കാഞ്ഞങ്ങാട്: ചന്ദ്രികയുടെ സത്യസന്ധതയ്ക്ക് പൊലീസിന്റെ വക ക്യാഷ് അവാര്‍ഡ്. കാഞ്ഞങ്ങാട് ബസ്സ്റ്റാന്റ് പരിസരത്ത് നിന്ന് കളഞ്ഞു കിട്ടിയ 2,000 രൂപ പൊലീസിനെ ഏല്‍പ്പിച്ച നഗരത്തിലെ ബ്യൂട്ടി പാര്‍ലര്‍ ജീവനക്കാരി മൂന്നാം മൈലിലെ ചന്ദ്രികയുടെ സത്യസന്ധതയ്ക്കാണ് പൊലീസിന്റെ ചേര്‍ത്തുപിടിക്കല്‍. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോഴാണ് പൊതികളഞ്ഞു കിട്ടിയത്. പരിശോധിച്ചപ്പോള്‍ പണമാണെന്ന് മനസിലായി. ഉടന്‍ ഇത് പൊലീസിനെ ഏല്‍പ്പിച്ച് മടങ്ങി. പണം കൈമാറുന്നതിനിടെ സത്യസന്ധതയെ കുറിച്ച് പൊലീസ് സംസാരിക്കുമ്പോള്‍ തന്റെ മകളുടെ ഫീസ് പോലും കൊടുക്കാന്‍ ഇല്ലാതെ പ്രയാസപ്പെടുമ്പോഴും അര്‍ഹതയില്ലാത്തത് എടുക്കാന്‍ പാടില്ലെന്ന് പൂര്‍ണ്ണ ബോധ്യത്തോടെയാണ് ഇത് പൊലീസിന് ഏല്‍പ്പിക്കുന്നതെന്ന് പറഞ്ഞ് ഇറങ്ങിയതായിരുന്നു ചന്ദ്രിക. ചന്ദ്രികയുടെ സത്യസന്ധതയും പ്രയാസവും മനസിലാക്കിയ ഇവരെ വിളിപ്പിച്ച് കുട്ടിക്ക് നല്‍കാനുള്ള ഫീസ് പൊലീസ് ഉദ്യോഗസ്ഥര്‍ സ്വന്തം കീശയില്‍ നിന്നെടുത്ത് നല്‍കുകയായിരുന്നു. ചന്ദ്രികയുടെ സത്യസന്ധതയാണ് പൊലീസിനെ ഇതിന് പ്രേരിപ്പിച്ചത്. ഹൊസ്ദുര്‍ഗ് ഇന്‍സ്പെക്ടര്‍ പി. അജിത്ത് കുമാറാണ് പണം കൈമാറിയത്.