കാസര്‍കോട്: കേന്ദ്ര പൊതുമേഖലാ വ്യവസായ സ്ഥാപനമായ ബെദ്രഡുക്കയിലെ ഭെല്‍ ഇ.എം.എല്‍ കമ്പനി ഉടന്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുക, കൈമാറ്റനടപടികള്‍ അടിയന്തിരമായി പൂര്‍ത്തിയാക്കുക, ജീവനക്കാരുടെ ശമ്പളമുള്‍പ്പടെയുള്ള മുഴുവന്‍ ആനുകൂല്യങ്ങളും വിതരണം ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഭെല്‍ ഇ.എം.എല്‍ സംരക്ഷണ സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തില്‍ 9 മുതല്‍ 12 വരെ ഒപ്പ് മരചുവട്ടില്‍ റിലേ സത്യാഗ്രഹം നടത്തും.
കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് കൊണ്ട് നടത്തുന്ന സത്യാഗ്രഹം ഓരോ ദിവസവും രാവിലെ 10 മണിക്ക് ആരംഭിച്ച് വൈകുന്നേരം 5 മണിക്ക് സമാപിക്കും.
സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന കെല് കമ്പനിയുടെ കാസര്‍കോട് യൂണിറ്റാണ് 2011 മാര്‍ച്ച് 28 മുതല്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭെല്ലിന് 51 ശതമാനം ഓഹരി പങ്കാളിത്തത്തോടെ ഭെല്‍ ഇ.എം.എല്‍ കമ്പനിയായി മാറിയത്.
2016ല്‍ ഭെല്ലിന്റെ ഓഹരികള്‍ കയ്യൊഴിയാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കുകയും ഓഹരികള്‍ ഏറ്റെടുത്ത് പഴയത് പോലെ സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാക്കി മാറ്റാന്‍ 2017 ജൂണ്‍ 12ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കുകയും കൈമാറ്റ കരാര്‍ ഒപ്പ് വെക്കാനുള്ള അനുമതി 2019 സെപ്തമ്പര്‍ 5ന് നടന്ന മന്ത്രിസഭാ യോഗം നല്‍കുകയും അത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് 2019 സെപ്തമ്പര്‍ 7 ന് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ അന്തിമ അനുമതി ലഭിക്കാത്തതിനാല്‍ നടപടികള്‍ സ്തംഭിച്ചിരിക്കയാണ്.
ജീവനക്കാര്‍ക്ക് രണ്ട് വര്‍ഷമായി ശമ്പളം ലഭിക്കുന്നില്ല. പി.എഫ് വിഹിതം അടക്കാത്തതിനാല്‍ വിരമിക്കുന്ന ജീവനക്കാര്‍ക്ക് നാമമാത്രമായ പെന്‍ഷന്‍പോലും ലഭിക്കുന്നില്ല. 25 മുതല്‍ 30 വര്‍ഷം വരെ ജോലി ചെയ്ത് വിരമിക്കുന്ന ജീവനക്കാര്‍ക്ക് ഗ്രാറ്റിവിറ്റി പോലും ലഭിക്കാതെ വെറും കയ്യോടെ പിരിഞ്ഞ് പോകേണ്ടി വരുന്നു.
പ്രവര്‍ത്തന മൂലധനമില്ലാത്തതിനാല്‍ ഉല്പാദനം നിലക്കുകയും ലോക്ക് ഡൗണ്‍ കൂടി വന്നതോടെ 2020 മാര്‍ച്ച് 20ന് അടച്ചിട്ട കമ്പനി ഇത് വരെ തുറന്നിട്ടില്ല. തുടര്‍ച്ചയായി അടച്ചിടുന്നത് കാരണം മെഷിനറികള്‍ തുരുമ്പെടുത്ത് നശിച്ച് കൊണ്ടിരിക്കുന്നു. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കണമെന്ന ഹൈക്കോടതി വിധി നടപ്പാക്കിയില്ല.
കൈമാറ്റ നടപടികള്‍ മൂന്ന് മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് കേരള ഹൈക്കോടതി ഇപ്പോള്‍ ഉത്തരവിട്ടിരിക്കുന്നു.
നിലവിലുള്ള സ്ഥിതി ഇനിയും തുടര്‍ന്നാല്‍ ജില്ലയിലെ ഏക പൊതുമേഖലാ വ്യവസായ സ്ഥാപനം ഇല്ലാതാവുമെന്ന ഘട്ടത്തിലാണ് തൊഴിലാളി സംഘടനകള്‍ സംയുക്തമായി സമരസമിതി രൂപീകരിക്കുകയും പ്രത്യക്ഷ സമരപരിപാടികള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്യുന്നത്.
ഇക്കാര്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് ജില്ലയിലെ ജനപ്രതിനിധികള്‍ക്ക് ഇതിനകം നിവേദനങ്ങള്‍ നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രി, മറ്റ് മന്ത്രിമാര്‍, ഗവ. സെക്രട്ടറിമാര്‍ എന്നിവരുമായി ചര്ച്ചക്കള്ള ശ്രമങ്ങളും നടത്തി വരികയാണ്.
ജില്ലയുടെ അഭിമാന സ്ഥാപനം സംരക്ഷിക്കുന്നതിനും ജീവനക്കാരെയും കുടുംബങ്ങളെയും പട്ടിണിയില്‍ നിന്നും കരകയറ്റുന്നതിനും മുഴുവന്‍ ജനങ്ങളുടെയും അകമഴിഞ്ഞ പിന്തുണയും സഹായ സഹകരണവും അത്യാവശ്യമാണ്.
ജീവനക്കാര്‍ നടത്തുന്ന അവകാശ സമരത്തിന്റെ വിജയത്തിനും എല്ലാ വിധ പിന്തുണയും അഭ്യര്‍ത്ഥിക്കുന്നു.
സമരസമിതിയിലെ യൂണിയനുകളുടെ പ്രസിഡണ്ടുമാരായ എ. അബ്ദുല്‍ റഹ്മാന് (എസ്.ടി.യു) ഒന്നാം ദിവസവും, പി. കരുണാകരന് എക്സ്. എം.പി (സി.ഐ.ടി.യു) രണ്ടാം ദിവസവും അഡ്വ.പി.രാമചന്ദ്രന് നായര്‍ (ഐ.എന്‍.ടി.യു.സി) മൂന്നാം ദിവസവും, അഡ്വ. പി.മുരളീധരന് (ബി.എം.എസ്) നാലാം ദിവസവും സമരം ഉദ്ഘാടനം ചെയ്യും. പ്രമുഖരായ നേതാക്കള്‍ പ്രസംഗിക്കും. ജില്ലയിലെ വിവിധ സംഘടനാ പ്രതിനിധികള്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുമെന്ന് സമരസമിതി ചെയര്മാന് ടി.കെ രാജന്, ജനറല്‍ കണ്‍വീനര്‍ കെ.പി.മുഹമ്മദ് അഷ്റഫ് പത്രസമ്മേളനത്തില്‍ പറഞ്ഞു.
തൊഴിലാളി സംഘടനാ നേതാക്കളായ പി.ദിനേശന്, എ വാസുദേവന്‍, ബി.എസ്.അബദുല്ല, വി.പവിത്രന്, പ്രദീപന് പനയന്‍, യു. വേലായുധന് സംബന്ധിച്ചു.