ന്യൂഡല്‍ഹി: ആര് രാജ്യം ഭരിക്കുമെന്നറിയാന്‍ ഇനി മണിക്കൂറുകളുടെ മാത്രം കാത്തിരിപ്പ്. ലോക്സഭ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ നാളെ രാവിലെ എട്ട് മണിക്ക് ആരംഭിക്കും. ആദ്യം പോസ്റ്റല്‍ ബാലറ്റും പിന്നീട് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലെ വോട്ടുകളും എണ്ണും. ആദ്യ മണിക്കൂറുകളില്‍ തന്നെ ട്രെന്‍ഡ് വ്യക്തമാകും. വോട്ടെണ്ണല്‍ ദിനത്തിലെ ക്രമീകരണങ്ങള്‍ വിശദമാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ഇന്ന് ഉച്ചക്ക് പന്ത്രണ്ടരക്ക് വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. വോട്ടെണ്ണലില്‍ സുതാര്യത ആവശ്യപ്പെട്ട് ഇന്ത്യ സഖ്യവും ഇന്ത്യ സഖ്യത്തിനെതിരെ ബി.ജെ.പിയും നല്കിയ പരാതികളില്‍ കമ്മീഷന് പ്രതികരിച്ചേക്കും.
അതേസമയം, എന്‍.ഡി.എയും ഇന്ത്യാ മുന്നണിയും പ്രതീക്ഷയിലാണ്. രാജ്യത്ത് വീണ്ടും മോദി തരംഗമെന്നാണ് കഴിഞ്ഞ ദിവസം എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വന്നതെങ്കിലും ഇന്ത്യാ മുന്നണിക്ക് ഒട്ടും പ്രതീക്ഷ കുറവില്ല. മുന്നൂറോളം സീറ്റുകള്‍ കിട്ടുമെന്നാണ് ഇന്ത്യാ മുന്നണി നേതാക്കള്‍ പറയുന്നത്. അതേസമയം, എന്‍.ഡി.എ മൂന്നാമതും അധികാരത്തിലെത്തുമെന്ന് ഭൂരിപക്ഷം സര്‍വേകളും പ്രവചിക്കുന്നു.