ബദിയടുക്ക: ലൈഫ് ഭവന പദ്ധതിക്ക് വേണ്ടി പതിച്ചുനല്‍കിയ സ്ഥലത്ത് ആരാധനാലയം പണിയാനുള്ള നീക്കമെന്ന് പരാതി. അനധികൃത നിര്‍മ്മാണം വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. ബദിയടുക്ക പഞ്ചായത്തിലെ ബേള വില്ലേജില്‍ ഏണിയര്‍പ്പില്‍ 333 സര്‍വ്വേ നമ്പര്‍ സ്ഥലത്ത് ലൈഫ് ഭവന പദ്ധതിക്ക് വേണ്ടി പതിച്ചുനല്‍കിയ സ്ഥലത്താണ് നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചത്. സ്വന്തമായി സ്ഥലമോ വീടോ ഇല്ലാത്ത നിര്‍ധന കുടുംബംഗങ്ങള്‍ക്ക് വീട് വെക്കുന്നതിന് വേണ്ടിയാണ് സ്ഥലം പതിച്ച് നല്‍കിയിട്ടുള്ളത്. വാടക മുറികളിലും സര്‍ക്കാര്‍ സ്ഥലങ്ങളിലും ഷെഡ്ഡ് കെട്ടി താമസിക്കുന്നവരെ കണ്ടെത്തി, ബന്ധപ്പെട്ട വില്ലേജ് ഓഫീസുകളില്‍ നിന്ന് താമസ സ്ഥലത്തോ തൊട്ടടുത്തോ റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെടുന്ന കുടുംബംഗങ്ങള്‍ക്ക് സ്വന്തമായി സ്ഥലം ഇല്ലെന്ന് തെളിയിക്കുന്ന കുടുംബത്തിനാണ് വീട് വെക്കുന്നതിന് മൂന്ന് സെന്റ സ്ഥലം റവന്യൂ വകുപ്പ് പതിച്ച് നല്‍കിയത്. എന്നാല്‍ അനര്‍ഹരായ പലരും ബന്ധപ്പെട്ട വില്ലേജ് ഓഫീസ് അധികൃതരെ സ്വാധീനിച്ച് സ്വന്തമായി സ്ഥലവും വീടും ഉള്ളവര്‍ പോലും ലൈഫ് ഭവന പദ്ധതിയില്‍ ഇടം പിടിക്കുകയും സ്ഥലം സ്വന്തമാക്കുകയും ചെയ്തതായും പരാതി ഉയര്‍ന്നിരിക്കുകയാണ്.
അര്‍ഹതപ്പെട്ട പല കുടുംബങ്ങളും ഇന്നും വാടക മുറികളിലും ഷെഡ്ഡുകളിലും താമസിക്കുമ്പോള്‍ അനര്‍ഹര്‍ പട്ടികയില്‍ കയറി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത് വരികയും ലൈഫ് ഭവന പദ്ധതിയില്‍ സ്ഥലവും വീട് അനുവദിച്ച എല്ലാ ഗുണഭോക്താക്കളുടെയും പട്ടിക പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ആവശ്യമുയര്‍ന്നിരിക്കുകയാണ്. ഇതുസംബന്ധിച്ച് വിജിലന്‍സ് അധികൃതര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.