ട്രംപ് തുടങ്ങി: ട്രാന്‍സ്‌ജെന്‍ഡര്‍ അത്‌ലറ്റുകള്‍ വനിതാ കായിക ഇനങ്ങളില്‍ വേണ്ട
വാഷിംഗ്ടണ്‍: ട്രാന്‍സ് ജെന്‍ഡര്‍ അത് ലറ്റുകള്‍ വനിതാ കായിക ഇനങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിരോധനം ഏര്‍പ്പെടുത്തി യുഎസ്. ഇതുസംബന്ധിച്ച ഉത്തരവില്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഒപ്പുവച്ചു. വനിതാ അത് ലറ്റുകളുടെ അഭിമാനകരമായ പാരമ്പര്യത്തെ സംരക്ഷിക്കുമെന്ന് പറഞ്ഞ ട്രംപ് സ്ത്രീകളെയും പെണ്‍കുട്ടികളെയും തല്ലാനും പരുക്കേല്‍പ്പിക്കാനും വഞ്ചിക്കാനും പുരുഷന്മാരെ അനുവദിക്കില്ലെന്നും വ്യക്തമാക്കി. ഇനി മുതല്‍ വനിതാ കായിക വിനോദങ്ങള്‍ സ്ത്രീകള്‍ക്ക് മാത്രമായിരിക്കും എന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
ട്രാന്‍സ് ജെന്‍ഡര്‍ അത് ലറ്റുകള്‍ക്ക് വനിതാ ടീമുകളില്‍ മത്സരിക്കാന്‍ അനുവദിക്കുന്ന സ്‌കൂളുകള്‍ക്ക് ഫെഡറല്‍ ഫണ്ട് നിഷേധിക്കാന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് അധികാരം നല്‍കുന്ന ഉത്തരവിലാണ് പ്രസിഡന്റ് ട്രംപ് ഒപ്പുവച്ചത്. ട്രാന്‍സ് ജെന്‍ഡറുകള്‍ ഇത്തരം മത്സരങ്ങളില്‍ പങ്കെടുക്കുന്നത് സ്ത്രീകളെയും പെണ്‍കുട്ടികളെയും അപകടപ്പെടുത്തുന്നതിനും അപമാനിക്കുന്നതിനും നിശബ്ദരാക്കുന്നതിനും അവരുടെ സ്വകാര്യത നഷ്ടപ്പെടുത്തുന്നതിനും കാരണമാകുന്നുവെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.
2028ല്‍ ലോസ് ആഞ്ചലസില്‍ നടക്കുന്ന ഒളിംപിക്സില്‍ ട്രാന്‍സ് ജെന്‍ഡര്‍ അത് ലറ്റുകളുടെ നിയമങ്ങള്‍ മാറ്റാന്‍ അന്താരാഷ്ട്ര ഒളിംപിക്സ് കമ്മിറ്റിയെ പ്രേരിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു. മത്സരങ്ങളില്‍ പങ്കെടുക്കാന്‍ വനിതാ അത് ലറ്റുകളാണെന്ന് സ്വയം പരിചയപ്പെടുത്തി വഞ്ചനാപരമായി യുഎസിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്ന പുരുഷന്മാരുടെ വിസ അപേക്ഷകള്‍ നിരസിക്കാനും ട്രംപ് നിര്‍ദേശം നല്‍കി.