''എത്രയും നേരത്തെ സിറിയ വിടുക'' സിറിയയിലെ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യ

ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സിറിയയില്‍ വിമത വിഭാഗം ആക്രമണം ശക്തമാക്കിയതോടെ സിറിയയിലെ ഇന്ത്യന്‍ പൗരന്‍മാരോട് എത്രയും പെട്ടെന്ന് രാജ്യം വിടണമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.സിറിയയിലെ രണ്ടാമത്തെ വലിയ നഗരമായ അലപ്പോ പിടിച്ചെടുത്ത് മൂന്നാമത്തെ വലിയ നഗരമായ ഹോംസില്‍ സൈനിക പ്രതിപക്ഷ കമാന്‍ഡ് പ്രവേശിച്ചതോടെയാണ് ഇന്ത്യാ ഗവണ്‍മെന്റ് വെള്ളിയാഴ്ച രാത്രി കര്‍ശന മുന്നറിയിപ്പുമായി രംഗത്ത് വന്നത്. സിറിയയിലെ സ്ഥിതിഗതികള്‍ കണക്കിലെടുത്ത്, കൂടുതല്‍ അറിയിപ്പ് ഉണ്ടാകുന്നതുവരെ സിറിയയിലേക്കുള്ള എല്ലാ യാത്രകളും ഒഴിവാക്കണമെന്ന് ഇന്ത്യന്‍ പൗരന്മാരോട് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നിലവില്‍ സിറിയയിലുള്ള ഇന്ത്യക്കാര്‍ ഡമാസ്‌കസിലെ ഇന്ത്യന്‍ എംബസിയുടെ എമര്‍ജന്‍സി ഹെല്‍പ്പ്ലൈന്‍ നമ്പറായ +963 993385973 (വാട്സ്ആപ്പ്), ഇമെയില്‍ ഐഡി ([email protected] ) യിലും ബന്ധപ്പെടണമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. കഴിയുമെങ്കില്‍ എത്രയും പെട്ടെന്ന് വിമാനങ്ങളില്‍ നാട്ടിലേക്ക് പുറപ്പെടണം. സിറിയയില്‍ തന്നെ തുടരുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും മറ്റിടങ്ങളിലേക്ക് സഞ്ചരിക്കരുതെന്നും മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.

സിറിയയിലെ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സിറിയയുടെ വടക്കന്‍ മേഖലയിലുള്ള ആക്രമണം നിരീക്ഷിച്ചുവരികയാണ്. വിവിധ യുഎന്‍ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന 14 പേര്‍ ഉള്‍പ്പെടെ 90 ഓളം ഇന്ത്യന്‍ പൗരന്മാര്‍ സിറിയയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it