നിര്‍ണായകമായ ധാതുഖനന കരാറിന് യുഎസും യുക്രെയ്‌നും ധാരണ

വാഷിങ്ടന്‍: റഷ്യ - യുക്രെയ്ന്‍ യുദ്ധം വേഗത്തില്‍ അവസാനിപ്പിക്കാനുള്ള നീക്കവുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നോട്ട് പോകുന്നതിനിടെ സുപ്രധാന നീക്കവുമായി അമേരിക്കയും യുക്രെയിനും. നിര്‍ണായകമായ ധാതുഖനന കരാറിന് യുഎസും യുക്രെയ്‌നും ധാരണയായി. അമേരിക്കയുടെ പിന്തുണ നേടാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കരാറിന് യുക്രെയ്ന്‍ സമ്മതിച്ചതെന്നാണ് വിവരം. ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് റോയിറ്റേഴ്‌സ് ആണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
ധാതുഖനന കരാറിലെ കരട് വ്യവസ്ഥകളില്‍ യുഎസും യുക്രെയ്നും യോജിച്ചുവെന്നാണ് റിപ്പോര്‍ട്ട്. സുരക്ഷാ ഉറപ്പുകളോ ആയുധങ്ങളുടെ തുടര്‍ച്ചയായ കൈമാറ്റമോ കരാറില്‍ ഇല്ലെന്നാണ് സൂചന. 'സ്വതന്ത്രവും പരമാധികാരവും സുരക്ഷിതവുമായ' യുക്രെയ്‌നാണ് യുഎസ് ആഗ്രഹിക്കുന്നത്. ഭാവിയിലെ ആയുധ കയറ്റുമതി സംബന്ധിച്ച് ചര്‍ച്ചകള്‍ തുടരുമെന്നും യുഎസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വളരെ വലിയ കരാറില്‍ ഒപ്പുവയ്ക്കാന്‍ യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമര്‍ സെലെന്‍സ്‌കി വെള്ളിയാഴ്ച വാഷിങ്ടനിലേക്ക് വരുമെന്ന് നേരത്തെ ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. കഴിഞ്ഞയാഴ്ച യുദ്ധത്തെ ചൊല്ലി ഇരുവരും പരസ്പരം വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഇരുരാജ്യങ്ങളും തമ്മില്‍ ധാതുഖനന കരാറിന് ധാരണയായത്.
കോടിക്കണക്കിന് ഡോളറിന്റെ സഹായത്തിന് പകരമായുള്ളതാണ് കരാര്‍ എന്ന നിലപാടിലാണ് ട്രംപ്. യുക്രെയ്‌നിലേക്ക് സമാധാന സേനയെ അയയ്ക്കാന്‍ തയാറാണെന്ന് ചില യൂറോപ്യന്‍ രാജ്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. റഷ്യ അത്തരം സമാധാന സേനയെ സ്വീകരിക്കുമെന്ന് ട്രംപ് പറഞ്ഞെങ്കിലും മോസ്‌കോ അതു നിഷേധിച്ചിരുന്നു.
യുക്രെയ്‌നിന്റെ പ്രകൃതി സമ്പത്തില്‍ 500 ബില്യന്‍ ഡോളറിന്റെ അവകാശം ചോദിച്ചിരുന്ന യുഎസ് നിലപാടില്‍ പ്രതിഷേധിച്ച് ധാതുകരാറിന്റെ മുന്‍ കരടില്‍ ഒപ്പിടാന്‍ നേരത്തെ പ്രസിഡന്റ് വൊളോഡിമര്‍ സെലെന്‍സ്‌കി വിസമ്മതിച്ചിരുന്നു. യുഎസ് പ്രഖ്യാപിച്ച സഹായത്തില്‍ നിന്ന് വളരെ കുറച്ചേ ലഭിച്ചുള്ളൂവെന്നും യുക്രെയ്നിന് ആവശ്യമായ സുരക്ഷാ ഉറപ്പുകള്‍ കരാറില്‍ ഇല്ലെന്നുമായിരുന്നു സംലന്‍സ്‌കിയുടെ വാദം. ഇപ്പോള്‍ പുതുക്കിയ കരാറിലാണ് ഇരുരാജ്യങ്ങളും ഒപ്പുവയ്ക്കുക. ധാതുക്കള്‍, ഹൈഡ്രോ കാര്‍ബണുകള്‍ എന്നിവയുടെ ഖനനത്തിനും മറ്റുമായി യുഎസും യുക്രെയ്‌നും പുനര്‍നിര്‍മാണ നിക്ഷേപ ഫണ്ട് രൂപീകരിക്കും.
യൂറോപ്യന്‍ യൂണിയന്‍ നിര്‍ണായകമെന്ന് തിരിച്ചറിഞ്ഞ 34 ധാതുക്കളില്‍ 22 എണ്ണത്തിന്റെയും നിക്ഷേപം യുക്രെയ്‌നിലുണ്ട്. അവയില്‍ വ്യാവസായിക, നിര്‍മാണ വസ്തുക്കള്‍, ഫെറോഅലോയ്, വിലയേറിയ നോണ്‍-ഫെറസ് ലോഹങ്ങള്‍, ചില അപൂര്‍വ മൂലകങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. വൈദ്യുത വാഹന ബാറ്ററികളിലെയും ആണവ റിയാക്ടറുകളിലെയും പ്രധാന ഘടകമായ ഗ്രാഫൈറ്റിന്റെ കരുതല്‍ ശേഖരവും യുക്രെയ്‌നുണ്ട്.
മൂന്ന് വര്‍ഷം മുമ്പ് ഉക്രെയ്‌നില്‍ അധിനിവേശം ആരംഭിച്ച മോസ്‌കോ, നാറ്റോ സേനയുടെ ഒരു വിന്യാസവും അംഗീകരിക്കാന്‍ തയാറായിരുന്നില്ല.