പാക്കിസ്ഥാനിലെ സൈനിക താവളത്തിലുണ്ടായ ഭീകരാക്രമണത്തില്‍ 12 പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരുക്ക്

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ സൈനിക താവളത്തിലുണ്ടായ ഭീകരാക്രമണത്തില്‍ 12 പേര്‍ മരിച്ചു. 35 പേര്‍ക്ക് പരുക്കേറ്റു. മരിച്ചവരില്‍ 7 കുട്ടികളും, 6 സാധാരണക്കാരും ഉള്‍പ്പെടുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ഇഫ്താര്‍ വിരുന്നിന് തൊട്ടുപിന്നാലെയാണ് ബന്നു കന്റോണ്‍മെന്റില്‍ ആക്രമണമുണ്ടായത്. ചൊവ്വാഴ്ച രാത്രി ബോംബുകള്‍ ഒളിപ്പിച്ച കാറുമായി 2 ചാവേറുകള്‍ സൈനിക താവളത്തിലേക്ക് ഇടിച്ചുകയറുകയും പൊട്ടിത്തെറിക്കുകയും ആയിരുന്നു എന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സൈനിക താവളത്തിലെ മതില്‍ തകര്‍ന്നതിന് പിന്നാലെ മറ്റു ഭീകരര്‍ അകത്തേക്ക് ഇരച്ചുകയറിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

പാക്ക് താലിബാനുമായി ബന്ധമുള്ള ജയ്ഷ് അല്‍ഫുര്‍സാന്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. പ്രത്യാക്രമണത്തില്‍ 6 ഭീകരരെ വധിച്ചതായി പൊലീസ് അറിയിച്ചു. ആക്രമണത്തിന് പിന്നാലെ ആകാശത്തേക്ക് കട്ടിയുള്ള പുക ഉയരുന്ന വിഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പശ്ചാത്തലത്തില്‍ വെടിയൊച്ചകളും കേള്‍ക്കാം.

ഒരേസമയം 2 ചാവേര്‍ കാര്‍ ബോംബുകള്‍ ഉപയോഗിച്ചതായും 6 ഭീകരര്‍ ഉള്‍പ്പെട്ട ഏകോപിത ആക്രമണമാണെന്നും സേനാ വൃത്തങ്ങള്‍ പറഞ്ഞു. പാകിസ്താനില്‍ നിരന്തരം ഭീകരാക്രമണങ്ങള്‍ നടക്കുന്ന പ്രദേശങ്ങളിലൊന്നാണ് ബന്നു. ജൂലായിലും ഒരു സൈനികത്താവളത്തിന് നേരെ ആക്രമണമുണ്ടായി.

ഫെബ്രുവരി 28ന്, ഇതേ പ്രവിശ്യയില്‍ വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കിടെ ചാവേര്‍ ബോംബ് സ്‌ഫോടനമുണ്ടായിരുന്നു. സംഭവത്തില്‍ താലിബാന്‍ അനുകൂല പുരോഹിതന്‍ ഹമീദുല്‍ ഹഖ് ഹഖാനിയും നാല് അനുയായികളും കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Related Articles
Next Story
Share it