'എല്ലാ ബന്ദികളേയും ഉടന്‍ മോചിപ്പിക്കുക; ഇല്ലെങ്കില്‍ പൂര്‍ണമായും നശിപ്പിക്കും'; ഹമാസിന് അന്ത്യശാസനം നല്‍കി ട്രംപ്

വാഷിങ്ടണ്‍: ബന്ദികളെ വിട്ടയക്കുന്നതില്‍ ഹമാസിന് അന്ത്യശാസനം നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ബന്ദികളെ വിട്ടയച്ചില്ലെങ്കില്‍ ഹമാസിനെ പൂര്‍ണമായി നശിപ്പിക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഹമാസുമായി ചര്‍ച്ച നടത്തുമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കിയതിന് പിന്നാലെയാണ് ട്രംപിന്റെ അന്ത്യശാസനം.

ഇസ്രയേലിന് അമേരിക്ക എല്ലാ സഹായവും നല്‍കും. ഗാസയില്‍ നിന്ന് ഹമാസ് നേതൃത്വം ഒഴിഞ്ഞുപോകണം. തന്നെ അനുസരിച്ചില്ലെങ്കില്‍ ഹമാസിന്റെ ഒരു അംഗം പോലും സുരക്ഷിതമായിരിക്കില്ലെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. നിങ്ങള്‍ കൊലപ്പെടുത്തിയവര്‍ ഉണ്ടെങ്കില്‍ അവരുടെ മൃതദേഹം വിട്ടുനല്‍കണമെന്നും ട്രംപ് ഹമാസിനോട് ആവശ്യപ്പെട്ടു. സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിന്റെ മുന്നറിയിപ്പ്.

'ശാലോം ഹമാസ്' എന്നാല്‍ ഹലോ, ഗുഡ്ബൈ എന്നാണ് അര്‍ഥം. നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം. എല്ലാ ബന്ദികളെയും ഇപ്പോള്‍ വിട്ടയയ്ക്കുക. നിങ്ങള്‍ കൊലപ്പെടുത്തിയ ആളുകളുടെ എല്ലാ മൃതദേഹങ്ങളും ഉടന്‍ തിരികെ നല്‍കുക. ഇല്ലെങ്കില്‍ എല്ലാം ഇതോടെ അവസാനിച്ചു ട്രൂത്ത് സോഷ്യല്‍ പോസ്റ്റില്‍ ട്രംപ് എഴുതി.

'ജോലി പൂര്‍ത്തിയാക്കാന്‍ വേണ്ടതെല്ലാം ഞാന്‍ ഇസ്രയേലിലേക്ക് അയയ്ക്കുന്നു, ഞാന്‍ പറയുന്നതുപോലെ ചെയ്തില്ലെങ്കില്‍ ഒരു ഹമാസ് അംഗം പോലും സുരക്ഷിതനായിരിക്കില്ല. നിങ്ങള്‍ ജീവിതം നശിപ്പിച്ച ബന്ദികളെ ഞാന്‍ കണ്ടു. ഇത് നിങ്ങള്‍ക്കുള്ള അവസാന മുന്നറിയിപ്പാണ്.

ഇപ്പോള്‍ ഗാസ വിടാനുള്ള സമയമാണ്. ഇപ്പോഴും ഒരവസരം ബാക്കിയുണ്ട്. ഗാസയിലെ ജനങ്ങളോട്, നിങ്ങള്‍ക്കു മനോഹരമായ ഭാവി കാത്തിരിക്കുന്നു. പക്ഷേ നിങ്ങള്‍ ബന്ദികളെ പിടിച്ചുവയ്ക്കരുത്. അങ്ങനെ ചെയ്താല്‍, മരണമാകും ഫലം. ബുദ്ധിപൂര്‍വമായ തീരുമാനം എടുക്കുക. ഇപ്പോള്‍ തന്നെ ബന്ദികളെ വിട്ടയയ്ക്കുക, അല്ലെങ്കില്‍ നരകിക്കേണ്ടി വരും'- എന്നും ട്രംപ് വ്യക്തമാക്കി.

ട്രംപിന്റെ പ്രതിനിധി ആദം ബോഹ്ലര്‍ ദോഹയില്‍ ഹമാസ് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിനുശേഷമാണ് മുന്നറിയിപ്പ് എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഹമാസുമായി നേരിട്ട് ചര്‍ച്ചകള്‍ നടത്തുന്നതില്‍ ഇസ്രയേല്‍ നിലപാട് അറിയിച്ചിട്ടുണ്ട്. ഞായറാഴ്ച അവസാനിച്ച ആറ് ആഴ്ചത്തെ വെടിനിര്‍ത്തല്‍ നീട്ടുന്നതിനെക്കുറിച്ച് ഇസ്രയേലും ഹമാസും ആലോചിക്കുന്നതിനിടെയാണ് കൂടിക്കാഴ്ച.

ഇതുവരെ വൈറ്റ് ഹൗസ് നേരിട്ട് ഹമാസുമായി ആശയവിനിമയം നടത്തിയിരുന്നില്ല. ഹമാസിനെ അമേരിക്ക ഭീകര സംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതിനാലാണ് ഇത്. എന്നാല്‍ ഈ കീഴ്‌വഴക്കം ലംഘിച്ചാണ് വൈറ്റ് ഹൗസ് ഹമാസുമായി നേരിട്ട് ചര്‍ച്ച നടത്തുന്നത്.

Related Articles
Next Story
Share it