യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയെ ഏകാധിപതിയെന്ന് വിശേഷിപ്പിച്ച് ട്രംപ്

മയാമി: യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയെ ഏകാധിപതിയെന്ന് വിശേഷിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. തിരഞ്ഞെടുപ്പിനെ നേരിടാതെ അധികാരത്തിലെത്തിയ ഏകാധിപതിയാണെന്നും എത്രയും പെട്ടെന്ന് മാറിയില്ലെങ്കില്‍ അദ്ദേഹത്തിന്റെ രാജ്യം അവശേഷിക്കില്ലെന്നുമാണ് സെലെന്‍സ്‌കിക്ക് സമൂഹമാധ്യമമായ ട്രൂത്തിലൂടെ ട്രംപ് മുന്നറിയിപ്പ് നല്‍കിയത്.

2019ല്‍ യുക്രെയ്‌നില്‍ അധികാരത്തിലെത്തിയ സെലെന്‍സ്‌കി കാലാവധി അവസാനിക്കുന്നതിന് മുന്‍പ് റഷ്യന്‍ സംഘര്‍ഷം തുടങ്ങിയതോടെ പട്ടാളനിയമം പ്രഖ്യാപിച്ച് ഭരണത്തില്‍ തുടരുകയായിരുന്നു.

'സെലെന്‍സ്‌കി യുക്രെയ്‌നില്‍ തിരഞ്ഞെടുപ്പ് നടത്താതെ ഭരണം തുടരുകയാണ്. ജോ ബൈഡനെ തെറ്റിദ്ധരിപ്പിക്കുന്നതില്‍ മാത്രമാണ് സെലന്‍സ്‌കി മിടുക്ക് കാണിച്ചത്. എന്നാല്‍ റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ട്രംപിന് മാത്രമേ അത് സാധിക്കൂവെന്ന് എല്ലാവരും അംഗീകരിക്കുന്നുണ്ട്.'- എന്നും ട്രംപ് കുറിച്ചു.

റഷ്യയെ പ്രതിരോധിക്കാനായി യുക്രെയ്‌ന് യുഎസ് ധനസഹായവും ആയുധങ്ങളും നല്‍കിയിരുന്നു. യൂറോപ്പിലെ സഖ്യകക്ഷികളുമായും അന്താരാഷ്ട്രസംഘടനകളുമായും ചേര്‍ന്ന് റഷ്യയെ ആഗോളതലത്തില്‍ നയതന്ത്രപരമായും സാമ്പത്തികമായും ഒറ്റപ്പെടുത്താന്‍ മുന്‍പന്തിയില്‍ നിന്നത് ബൈഡന്‍ സര്‍ക്കാരായിരുന്നു. 3 വര്‍ഷത്തിനിടെ യുക്രെയ്‌നിന് 6,700 കോടി ഡോളറിന്റെ ആയുധങ്ങളും 3,100 കോടി ഡോളര്‍ പണമായും യുഎസ് നല്‍കി. ഇതിന് പകരമായാണ് യുക്രെയ്‌നിലെ 50 ശതമാനം ധാതുവിഭവങ്ങളുടെ (സ്വര്‍ണം, വെള്ളി, പ്ലാറ്റിനം തുടങ്ങിയവ) ഉടസ്ഥാവകാശം യുഎസ് ആവശ്യപ്പെടുന്നത്. എന്നാല്‍ ട്രംപ് അധികാരത്തില്‍ വന്നശേഷം ഈ നിലപാടില്‍ മാറ്റംവരുത്തി.

യുദ്ധത്തിനുത്തരവാദി യുക്രൈനാണെന്നാണ് ട്രംപിന്റെ വാദം. സെലന്‍സ്‌കിക്ക് ജനപ്രീതിയില്ലെന്നും വെറും നാലുശതമാനം ആളുകളുടെ പിന്തുണ മാത്രമാണ് ഉള്ളതെന്നും ട്രംപ് വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെ റഷ്യ പടച്ചുവിടുന്ന വ്യാജ പ്രചാരണങ്ങളുടെ ലോകത്താണ് ട്രംപ് ജീവിക്കന്നതെന്ന് സെലന്‍സ്‌കി തിരിച്ചടിച്ചു. ഇരുനേതാക്കളും തമ്മിലുള്ള അഭിപ്രായ വ്യത്യാസം വര്‍ധിച്ചുവരുന്നതിനിടെ റഷ്യയുമായി ബന്ധം പുനഃസ്ഥാപിക്കാനുള്ള നീക്കവുമായി ട്രംപ് മുന്നോട്ട് പോവുകയാണ്.

യുദ്ധം അവസാനിപ്പിക്കാനായി ഒരുഭാഗത്ത് ട്രംപ് റഷ്യയുമായി ചര്‍ച്ചകളും തുടങ്ങി. ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുതിനും തമ്മില്‍ കഴിഞ്ഞദിവസം ഫോണില്‍ സംസാരിച്ചതോടെയാണ് നയംമാറ്റത്തിലേക്ക് ഇരുരാജ്യവും നീങ്ങിയത്. യുക്രൈന്‍ വിഷയം പരിഹരിക്കുന്നതിനൊപ്പം യു.എസ് -റഷ്യ നയതന്ത്രബന്ധം പുനഃസ്ഥാപിക്കാനും പരസ്പരം സ്ഥാനപതികളെ നിയമിക്കാനും ഇരുവരും സൗദിയില്‍വെച്ച് തീരുമാനിച്ചു.

യുദ്ധത്തിന് പോകാതെ റഷ്യയുമായി യുക്രെയ്ന്‍ ധാരണയുണ്ടാക്കണമായിരുന്നു എന്നായിരുന്നു ട്രംപിന്റെ നിലപാട്. വിജയം അവകാശപ്പെടാനാകുന്നതരത്തില്‍ യുദ്ധമവസാനിപ്പിക്കാന്‍ ട്രംപ് ധാരണയുണ്ടാക്കുമെന്ന ആശങ്ക യുക്രൈനും യൂറോപ്യന്‍ രാജ്യങ്ങള്‍ക്കുമുണ്ട്. അത് റഷ്യയെ കരുത്തരാക്കുമെന്നും ഭാവിയില്‍ യൂറോപ്പിന് ഭീഷണിയാകുമെന്നും അവര്‍ ഭയപ്പെടുന്നു.

Related Articles
Next Story
Share it