ആശുപത്രികള്‍ക്ക് നേരെയുള്ള ഇസ്രായേല്‍ ആക്രമണം തുടരുന്നു; ലെബനനില്‍ 6 ആരോഗ്യ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു
ലെബനനില്‍ ഇതുവരെ രോഗികളും ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടെ 226 പേര്‍ കൊല്ലപ്പെട്ടെന്ന് ലോകാരോഗ്യ സംഘടന
ലെബനനില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ആറ് ആരോഗ്യ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയും ആരോഗ്യ സംവിധാനങ്ങള്‍ക്ക് നേരെയും ഇസ്രായേല്‍ നടത്തുന്ന തുടര്‍ച്ചയായ ആക്രമണത്തില്‍ ലെബനന്‍ ആരോഗ്യ മന്ത്രാലയം അപലപിച്ചു. ഏറ്റവും ഒടുവില്‍ നടന്ന ആക്രമണത്തില്‍ ആശുപത്രി ഡയറക്ടറുള്‍പ്പെടെ ആറ് പേരാണ് കൊല്ലപ്പെട്ടത്. ഗാസയിലെ കമാല്‍ അദ്വാന്‍ ആശുപത്രിയിലേക്ക് ഇസ്രായേല്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ നാല് മെഡിക്കല്‍ ജീവനക്കാര്‍ക്കും രണ്ട് രോഗികള്‍ക്കും പരിക്കേറ്റിരുന്നു. ഇതിനു പിന്നാലെ, ആശുപത്രിക്ക് നേരെ നടത്തുന്ന ഡ്രോണ്‍ ആക്രമണം അടിയന്തിരമായി അവസാനിപ്പിക്കാന്‍ ലോകാരോഗ്യ സംഘടന ഇസ്രായേലിനോട് ആഹ്വാനം ചെയ്തു.
ഇസ്രായേല്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ തകര്‍ന്ന ഗാസയിലെ കമാല്‍ അദ്വാന്‍ ആശുപത്രി
ലെബനനില്‍ 2023 ഒക്ടോബര്‍ മുതല്‍ ആരംഭിച്ച ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഇതുവരെ രോഗികളും ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടെ 226 പേര്‍ കൊല്ലപ്പെട്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന മനുഷ്യ കൂട്ടക്കുരുതിയില്‍ 44,056 പലസ്തീനികള്‍ കൊല്ലപ്പെട്ടു. 2023 ഒക്ടോബര്‍ 7 മുതല്‍ ഇതുവരെ 1,04286 പേര്‍ക്ക് പരിക്കേറ്റു. ഇസ്രായേലില്‍ ഹമാസ് ആക്രമണത്തില്‍ 1139 പേരും കൊല്ലപ്പെട്ടു. ഗാസയില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചതു മുതല്‍ ലൈബനനില്‍ 3645 പേര്‍ കൊല്ലപ്പെട്ടു. 15,355 പേര്‍ക്ക് പരിക്കേറ്റു.