'ഭീകരവാദവും സായുധ സംഘര്‍ഷവും': ഇന്ത്യ-പാക് അതിര്‍ത്തിയിലും പ്രധാന പാക് മേഖലകളിലും യാത്രാവിലക്കുമായി യുഎസ്

വാഷിങ്ടണ്‍: 'ഭീകരതയും സായുധ സംഘട്ടന സാധ്യതയും' സംബന്ധിച്ച ആശങ്കകള്‍ ചൂണ്ടിക്കാട്ടി, ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തി, നിയന്ത്രണ രേഖ, ബലൂചിസ്ഥാന്‍, ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യകള്‍ എന്നിവയ്ക്ക് സമീപത്തെ യാത്രകള്‍ക്കെതിരെ മുന്നറിയിപ്പ് നല്‍കി യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്. വെള്ളിയാഴ്ചയാണ് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയത്.
സുരക്ഷാ അപകടസാധ്യതകള്‍ കാരണം ബലൂചിസ്ഥാന്‍, ഖൈബര്‍ പഖ്തൂണ്‍ഖ്വ (മുന്‍ എഫ്എടിഎ പ്രദേശങ്ങള്‍ ഉള്‍പ്പെടെ), ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തിക്കും നിയന്ത്രണ രേഖയ്ക്കും സമീപമുള്ള പ്രദേശങ്ങള്‍ എന്നിവയിലൂടെയുള്ള യാത്രകള്‍ ഒഴിവാക്കണമെന്നാണ് അമേരിക്കന്‍ പൗരന്‍മാര്‍ക്ക് നല്‍കിയ മുന്നറിയിപ്പ്.
പാകിസ്താനില്‍ അക്രമാസക്തമായ തീവ്രവാദ ഗ്രൂപ്പുകള്‍ ആക്രമണത്തിന് ലക്ഷ്യമിടുന്നതായും നിര്‍ദേശത്തില്‍ പറയുന്നു. ബലൂചിസ്താന്‍, ഖൈബര്‍ പഖ്തൂണ്‍ഖ്വ എന്നിവടങ്ങളില്‍ തീവ്രവാദ ആക്രമണങ്ങള്‍ പതിവാണ്. വലിയ ആക്രമണങ്ങളില്‍ നിരവധി പേര്‍ക്ക് നേരത്തെ ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്.
മാര്‍ക്കറ്റുകള്‍, ഷോപ്പിങ് മാളുകള്‍, സൈനിക സ്ഥാപനങ്ങള്‍, വിമാനത്താവളങ്ങള്‍, സര്‍വകലാശാലകള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍, ആരാധനാലയങ്ങള്‍ എന്നിവിടങ്ങളില്‍ ഭീകരര്‍ മുന്നറിയിപ്പില്ലാതെ ആക്രമണങ്ങള്‍ നടത്തിയേക്കാം. യുഎസ് നയതന്ത്രജ്ഞരെ മുന്‍കാലങ്ങളില്‍ ഇവര്‍ ലക്ഷ്യമിട്ടതായും മുന്നറിയിപ്പില്‍ പറയുന്നു.
അടുത്തിടെ ട്രംപ് അധികരമേറ്റതിന് പിന്നാലെ പാകിസ്താനിലെയും അഫ്ഗാനിസ്താനിലെയും പൗരന്‍മാര്‍ക്ക് യു.എസിലേക്കുള്ള യാത്രയ്ക്ക് വിലക്കിനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രാജ്യസുരക്ഷയുടെ ഭാഗമായി ട്രംപ് വിലക്കേര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്ന രാജ്യങ്ങളുടെ പട്ടിക മാര്‍ച്ച് 12-ന് ശേഷം പുറത്തുവിടുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.
നേരത്തെ അധികാരത്തിലെത്തിയപ്പോള്‍ ആറ് മുസ്‌ലിം രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് ട്രംപ് വിലക്കേര്‍പ്പെടുത്തിയിരുന്നു. പിന്നീട്, ബൈഡന്‍ അധികാരത്തിലെത്തിയപ്പോള്‍ വിലക്ക് നീക്കുകയായിരുന്നു.