവെങ്കില്‍ മകള്‍ സന ഫാത്തിമയും മരുമകന്‍ ഫയാസും അദ്ദേഹത്തെ അവിടെ വിട്ട് വരില്ലായിരുന്നു. പിറ്റേന്ന് ശ്വാസതടസം അടക്കമുള്ള അസ്വസ്ഥതകള്‍ തോന്നി ഷെരീഫ് അന്ന് തന്നെ നാട്ടിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്യുന്നു. പുറപ്പെടുന്നതിന് മുമ്പ് ഭാര്യയെയും മകന്‍ ഷഹീനെയും വിളിച്ചിരുന്നു. ചെറിയൊരു പനി തോന്നുന്നു, നാട്ടില്‍ വരുന്നുണ്ട്, ഡോക്ടറെ കാണിച്ചശേഷം നമുക്ക് വയനാട്ടിലേക്കും അജ്മീറിലേക്കുമൊക്കെ ഒരു യാത്ര നടത്തണം എന്ന് മകനോട് പറഞ്ഞിരുന്നു. നാട്ടിലെത്തി നഗരത്തിലെ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുമ്പോഴും ശ്വാസതടസമല്ലാതെ മറ്റു പറയത്തക്ക ആരോഗ്യപ്രശ്‌നങ്ങളൊന്നും കണ്ടിരുന്നില്ല. എന്നെ കണ്ടയുടനെ കുറെ സംസാരിക്കാന്‍ ശ്രമിച്ചു. കുറെനേരം സംസാരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ സ്‌നേഹപൂര്‍വ്വം വിലക്കി. ഇനിയും മിണ്ടാന്‍ സമയമുണ്ടല്ലോ, വീട്ടിലെത്തിയിട്ട് വിശദമായി മിണ്ടാം-ഭാര്യ സൈറയുടെ വാക്കുകള്‍ കേട്ട് ഷെരീഫ് പുഞ്ചിരിച്ചു.
പിറ്റേന്ന് അതിരാവിലെ തന്നെ ഞാന്‍ ആസ്പത്രിയില്‍ ചെന്നു. തനിച്ചായിരുന്നു. എന്നെ കണ്ടതോടെ കൈ പിടിച്ചു. വലതുകൈയിലെ വീക്കം കണ്ട് എനിക്കെന്തോ അസ്വസ്ഥത തോന്നി. മരുന്ന് കുത്തിവെച്ചതിനാലുള്ള വീക്കമായിരിക്കാമെന്ന് ഞാന്‍ കരുതി. അദ്ദേഹത്തിന് ശ്വാസതടസം അപ്പോഴും ഉണ്ടായിരുന്നു. ഞാന്‍ അധികം മിണ്ടാന്‍ നിന്നില്ല. പതുക്കെ ഇറങ്ങാന്‍ ശ്രമിക്കുമ്പോള്‍ എന്റെ കൈ പിടിച്ച് പറഞ്ഞു; ഇടയ്ക്കിടെ വരണം, നീ അടുത്തുണ്ടാകുമ്പോള്‍ എനിക്കൊരു ധൈര്യമാണ്. പിറ്റേന്ന് അസുഖം അല്‍പം കൂടി മൂര്‍ച്ഛിച്ചു. മംഗലാപുരത്തേക്ക് മാറ്റി. ശരീരത്തിലെ പ്രധാന അവയവങ്ങളെ രോഗം തളര്‍ത്തിത്തുടങ്ങിയിരുന്നു. ഹൃദയവും വൃക്കയുമൊക്കെ പതുക്കെ പതുക്കെ പ്രവര്‍ത്തന രഹിതമാകുന്നതിന്റെ ലക്ഷണങ്ങള്‍. ന്യൂമോണിയ, കോവിഡ്, ഡെങ്കിപ്പനി, മലേറിയ തുടങ്ങി എല്ലാ പരിശോധനകളും നടത്തി. റിസള്‍ട്ട് നെഗറ്റീവായിരുന്നു. എന്നിട്ടും രോഗശമനമില്ല. അന്ന് മംഗലാപുരത്ത് ചെന്നെങ്കിലും എനിക്ക് അദ്ദേഹത്തെ കാണാനായില്ല. വെന്റിലേറ്ററിലാണ്. സന്ദര്‍ശകര്‍ക്ക് കടുത്ത വിലക്കുണ്ട്. പിറ്റേന്ന് ചെന്നപ്പോള്‍ ഡോക്ടര്‍ സംസാരിക്കാന്‍ വിളിച്ചു. ഷെരീഫിന്റെ മകന്‍ ഷഹീന്‍ ഷയാഫിനൊപ്പം ഞാനാണ് ചെന്നത്. രോഗത്തിന്റെ കാഠിന്യത്തെ കുറിച്ച് ഡോക്ടര്‍ ആശങ്കയറിയിച്ചു. അല്‍പം ദൂരെ നിന്ന് കാണാന്‍ ഡോക്ടര്‍ എന്നെ അനുവദിച്ചു. ഷെരീഫ് ശാന്തനായി ഉറങ്ങുകയാണ്. പിറ്റേന്ന് മറ്റൊരു ഡോക്ടര്‍ രോഗിയുടെ ബന്ധുക്കളെ വിളിച്ചപ്പോള്‍ ഷെരീഫിന്റെ സഹോദരന്‍ ഖാദറിനൊപ്പം ഞാനും ചെന്നു. രോഗാവസ്ഥ പ്രവചനാതീതമാണെങ്കിലും 15 ശതമാനത്തോളം ഭേദപ്പെട്ടിട്ടുണ്ടെന്ന ഡോക്ടറുടെ വാക്കുകള്‍ ഞങ്ങളില്‍ പ്രതീക്ഷയുണര്‍ത്തി. പതുക്കെ പതുക്കെ ജീവിതത്തിലേക്ക് കടന്നുവരുമെന്ന് മനസ്സുപറഞ്ഞു.
