ഷിരൂര്‍: ഷിരൂറില്‍ ഗംഗാവലിപ്പുഴയില്‍ നിന്ന് അര്‍ജുന്റെ ലോറി കരയ്ക്ക് കയറ്റി. ക്യാബിനുള്ളില്‍ നിന്ന് ഷര്‍ട്ടും ബനിയനും കണ്ടെത്തി. ഇവ അര്ജുന് ഉപയോഗിച്ചിരുന്നതാണെന്ന് സഹോദരന് തിരിച്ചറിഞ്ഞു. ക്യാബിനില്‍ കൂടുതല്‍ അസ്ഥികളുണ്ടെന്നാണ് വിവരം. ലോറിക്കകത്ത് നിന്ന് ഇവ പൂര്‍ണമായും ശേഖരിക്കും. ഡി.എന്‍.എ ഫലം കിട്ടിയാലുടന്‍ മൃതദേഹം നാട്ടിലെത്തിക്കാന്‍ നടപടി തുടങ്ങും. അര്ജുന് ഉപയോഗിച്ച വസ്തുക്കള്‍ മുഴുവന്‍ ലോറിയില്‍ നിന്ന് തിരികെ വീട്ടിലേക്ക് കൊണ്ടുവരണമെന്നാണ് ഭാര്യ ഷിരൂറിലുള്ള സഹോദരനോട് ആവശ്യപ്പെട്ടത്.
ഷിരൂറില്‍ നിന്ന് അര്‍ജുന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ക്ക് തുടക്കമായി. ഡി.എന്‍.എ സാമ്പിളുകള്‍ ശേഖരിച്ചു. പരിശോധനാ ഫലം വന്നാല്‍ നാളെത്തന്നെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും. എത്രയും വേഗം നടപടികള്‍ പൂര്‍ത്തീകരിക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കി. വേഗത്തില്‍ മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
മണ്ണിടിച്ചിലില്‍ കാണാതായ മറ്റുരണ്ട് പേര്‍ക്കായുള്ള തിരച്ചില്‍ തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.