കാനഡയെ നയിക്കാന്‍ ഇനി പുതിയ പ്രധാനമന്ത്രി: മാര്‍ക്ക് കാര്‍നി

ഒട്ടാവ: പുതിയ കാനഡ പ്രധാനമന്ത്രിയായി മാര്‍ക്ക് കാര്‍നിയെ തിരഞ്ഞെടുത്തു. ലിബറല്‍ പാര്‍ട്ടി പ്രസിഡന്റ് സച്ചിത് മെഹ്റയാണ് കാര്‍നിയുടെ വിജയം പ്രഖ്യാപിച്ചത്. ജസ്റ്റിന്‍ ട്രൂഡോയുടെ പകരക്കാരനായി മാര്‍ക്ക് കാര്‍നി ഇനി കാനഡയെ നയിക്കും. ലിബറല്‍ പാര്‍ട്ടി നേതാവായും കാനഡയുടെ 24ാം പ്രധാനമന്ത്രിയായുമാണ് കാര്‍നിയെ പ്രഖ്യാപിച്ചത്.
ഒന്നരലക്ഷത്തോളം പാര്‍ട്ടി അംഗങ്ങള്‍ പങ്കെടുത്ത വോട്ടെടുപ്പില്‍ 59 കാരനായ മാര്‍ക്ക് കാര്‍നിക്ക് 86 ശതമാനത്തോളം വോട്ട് ലഭിച്ചതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. തിരഞ്ഞെടുപ്പില്‍ മുന്‍ ധനമന്ത്രി ക്രിസ്റ്റിയ ഫ്രീലാന്‍ഡിനെയാണ് കാര്‍ണി പരാജയപ്പെടുത്തിയത്. നേരത്തേ ബാങ്ക് ഓഫ് കാനഡയുടെയും ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെയും ഗവര്‍ണറായിരുന്നു.
ട്രൂഡോയുടെ പിന്‍ഗാമിയായി ലിബറല്‍ പാര്‍ട്ടി നേതാവാകാന്‍ സാധ്യതയുള്ളവരില്‍ മുന്‍പന്തിയിലായിരുന്നു കാര്‍നി. ഇക്കഴിഞ്ഞ ജനുവരിയിലാണ് ലിബറല്‍ പാര്‍ട്ടി നേതാവും പ്രധാനമന്ത്രിയുമായിരുന്ന ജസ്റ്റിന്‍ ട്രൂഡോ തന്റെ രാജി പ്രഖ്യാപിച്ചത്. ഒമ്പതുവര്‍ഷത്തിലേറെ ഭരണത്തിലിരുന്നശേഷമായിരുന്നു ട്രൂഡോ സ്ഥാനമൊഴിഞ്ഞത്. ഇതിനുപിന്നാലെയാണ് ട്രൂഡോയ്ക്ക് പകരക്കാരനെ കണ്ടെത്താന്‍ ലിബറല്‍ പാര്‍ട്ടി തിരഞ്ഞെടുപ്പ് നടത്തിയത്.
2008 മുതല്‍ 2013 വരെ ബാങ്ക് ഓഫ് കാനഡയുടെ എട്ടാമത്തെ ഗവര്‍ണറായിരുന്നു. 2011 മുതല്‍ 2018 വരെ ഫിനാന്‍ഷ്യല്‍ സ്റ്റെബിലിറ്റി ബോര്‍ഡിന്റെ ചെയര്‍മാനായിരുന്നു. 2008ലെ സാമ്പത്തികമാന്ദ്യത്തില്‍ അകപ്പെടാതെ കാനഡയെ പ്രതിരോധിച്ചു. ഇത് അദ്ദേഹത്തിന്റെ ജനപ്രീതി വര്‍ധിച്ചു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ നേരിടാന്‍ പറ്റിയ മികച്ച രാഷ്ട്രീയക്കാരനായാണ് കാര്‍നിയെ കാനഡക്കാര്‍ വിലയിരുത്തുന്നത്.
ലിബറല്‍ പാര്‍ട്ടി നേതാവായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ മാര്‍ക്ക് കാര്‍നി സാമൂഹികമാധ്യമമായ എക്സിലൂടെ എല്ലാവര്‍ക്കും നന്ദി അറിയിച്ചു. ഐക്യപ്പെടുമ്പോഴാണ് നമ്മള്‍ കൂടുതല്‍ ശക്തരാകുന്നതെന്നും നിങ്ങള്‍ക്ക് നന്ദിയെന്നുമാണ് മാര്‍ക്ക് കാര്‍നി എക്സില്‍ കുറിച്ചത്.
കാനഡ ശക്തമാണെന്ന്, പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ആദ്യ പ്രസംഗത്തില്‍ കാര്‍നി പറഞ്ഞു. 'വിശ്വസനീയ വ്യാപാര പങ്കാളികളുമായി ഉറച്ച ബന്ധത്തിനാണ് ആഗ്രഹിക്കുന്നത്. ട്രംപിന്റെ താരിഫ് ഭീഷണികളെ കണക്കിലെടുക്കുന്നില്ല.
അദ്ദേഹം വിജയിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല. സ്വതന്ത്രവും നീതിയുക്തവുമായ വ്യാപാരത്തിന് കാനഡയുമായി യുഎസ് കൈകോര്‍ക്കണം. അതുവരെ തിരിച്ചടികള്‍ തുടരും. കാനഡയുടെ വിഭവങ്ങളും ഭൂമിയും രാജ്യവും അമേരിക്കക്കാര്‍ ആഗ്രഹിക്കുന്നു. ഇത് കാനഡക്കാരുടെ ജീവിതരീതിയെ നശിപ്പിക്കും' - എന്നും കാര്‍നി പറഞ്ഞു.
Thank you.
— Mark Carney (@MarkJCarney) March 9, 2025
We're strongest when we are united. pic.twitter.com/H9RPrJNf4Y