നാലാംനാള്‍. രാവിലെ കാണാന്‍ ചെന്ന മക്കളോട് ഷെരീഫിന്റെ അസുഖം 40 ശതമാനത്തോളം ഭേദപ്പെട്ടിട്ടുണ്ടെന്നാണ് ഡോക്ടര്‍ അറിയിച്ചത്. പക്ഷെ പൊടുന്നനെ നില കൂടുതല്‍ വഷളായി. ഹൃദയമിടിപ്പ് വല്ലാതെ കുറഞ്ഞു. വൃക്കയും പ്രവര്‍ത്തനരഹിതമാവുന്നു. ബി.പിയും ഒരുപാട് കുറഞ്ഞു. ഡോക്ടര്‍മാര്‍ കൈവിടുന്നു.
നല്ല ആരോഗ്യവാനായി, ചിരിച്ചും മിണ്ടിയും ഗള്‍ഫില്‍ നിന്നുവന്ന ഒരാള്‍ പതുക്കെപതുക്കെ മരണത്തിലേക്ക് വഴുതിവീഴുന്ന സങ്കടകരമായ കാഴ്ച. ഓരോ മരണവും ഇങ്ങനെ തന്നെയാണ്. ദിവസവും നമ്മള്‍ അനേകം മരണവാര്‍ത്തകള്‍ കേള്‍ക്കുന്നു. പ്രായമൊന്നും മരണത്തിന് ഒരുപ്രശ്‌നേയല്ല ഇപ്പോള്‍. ചെറുപ്പക്കാര്‍പോലും ഓരോ ദിനവും മരണപ്പെടുന്നു. മരണം എവിടെയും, ആരെയും, ഏത് സമയത്തും പിടികൂടുന്നു.
ഭാര്യയുടെ മൂത്ത സഹോദരിയുടെ ഭര്‍ത്താവ് സുലൈമാന്‍ പച്ചക്കാട് പൊടുന്നനെ മരണത്തിന്റെ ചിറകിലേറിപ്പോയതിന്റെ വേദനയും സങ്കടവും ഇനിയും മാറിയിട്ടില്ല. ഇതിനിടയിലാണ് ഇരട്ടപ്രഹരമായി ഷെരീഫിന്റെ വേര്‍പാട്.
കഴിഞ്ഞ മഴക്കാലം. പച്ചക്കാട്ടേക്കുള്ള റോഡില്‍ അണങ്കൂര്‍ അമ്പലത്തിന് സമീപം കുഴികള്‍ രൂപപ്പെട്ടിരുന്നു. വാഹനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും ഇതുവഴി കടന്നുപോവാന്‍ പ്രയാസം. അന്നൊരു അവധി ദിവസമായിരുന്നു. ഉച്ചഭക്ഷണം കഴിഞ്ഞ് മണ്‍വെട്ടിയുമായി സുലൈമാന്‍ തനിച്ച് അമ്പലത്തിനടുത്തേക്ക് ചെന്നു. റോഡുവക്കില്‍ നിന്ന് മണ്ണ് കോരിയെടുത്ത് കുഴികള്‍ മൂടി തുടങ്ങി. മഴ നനഞ്ഞ് റോഡിലെ കുഴി മൂടുന്നത് കണ്ട് ക്ഷേത്ര പരിസരത്തുണ്ടായിരുന്ന ചിലര്‍ സുലൈമാനെ സഹായിക്കാനുമെത്തി. കുഴികള്‍ മൂടി പൂര്‍ത്തിയായിരുന്നില്ല. നെഞ്ചുവേദന അനുഭവപ്പെട്ട സുലൈമാന്‍ ബൈക്കുമെടുത്ത് പച്ചക്കാട്ടെ വീട്ടിലേക്ക് മടങ്ങി. വഴിക്ക് കൈ കാട്ടിയ ഒരാളെ ആ വേദനക്കിടയിലും ബൈക്കിന് പിന്നില്‍ കയറ്റാന്‍ അദ്ദേഹം ഒരു വൈമനസ്യവും കാണിച്ചില്ല. വീടിനടുത്തെത്തിയപ്പോള്‍ നെഞ്ചുവേദന കലശലായി. ബൈക്ക് നിയന്ത്രണം വിട്ട് തൊട്ടരികിലെ മതിലില്‍ ചെന്ന് നിന്നു. സുലൈമാന്‍ പതുക്കെ മരണത്തിലേക്ക് വീണു. ഓരോ മരണവും ഉറ്റവരില്‍ ഉണ്ടാക്കുന്ന ആഴത്തിലുള്ള വേദന ചെറുതല്ല. മരണം അരികില്‍ തന്നെയുണ്ട്.
ഷെരീഫിനും സുലൈമാനും അല്ലാഹു സ്വര്‍ഗം നല്‍കി അനുഗ്രഹിക്കട്ടെ. ആമീന്‍.
–ടി.എ ഷാഫി