ട്രംപിന്റെ പുതിയ പ്രഖ്യാപനം:സ്റ്റീല്‍, അലുമിനിയം ഇറക്കുമതികള്‍ക്ക് തീരുവ കൂട്ടി;കാനഡയ്ക്ക് തിരിച്ചടി

വാഷിങ്ടന്‍: അധികാരം ഏറ്റെടുത്ത് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പ്രഖ്യാപനങ്ങള്‍ നടത്തി ഞെട്ടിച്ചിരിക്കുകയാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അതില്‍ ഒടുവിലത്തേതാണ് യുഎസും ചൈനയും തമ്മില്‍ വ്യാപാര യുദ്ധത്തിലേക്ക് കടക്കുന്നതിനിടെ വീണ്ടും തീരുവ വര്‍ധനവ് പ്രഖ്യാപിച്ചത്. എല്ലാ തരത്തിലുമുള്ള സ്റ്റീല്‍, അലുമിനിയം ഇറക്കുമതികള്‍ക്കും ഇത് ബാധകമാണ്. നിലവിലുള്ള ലോഹ തീരുവകള്‍ക്ക് പുറമേ 25% തീരുവ കൂടി ചുമത്തുമെന്നാണ് പ്രഖ്യാപനം.

'തിങ്കളാഴ്ച ഞങ്ങള്‍ സ്റ്റീല്‍ താരിഫുകള്‍ പ്രഖ്യാപിക്കും. അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ സ്റ്റീലിനും 25% താരിഫ് ഉണ്ടായിരിക്കും. മറ്റ് ലോഹ താരിഫുകളും വൈകാതെ പ്രഖ്യാപിക്കും. വളരെ ലളിതമായി പറഞ്ഞാല്‍, അവര്‍ നമ്മളില്‍ നിന്ന് ഉയര്‍ന്ന നിരക്ക് ഈടാക്കുകയാണെങ്കില്‍, നമ്മള്‍ അവരില്‍ നിന്നും ഉയര്‍ന്ന നിരക്ക് ഈടാക്കും' എന്നായിരുന്നു മാധ്യമപ്രവര്‍ത്തകരോട് ട്രംപ് പറഞ്ഞത്. താരിഫുകള്‍ പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു പ്രത്യേക വാര്‍ത്താ സമ്മേളനം നടത്തുന്ന വിവരവും ട്രംപ് പങ്കുവച്ചു.

നിലവില്‍ കാനഡയാണ് യുഎസിലേക്ക് ഏറ്റവും കൂടുതല്‍ സ്റ്റീല്‍, അലുമിനിയം ഇറക്കുമതി നടത്തുന്നത്. യുഎസിലേക്കുള്ള മൊത്തം സ്റ്റീല്‍ ഇറക്കുമതിയുടെ 79 ശതമാനവും കാനഡയില്‍ നിന്നാണ്. കാനഡയ്ക്ക് പുറമെ ബ്രസീല്‍, മെക്‌സിക്കോ, ദക്ഷിണ കൊറിയ, വിയറ്റ്‌നാം എന്നീ രാജ്യങ്ങളും യുഎസിലേക്ക് സ്റ്റീല്‍ ഇറക്കുമതി ചെയ്യുന്നുണ്ട്. ട്രംപിന്റെ പുതിയ നയം യുഎസ് - കാനഡ ബന്ധം കൂടുതല്‍ മോശമാക്കുമെന്ന വിലയിരുത്തലിലാണ് രാഷ്ട്രീയ നിരീക്ഷകര്‍.

Related Articles
Next Story
Share it